കാട്ടാക്കട: ആദ്യമായി ശബരി തന്നെ ഫോണില്‍ വിളിച്ചത് കോട്ടൂരിലെ ആദിവാസി ഊരില്‍ പടര്‍ന്നു പിടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പറയാനായിരുന്നെന്ന് സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ഒരു എംഎല്‍എ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ സബ് കളക്ടറായി ചുമതലയേറ്റ ആളിനോട് ചൂണ്ടിക്കാണിക്കുന്നത് തികച്ചും ഔദ്യോഗികമായ വര്‍ത്തമാനം. ആ വര്‍ത്തമാനം പിന്നീട് പ്രണയമായി, ഒന്നിക്കാന്‍ തീരുമാനിച്ചു. തങ്ങളുടെ പ്രണയത്തിന് നിമിത്തമായത് പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിക്കുന്ന നിങ്ങളാണ്. സബ് കളക്ടര്‍ വനവാസികള്‍ക്ക് മുന്നില്‍ ഇത് വെളിപ്പെടുത്തുമ്പോള്‍ പ്രതിശ്രുത വരന്‍ കെ.എസ്. ശമ്പരീനാഥന്‍ എംഎല്‍എ യും ഒപ്പമുണ്ടായിരുന്നു.
കോട്ടൂര്‍ വാലിപ്പാറയില്‍ ആദിവാസികളുടെ സാംസ്‌കാരിക സംഘടനയായ ‘ഉറവ’ സംഘടിപ്പിച്ച പഠനത്തിനൊരു കൈത്താങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ദിവ്യയും ശബരിയും. ഇത് തങ്ങളുടെ സ്വകാര്യതയായി സൂക്ഷിക്കാന്‍ ആഗ്രഹിച്ചതാണ്. ഇവിടെ ഒരുമിച്ച് വരുന്നത് വിവാഹശേഷം മതിയെന്നും മനസിലുറപ്പിച്ചിരുന്നു. പക്ഷേ നിങ്ങളുടെ നിഷ്‌കളങ്ക സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനായില്ല. അതാണ് ക്ഷണിച്ചയുടന്‍ ഓടിയെത്തിയതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ശിശുക്ഷേമസമിതി ചെയര്‍മാന്‍ ദീപക്, കവി ഗിരീഷ് പുലിയൂര്‍, പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ ഉറവിന്റെ പ്രസിഡന്റ് സുരേഷ് മിത്ര, സെക്രട്ടറി സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഇരുവരും ചേര്‍ന്ന് ഊരിലുള്ളവരെ കല്യാണത്തിന് ക്ഷണിച്ച ശേഷമായിരുന്നു മടക്കം
















