ഒരു മനുഷ്യന്റെ ആയുഷ്കാലം 120 വര്‍ഷമാണെന്നാണ് സങ്കല്പം. രാശികളുടെ അടിസ്ഥാനത്തിലാണ് ജ്യോത്സ്യന്മാര് ആയുസ്സ് കണക്കാക്കുന്നത്. സമ്പൂര്‍ണ്ണ ജാതക ഗണിതം എന്ന ഗ്രന്ഥത്തില്‍ ഡോ. പി.എസ്സ്. നായര്‍ രേഖപ്പെടുത്തിയ പ്രകാരം ഓരോ രാശിയുടേയും ആയുസ്സ് താഴെ കൊടുക്കുന്നു.
ആദിത്യന് (6) ചന്ദ്രന് (10) കുജന് (7) രാഹു (18) ബൃഹസ്പദി (16) ശനി (19) ബുധന്‍ (12) കേതു (7) ശുക്രന് (20) ആകെ 120. അതിന്റെ മുക്കാല്‍ ഭാഗമാണ് തൊണ്ണൂറ് വയസ്സ്. കേരളത്തിന്റെ താത്വികാചാര്യനും ചിന്തകനും എഴുത്തുകാരനും സംഘാടകനുമായ പരമേശ്വര്‍ജിക്കു 90 തികഞ്ഞു എന്നതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ കഴിഞ്ഞ കാലത്ത് അദ്ദേഹം വിവിധ മേഖലകളില്‍ പ്രകടമാക്കിയ അസാധാരണമായ കര്‍മ്മശേഷിയും ബൗദ്ധിക സംഭാവനകളും വിലയിരുത്തുമ്പോള്‍ ഇനിയൊരു മുപ്പതുവര്ഷംകൂടി ലഭിച്ചാല്‍ കേരളത്തിനതൊരു നേട്ടമായിരിക്കും എന്നു കരുതാന്‍ നമുക്കവകാശമുണ്ട്.
21 വര്‍ഷം ഞാനദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. അദ്ദേഹം ജനസംഘത്തിന്റെ സംസ്ഥാന സംഘടനാകാര്യദര്‍ശിയായ ശേഷം ആദ്യമായി എന്നോടാണ് ഒരു പൂര്‍ണ്ണ സമയപ്രവര്‍ത്തകനാകാന്‍ ആവശ്യപ്പെട്ടത്. ഞാനതു അനുസരിക്കയും ചെയ്തു. എന്നെക്കാള്‍ പ്രായവും പഠിപ്പും അറിവും ശേഷിയുമുണ്ടെങ്കിലും എന്നോടുള്ള പെരുമാറ്റം എപ്പോഴും ഒരു സമശീര്ഷനോടെന്നപോലെയായിരുന്നു. എന്റെ കുറവുകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചു തിരുത്തുമായിരുന്നെങ്കിലും സ്നേഹോഷ്മളമായ സമീപനത്തിലൂടെയായിരുന്നു അത്തരം തിരുത്തലുകള്‍.
ഹൈന്ദവ സംസ്കൃതിയോടുള്ള അദമ്യമായ അഭിനിവേശം, രാഷ്ട്രീയസ്വയംസേവകസംഘത്തോടുള്ള ആഭിമുഖ്യത്തിലേക്കും ക്രമേണ തന്റെ വ്യക്തിത്വം സംഘത്തിന്റെ അഭിന്നഭാഗമായിത്തീരുന്നതിലേക്കും നയിച്ചു. രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശം സംഘപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. ചരിത്രപ്രധാനമായ പല സമരങ്ങളും സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു. പിന്നീട് 1977 നുശേഷം അദ്ദേഹം ദല്‍ഹിയില്‍ ദീനദയാല്‍ ഉപാദ്ധ്യായ റിസര്‍ച്ച് സെന്ററിലേക്കുപോയി. അതോടെ ഞങ്ങളുടെ പ്രവര്‍ത്തനം നേരിട്ടുബന്ധമില്ലാത്ത രണ്ടു വഴികളിലായി. എങ്കിലും ഇടയ്ക്കിടയ്ക്കു കാണാറുണ്ട്. ആശയവിനിമയം നടത്താറുണ്ട്. വളരെ പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ എപ്പോഴും ലഭിച്ചിരുന്നു. ഗുരു, ആചാര്യന്, ശുഭകാംക്ഷി എന്നീ നിലകളില്‍ ഇന്നും ഞാനദ്ദേഹത്തെ ആദരിക്കുന്നു. ഇടയ്ക്കിടക്കു കാണണമെന്ന അദമ്യമായ അഭിലാഷം അദ്ദേഹം എവിടെയുണ്ടോ അവിടെ എത്തി നേരില്‍ കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
ഞങ്ങള്‍ ഒരുമിച്ചുള്ള യാത്രകളും അനുഭവങ്ങളും വളരെയുണ്ട്. അത് ഈ കുറിപ്പില്‍ ഒതുക്കാവുന്നതല്ല. നവതി ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രണാമമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: