പത്തനംതിട്ട: വരട്ടാറിലെ ജലം മലിനമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) പഠന റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. വരട്ടാറിലെയും കൈത്തോടുകളിലേയും മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടു.
വരട്ടാറിലും സമീപ പ്രദേശങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തില്‍ വിവിധ ഘടകങ്ങള്‍ അനുവദനീയമായതിലും കൂടുതലാണെന്ന് കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള കോഴിക്കോട്ടെ ഗവേഷണ സ്ഥാപനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്രം കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വഞ്ചിപ്പോട്ടില്‍ കടവ് മുതല്‍ വാളത്തോട് വരെയുള്ള ഭാഗങ്ങളിലെ ഇരുപതില്പരം കിണറുകളിലെ സാമ്പിള്‍ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. ജലത്തിലെ പിഎച്ച് മൂല്യം മുതല്‍ ഇ കോളി വരെയുള്ള ഘടകങ്ങള്‍ പരിശോധിച്ചതിനേത്തുടര്ന്നാണ് ഇത് വ്യക്തമായത്.
പൂരിത ഓക്സിജന്റെ അഭാവം, ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം എന്നിവ ക്രമാതീതമായി വര്‍ധിച്ചതായി പഠനത്തില്‍ തെളിഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയേക്കാവുന്നതാണിത്.
വെള്ളത്തിന്റെ നിറ വ്യത്യാസവും അരുചിയും പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വ്യാപകമായ ഉത്കണ്ഠ ഉണര്‍ത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ ഗുരുതരാവസ്ഥയെപ്പറ്റി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഘട്ടംഘട്ടമായി കൈത്തോടുകള്‍ വൃത്തിയാക്കി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് നദിയിലേക്ക് ശുദ്ധജലം ഒഴുക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി.
റിപ്പോര്‍ട്ട് അനുസരിച്ച് വഞ്ചിമൂട്ടില്ക്കടവിലാണ് പൂരിത ഓക്സിജന്റെ അഭാവവും ഇ കോളിന്റെ സാന്നിധ്യവും ഏറെയുള്ളത്. ഇപ്പോഴും സമീപമുള്ള ഉപ്പുകളത്തില്‍ തോട്, കോയിക്കല്‍ തോട്, കാരാഞ്ചേരിത്തോട് എന്നിവ മലീമസമാണ്. ഒന്നര കിലോമീറ്റര്‍ ദൂരം വരട്ടാറില്‍ വഞ്ചിമൂട്ടില്ക്കടവിലേക്ക് ഒഴുകി എത്തുന്ന കൈത്തോടുകള്‍ നിറയെ ശുചിമുറി, അടുക്കള മാലിന്യവും, മത്സ്യ മാംസാദി അവശിഷ്ടങ്ങള്‍ കൊണ്ടു നിറഞ്ഞതാണെന്നും പരാതിയുണ്ട്. മാലിന്യം തള്ളലിനെതിരെ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
വരട്ടാറിലെ വെള്ളത്തിന് ഇരുണ്ട നിറവും അസഹനീയമായ ദുര്‍ഗന്ധവും വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഇത് വര്‍ധിച്ചു വരികയാണ്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള വാര്‍ഡിലെ ജനങ്ങള്‍ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ഏറ്റവും കൂടുതല്‍ ദുര്‍ഗന്ധം വമിക്കുന്നത് വഞ്ചിമൂട്ടില്‍ കടവിന് സമീപത്താണ്. വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ മറവില്‍ പുറത്തുനിന്നും കക്കൂസ് മാലിന്യം ടാങ്കറില്‍ തള്ളിയതാകാം ഇതിനു കാരണമെന്ന് സമീപവാസികള്‍ പറയുന്നു.
ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലെ വരട്ടാറിന്റെ കൈത്തോടുകളിലും തീരങ്ങളിലുമായി ഏക്കറുകണക്കിനു സ്ഥലം മുള്ളന്‍പായല്‍ മൂടികിടക്കുകയാണ്. വരള്‍ച്ചയില്‍ കരിഞ്ഞ പായല്‍ മഴവെള്ളം കയറിയപ്പോള്‍ അഴുകി ദ്രവിക്കുകയും ഇതു തോട്ടിലൂടെ ഒഴുകി വരട്ടാറില്‍ വ്യാപിച്ചതാകാനാണു സാധ്യതയെന്നു നാട്ടുകാര്‍ പറഞ്ഞു. വെള്ളത്തിനു മുകളില്‍ പടര്‍ന്ന പാട പോലെയുള്ള ദ്രാവകം പായല്‍ അഴുകിയതാണെന്ന സംശയവും ബലപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: