വിഴിഞ്ഞം: രാജ്യാന്തര തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട ബര്‍ത്ത് പൈലിംഗ് വൈകാന്‍ സാധ്യത. പരീക്ഷണ പൈലിംഗിനെ തുടര്‍ന്ന് സമീപത്തെ വീടുകള്‍ക്ക് വിള്ളലുണ്ടായെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൈലിംഗ് ഇത് നിര്‍ത്തി വച്ചു.
ഈ മാസം ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബര്‍ത്ത് പൈലിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇതിന് രണ്ടുദിവസം മുമ്പാണ് പരീക്ഷണ പൈലിംഗ് ആരംഭിച്ചത്. ഇതോടെ ചില നാട്ടുകാര്‍ ഇടവകയുടെ നേതൃത്വത്തില്‍ പരാതിയുമായി എത്തി. ജെട്ടി നിര്‍മാണഉദ്ഘാടനത്തിന്റെ തലേ ദിവസം നടത്തിയ പരീക്ഷണ പൈലിംഗ് കാരണം വീടുകള്‍ക്ക് കേടുപാടുകളുണ്ടായെന്ന പേരിലാണ് ഒരുസംഘം പ്രതിഷേധവുമായി എത്തിയത്. ആളുകള്‍ രാത്രിയില്‍ കൂട്ടമായെത്തി പൈലിംഗ് തടയുകയായിരുന്നു. അപ്പോള്‍ നിര്‍ത്തിവച്ച യന്തം ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കൈതൊട്ടപ്പോള്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് നിശബ്ദമാകുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് വിസിലിന്റെയും കൊച്ചിയില്‍ നിന്നുള്ള സ്വതന്ത്ര ഏജന്‍സിയുടെയും എന്‍ജിനീയര്‍മാര്‍ നേരിട്ടെത്തി പരിശോധന നടത്തി. വീടുകളുടെ കാലപ്പഴക്കം കാരണം സ്വഭാവികമായി ഉണ്ടായ വിള്ളലുകളാണ് ഉണ്ടയതെന്നാണ് സമിതികണ്ടെത്തിയതെന്ന് പറയപ്പെടുന്നു. വിദഗ്‌ദ്ധസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടേ പൈലിംഗ് തുടങ്ങാന്‍ കഴിയൂ എന്നാണ് അറിയുന്നത്.
തുറമുഖത്തിന്റെ പ്രധാനഭാഗമായ ജെട്ടി നിര്‍മാണം മുഖ്യമന്ത്രി നേരിട്ടെത്തി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തശേഷമാണ് ജനവികാരം എന്ന പേരില്‍ പൈലിംഗ് നിര്‍ത്തിവച്ചത്. എന്ത് പ്രതിബന്ധങ്ങള്‍ ഉണ്ടായാലും സ്വപ്‌നപദ്ധതി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. അന്നു തന്നെ വി എസ് ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രിസഭായോഗം പദ്ധതിയിലെ അഴിമതി പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. സര്‍ക്കാരും ഇടതുമുന്നണിയും പരസ്യമായി തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുകയും രഹസ്യമായി ജനങ്ങളെ ഇളക്കി വിട്ട് തടസ്സപ്പെടുത്താനുളള തന്ത്രങ്ങളൊരുക്കുകയാണെന്നും പരാതിയുണ്ട്.
















