കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു.കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചീമേനി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ 652 രോഗികളെയും രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്കൂളില്‍ 666 രോഗികളെയും പെര്‍ഡാല ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ 885 രോഗികളെയും ബോവിക്കാനം സിഎആര്എം സ്കൂളില്‍ 905 രോഗികളെയും പെരിയ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ 1358 രോഗികളെയും പരിശോധിക്കും. നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ തയ്യാറാക്കിയ പട്ടിക ഉല്‍പ്പെടെ 4466 രോഗികളെയാണ് 45 വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം പരിശോധിക്കുക.
മാര്‍ച്ച് ആദ്യവാരത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മെഡിക്കല്‍ ക്യാമ്പ് വിദ്യാലയങ്ങളില്‍ പരീക്ഷ,നടക്കുന്നതിനാലാണ് ഏപ്രിലിലേക്ക് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. രണ്ട് മാസത്തിലൊരിക്കല്‍ സെല്‍ യോഗം ചേരുമെന്നും തീരുമാനങ്ങള്‍ സമയബന്ധിതമാക്കുമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. പട്ടികയിലുള്‍പ്പെടാത്ത പുതിയ രോഗികളെ ക്യാമ്പില്‍ പരിശോധിക്കുകയില്ല. അടിയന്തിര ചികിത്സ ആവശ്യമുള്ള ദുരിതബാധിതരെ പ്രത്യേകം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: