വിഴിഞ്ഞം: മദ്യലഹരിയില്‍ കടലിലേക്ക് എടുത്തുചാടിയ അംഗ പരിമിതനും രക്ഷപ്പെടുത്താന്‍ കൂടെ ചാടിയ മൂന്ന് മത്സ്യത്തൊഴിലാളികളും തിരയില്‍ പെട്ടത് ഏറെ ആശങ്ക പരത്തി. ഏറെ ശ്രമപ്പെട്ട് വെള്ളം കുടിച്ച് അവശരായ നാലുപേരെയും തീരദേശ പോലീസ് രക്ഷപ്പെടുത്തി.
മുട്ടത്തറ പൂന്തുറ സ്വദേശി ജറോമിന്റെ മകന്‍ ജറാള്‍ഡ് (34) ആണ് കടലില്‍ ചാടിയത്. ശക്തമായ തിരയടിയില്‍പ്പെട്ട ഇയാളെ രക്ഷിക്കാന്‍ അയല്‍വാസികളും മത്സ്യത്തൊഴിലാളികളുമായ വിക്ടര്‍ (57), ജോസഫ്(29), ശാരോണ്‍ (24) എന്നിവര്‍ കടലിലേക്ക് ചാടുകയായിരുന്നു. ആര്‍ത്തലച്ച തിരമാലകളില്‍ പെട്ട് നീന്തിയലഞ്ഞ നാലുപേര്‍ക്കും കരയിലേക്ക് കയറാന്‍ പറ്റാതെയായി. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായതോടെ നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. കോവളം ലൈറ്റ് ഹൗസ് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന രക്ഷാബോട്ടിലെ അഡി. എസ്‌ഐമാരായ ജയകുമാര്‍, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. ശക്തമായ കടല്‍ക്ഷോഭം പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാര്യമാക്കാതെയുള്ള തീരദേശ പോലീസിന്റെ ദൗത്യം ഒടുവില്‍ ഫലം കണ്ടു. നീന്തിത്തളര്‍ന്ന് കടലില്‍ താഴാന്‍ തുടങ്ങിയ നാലുപേരെയും ഏറെ സാഹസപ്പെട്ട് ബോട്ടില്‍ കയറ്റി വിഴിഞ്ഞം തീരദേശസ്റ്റേഷനില്‍ എത്തിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നാലുപേരും പോലീസുകാര്‍ക്ക് നന്ദിയറിയിച്ച് രാത്രിയോടെ വീട്ടിലേക്ക് മടങ്ങി.
















