കോഴഞ്ചേരി : ഡോക്ടര്‍മാരുടെ കുറവ് കോഴഞ്ചരി ജില്ലാ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. 1500ലേറെ രോഗികളാണ് സാധാരണസമയങ്ങളില്‍ പ്രതിദിനം ചികിത്സ തേടി ആശുപത്രിയിലെ വിവിധ ഒപികളില്‍ എത്തിയിരുന്നത്.
എന്നാല്‍ പനിക്കാലം കൂടിയായതിനാല്‍ വന്‍ തിരക്കാണ് ഒപിയില്‍ ഉണ്ടാകുന്നത്. രണ്ട് കണ്‍സള്‍ട്ടന്റ് ഫിസിഷന്മാര് വേണ്ടിടത്ത് ഒരാളുടെ സേവനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പനിക്കുവേണ്ടി പ്രത്യേകം വാര്‍ഡും ആശുപത്രിയില്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ബാധിക്കുന്നതായാണ് ആരോപണം.
അസ്ഥിരോഗവിഭാഗത്തില്‍ മാത്രം നാല് കണ്‍സള്‍ട്ടന്റുമാരുടെ സേവനമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു കണ്‍സള്‍ട്ടന്റും ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റും മാത്രമാണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതില്‍ തന്നെ ഒരു കണ്‍സള്‍ട്ടന്റ് പലപ്പോഴും അവധിയിലുമാണ്. അസ്ഥിരോഗ വിഭാഗത്തില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ മൂന്നുദിവസം ഒപിയും ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.
150ലേറെ രോഗികള്‍ പ്രതിദിനം അസ്ഥിരോഗവിഭാഗത്തിന്റെ ഒപിയില്‍ മാത്രം എത്തുന്നുണ്ട്. പ്രതിമാസം 50ലേറെ ശസ്ത്രക്രിയകളാണ് നടന്നിരുന്നത്. എന്നാലിപ്പോള്‍ പ്രതിദിനം 25 പേര്‍ക്ക് മാത്രമാണ് ഒപിയില്‍ ചികിത്സ ലഭിക്കുന്നത്. 10 ശസ്ത്രക്രിയകള്‍ മാത്രമാണ് ഒരുമാസം നടക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ അസ്ഥിരോഗ വിഭാഗത്തില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമായിരുന്നത് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു. ‘മുട്ടുമാറ്റിവയ്ക്കല്‍’ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ വിജയകരമായിട്ടാണ് നടന്നിരുന്നത്. മുന്‍കാലങ്ങളില്‍ ഉച്ചകഴിഞ്ഞും അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. ഇപ്പോഴുള്ള ഡോക്ടര്‍മാര്‍, തിരുവനന്തപുരം പോലെയുള്ള ദൂരെ സ്ഥലങ്ങളില്‍ നിന്നാണ് ആശുപത്രിയില്‍ വന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ സേവനം കൃത്യമായി രോഗികള്‍ക്കു ലഭിക്കുന്നില്ല. മെഡിക്കല്‍ ബോര്‍ഡ് പോലെയുള്ള യോഗങ്ങള്‍ ചേരുന്ന ദിവസങ്ങളില്‍ അസ്ഥിരോഗവിഭാഗത്തിലെ ഒപിയും പ്രവര്‍ത്തിക്കുന്നില്ല.
ജില്ലാപഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലാ ആശുപത്രിയില്‍ നടത്തുന്നതെങ്കിലും ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് വേണ്ടത്ര സേവനം ലഭിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: