നമുക്ക് ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ആന്തരികവും ബാഹ്യവുമായ മറ്റെല്ലാ ശരീരാവയവങ്ങളും ഉണ്ട്. അവക്കെല്ലാം വിവിധ പ്രവൃത്തികള്‍ നിര്‍വഹിക്കാനുണ്ടെങ്കിലും അവയെല്ലാം ജീവികളെ സന്തുഷ്ടരാക്കി നിര്‍ത്താനുള്ള മുഖ്യ പ്രവര്‍ത്തനവുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സന്തുഷ്ടമാക്കപ്പെട്ട ജീവി അതിന്റെ ഘടകങ്ങളില്‍ നിന്ന് ഭിന്നമല്ല. അവ വളരെ പണിപ്പെട്ടാണ് അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ആ സ്ഥിതിക്ക് കര്‍ത്താവും അനുഭോക്താവും രണ്ടല്ല, ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം.
നമുക്ക് ചുറ്റുമുള്ള ലോകത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ ബഹുമുഖമായ ഈപ്രപഞ്ചത്തിന്റെ സൗന്ദര്യത്തിലും പ്രഭാപൂരത്തിലും നാം ആശ്ചര്യപ്പെട്ടുപോകും. അനന്തമായ നീലാകാശവും അത്യഗാധമായ സമുദ്രങ്ങളും ഇരുട്ടുമൂടി വഴി കാണാന്‍ പറ്റാത്ത വനങ്ങളും നമ്മുടെ ആര്‍ത്തിപൂണ്ട കണ്ണുകളെ ആകര്‍ഷിക്കുന്നു. രൂപങ്ങളെയും നിറങ്ങളെയും കാണുന്നത് കണ്ണല്ല, പക്ഷെ, ആവശ്യാനുസാരം തിരിച്ചറിയാനും തിരഞ്ഞെടുക്കാനും പ്രയോഗിക്കാനും ഉള്ള അദ്ഭുതകരമായ യാന്ത്രിശക്തികൊണ്ട് അനുഗൃഹീതമായ ബുദ്ധിയാണ് കാണുക എന്ന ക്രിയ സാധ്യമാക്കുന്നത്. നോക്കുന്നതിനെ കാണുന്നതിന് നിര്‍ണായകമായ ഘടകം, പക്ഷെ ബുദ്ധിയല്ല, ബുദ്ധിയുടെ പിന്നില്‍ ഒരു ദ്രഷ്ടാവുണ്ട്, അതാണ് ആത്മാവ്, അത് ബുദ്ധിയില്‍ ഇരിക്കുന്നു, എങ്കിലും ബുദ്ധിയുടേതല്ല. അതാണ് കാണുക എന്ന ക്രിയയ്‌ക്ക് സഹായകം.
ശ്രോത്രത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. ശബ്ദങ്ങളുടെ ലോകം നമ്മിലേക്ക് പ്രകമ്പനമായി വരുന്നു. കുട്ടികളുടെ പൊട്ടിച്ചിരി, സ്‌നേഹവചനങ്ങള്‍, ഇടിമുഴക്കം എന്നിവ നമ്മുടെ ഹൃദയത്തെ ത്രസിപ്പിക്കുന്നു. സംഗീതത്തിലെ വിവിധ രാഗങ്ങളുടെ പ്രവാഹം മടുപ്പിക്കുന്ന ലോകവ്യവഹാരങ്ങളില്‍നിന്ന് നമ്മെ ഹൃദയാന്തരാളത്തിലേക്ക് വഹിച്ചുകൊണ്ടുപോകുവാന്‍ പര്യാപ്തമാണ്. വാസ്തവത്തില്‍ ശ്രോത്രമല്ല കേള്‍ക്കുന്നത്. ബാഹ്യമായി കാണുന്ന ശ്രോത്രാവയവം ശബ്ദതരംഗങ്ങളെ ശേഖരിച്ച് ബുദ്ധിയിലുള്ള ശ്രവണശേഷിക്ക് എത്തിച്ചുകൊടുക്കുന്നു. പിന്നെ ബുദ്ധിയാണ് ശ്രദ്ധിക്കുന്നതും മറഞ്ഞിരിക്കുന്ന അന്തര്യാമിയെ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതും. പറയുന്നു: ‘കണ്ണില്‍ സ്ഥിതിചെയ്യുന്നതും പക്ഷെ കണ്ണില്‍നിന്ന് മറഞ്ഞിരിക്കുന്നതുമായ ആ അന്തര്യാമിയുടെ ശരീരമാണ് കണ്ണ്, പക്ഷെ കണ്ണ് അവനെ അറിയുന്നില്ല, അതുപോലെതന്നെ അവന്റെ ശരീരമാണ് ശ്രോത്രം, പക്ഷെ ശ്രോത്രം അവനെ അറിയുന്നില്ല; അവന്‍ കാഴ്ചയേയും കേള്‍വിയെയും നിശ്ചയമായും എല്ലാ അനുഭൂതികളെയും ഭരിക്കുന്ന ബോധമാണ്.’
തന്റെ വാചാലമായ പ്രഭാഷണത്തില്‍ ആ മഹര്‍ഷി, കാണുക, കേള്‍ക്കുക, മണക്കുക, രുചിക്കുക, സ്പര്‍ശിക്കുക, സംസാരിക്കുക എന്നീ എല്ലാ തരത്തിലുമുള്ള ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളുടെയും അനുഭൂതികളെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചശേഷം എല്ലാ ഇന്ദ്രിയങ്ങളുടെയും സംഗമസ്ഥാനമായ മനസ്സിലേക്ക് തിരിയുന്നു. ജാഗ്രത്-സ്വപ്‌ന-സുഷുപ്തികളെന്ന മൂന്നുവിധം ബോധതലങ്ങളിലും അത് പ്രവര്‍ത്തിക്കുന്നു. അതിലേക്ക് കൊടുക്കുന്ന ഭാരിച്ച അനുഭവത്തിന്റെ ദത്തങ്ങള്‍ വിവിധപ്രവര്‍ത്തനവഴികളില്‍ ആസൂത്രണം ചെയ്യപ്പെടുന്നത് മനസ്സുകൊണ്ടല്ല, പക്ഷെ, മനസ്സിനറിയാത് ‘അന്തര്യാമി’കൊണ്ടാണ്.
















