ബുദ്ധശക്തിയാണ് മനുഷ്യന്റെ ഏറ്റവും ഉല്‍കൃഷ്ടവും ജന്മസിദ്ധവുമായ ശക്തി. അതാണ് മനുഷ്യനെ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തനാക്കുന്നത്. അതിനെയും നിയന്ത്രിക്കുന്നത് അന്തര്യാമിയാണ്, പക്ഷെ ബുദ്ധി അതിനെ അറിയുന്നില്ല. ആ അന്തര്യാമിയാണ് ‘ഞാന്‍’ അഥവാ ഉപനിഷത്തുക്കള്‍ ഉദ്‌ഘോഷിക്കുന്ന ‘ആത്മാവ്.’ അത് ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളില്‍ ഓരോന്നിന്റെയും ഉള്ളിലുണ്ട്. പ്രപഞ്ച സൃഷ്ടിയുടെ ഉപാധികളായ അവയാണ് ഏതൊന്നിനെയും പ്രവര്‍ത്തനക്ഷമമാക്കുന്നതും, പക്ഷെ പ്രപഞ്ചത്താല്‍ ബാധിക്കപ്പെടാത്തതും.
മനുഷ്യന്റെ വ്യക്തിത്വത്തിലെ കേന്ദ്രബിന്ദുവായ ഈ ‘ഞാന്‍’ തന്നെയാണ് പഞ്ചഭൂതാത്മകമായ ഈ ഭൂലോകത്തിന്റെയും കേന്ദ്രബിന്ദു. പ്രപഞ്ചത്തിലെ ഈ ഓരോ ഭൂതത്തിനും അതിന്റേതായ സ്വഭാവവും കര്‍ത്തവ്യങ്ങളുമുണ്ട്. പല പ്രതിഭാസങ്ങളുടെയും ലോകത്ത് കണ്ണഞ്ചിപ്പിക്കുന്ന നാനാവിധത്തിലുള്ള രൂപങ്ങള്‍ ഉണ്ടാകുന്നത് ഈ പഞ്ചഭൂതങ്ങളുടെ സംയോജനത്തിന്റെയും പുനഃസംയോജനത്തിന്റെയും ഫലമായിട്ടാണ്. അദൃശ്യവും അശ്രുതവും സര്‍വജ്ഞവും സര്‍വവ്യാപ്തവും ആയ ഈ അന്തര്യാമിയാണ് ഓരോ രൂപത്തെയും അതിലെ അംശങ്ങളെയും നിയന്ത്രിക്കുന്നത് എന്ന കാര്യം യാജ്ഞവല്‍ക്യന്‍ സ്ഫുടമായും കാവ്യാത്മകമായും വിവരിക്കുന്നു.
ഏതൊന്നിന്റെ ശരീരം ഇരുട്ടായിട്ടും ഈ ഇരുട്ട് അതിനെ അറിയുന്നില്ലയോ ഏതൊന്നിന്റെ ശരീരം ജ്യോതിസ്സായിട്ടും ആ ജ്യോതിസ്സ് അതിനെ അറിയുന്നില്ലയോ, അതേ ചൈതന്യ വസ്തുവാണ് നമ്മിലൊക്കെയും വസിക്കുന്നതും നമ്മുടെയെല്ലാം സത്തയായിരിക്കുന്നതും; പക്ഷേ നമ്മുടെ മര്‍ത്യസഹജമായ അറിവില്‍നിന്ന് മറഞ്ഞിരിക്കുന്നതും. എല്ലായിടത്തും ലയിച്ചും വ്യാപിച്ചും ഇരിക്കുന്ന അത് ഏകമായ സദ്വസ്തുവായി ശേഷിക്കുന്നു, പ്രപഞ്ചത്തിലെ യാതൊന്നും തന്നെ അതില്‍നിന്ന് അന്യമല്ല.
അങ്ങനെ എല്ലാ വസ്തുക്കളിലൂടെയും ഒരു ചരടില്‍ കോര്‍ത്ത മാല പോലെ ആ അന്തര്യാമി, ഭൗതികവും ആത്മീയവുമായവയെ എല്ലാം ഒരേ ശരീരത്തിന്റെ അംഗങ്ങളെപ്പോലെ പരസ്പരം കോര്‍ത്തിണക്കുന്നു.
ഉദ്ദാലകനും മുഴുവന്‍ പണ്ഡിതസദസ്സും യാജ്ഞവല്‍ക്യന്റെ പ്രബുദ്ധമായ പ്രഭാഷണം ശ്രദ്ധിച്ചു കേട്ടശേഷം അദ്ദേഹത്തിന്റെ ജ്ഞാനം സമാനമനങ്ങളില്ലാത്തതാണെന്ന് അവര്‍ക്കെല്ലാം ബോധ്യപ്പെട്ടു. അവര്‍ അദ്ദേഹത്തെ അഭിനന്ദിക്കുയും സംവാദത്തില്‍ വിജയിയായതിനുള്ള സമ്മാനം വാസസ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
ജനകന്റെ വിദ്വത്‌സഭയില്‍ യാജ്ഞവല്‍ക്യന്‍ ഉദ്‌ഘോഷിച്ചത് പ്രബോധനങ്ങളില്‍ ഏറ്റവും മഹത്തായ ഒന്നാണ്.
എല്ലാ വസ്തുക്കളും ക്ഷണികയും നശ്വരവുമാണ്, പക്ഷെ ഓരോ വസ്തുവിലും പ്രകടമാകുന്ന സത്ത അനശ്വരവും സനാതനവുമാണ്. അതാണ് നമ്മുടെയും മറ്റെല്ലാത്തിന്റെയും ഉണ്മയുടെ പരമപ്രധാനമായ തത്ത്വം. അതിനെയാണ് ഉപനിഷത്തുകള്‍ ‘ബ്രഹ്മമെന്ന്’ വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇക്കാണുന്നതെല്ലാം ബ്രഹ്മം തന്നെ. സ്വാമി വിവേകാനന്ദനും ഇതുതന്നെയാണ് പറഞ്ഞത്. ഈ ആത്മാവ് എല്ലാമെല്ലാമാണ്, മറ്റൊന്നും തന്നെ നിലനില്‍ക്കുന്നില്ല.
സ്വാമിജി പറയുന്നു ‘ഞാന്‍ പ്രേമത്തെ, പ്രേമത്തെ മാത്രമാണ് ഉദ്‌ബോധിപ്പിക്കുന്നത്. എന്റെ പ്രബോധനങ്ങള്‍ ഈ പ്രപഞ്ചാത്മാവിന്റെ ഏകത്വവും സര്‍വവ്യാപിത്വവും എന്ന മഹത്തായ വേദാന്തസത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: