ശാസ്ത്ര വഴിയില്‍ ഓര്മ്മത്തെറ്റുവന്ന ആ സംഭവം നടന്നത് നൂറ് വര്‍ഷം മുന്‍പ്. കൃത്യമായി പറഞ്ഞാല്‍ 1917ല്‍. ആ വര്‍ഷത്തിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് റേഡിയം ഫാക്ടറി ന്യൂജേഴ്സിയിലെ ഓറഞ്ചില്‍ ആരംഭിച്ചത്. രാത്രിയില്‍ ഇളം പച്ചനിറത്തില്‍ വെട്ടിത്തിളങ്ങുന്ന വാച്ച് ഡയലുകളായിരുന്നു കമ്പനിയുടെ ഉത്പന്നം. പുത്തന്‍ ലോഹമായ റേഡിയത്തിന്റെ പെയിന്റുകൊണ്ടാണ് ക്ലോക്കിന്റെ ഡയലുകള്‍ക്ക് ചാരുതയാര്‍ന്ന തിളക്കം പകര്‍ന്നത്.
പെയിന്റ് ജോലിക്ക് നിയുക്തരായവരില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളായിരുന്നു. പതിനാല് വയസുമുതല്‍ പ്രായമുള്ള കൊച്ചു പെണ്‍കുട്ടികള്‍. അവരുടെ ജോലി വളരെ ലളിതമായിരുന്നു. രാവിലെ നല്കുന്ന റേഡിയം പെയിന്റ് ഒട്ടകരോമ ബ്രഷില്‍ മുക്കി അക്കങ്ങള്‍ക്കും വാച്ചിന്റെ സൂചിക്കും നിറം നല്‍കണം. കുറെ നേരം പെയിന്റ് ചെയ്തുകഴിയുമ്പോള്‍ ബ്രഷിന്റെ നാരുകള്‍ ചിതറും. അങ്ങിനെ വരുന്നത് ഒഴിവാക്കുന്നതിന് ബ്രഷ് ചുണ്ടോട് ചേര്‍ത്ത് ഉമിനീര്‍കൊണ്ട് അഗ്രം കൊണ്ട് കൂര്പ്പിക്കണമെന്നായിരുന്നു മേലധികാരികളുടെ കല്പന. പല്ലുകൊണ്ട് കടിച്ചും ഇഴകള്‍ അടുപ്പിക്കാം. അങ്ങനെ ചെയ്തതുകൊണ്ട് യാതൊരു തകരാറുമുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കാനും സൂപ്പര്‍ വൈസര്‍മാര്‍ മറന്നില്ല.
ഒരു ഡയല് പെയിന്റ് ചെയ്യുന്നതിന് വെറും രണ്ടര പെനി ആയിരുന്നു കൂലി. പ്രതിദിനം 250 ഡയലുകള്‍ ചായമടിക്കണം. പക്ഷേ പെണ്‍കുട്ടികള്‍ പൂര്‍ണ്ണ തൃപ്തരായിരുന്നു. ബാക്കിവരുന്ന ചായം ചുണ്ടിലും പല്ലിലും പുരട്ടി ആളുകളെ അത്ഭുതപ്പെടുത്താം. കണ്പോളകളില് പച്ച തിളക്കമുണ്ടാക്കി കാമുകരെ ഭ്രാന്തു പിടിപ്പിക്കാം. അവരുടെ കയ്യും മുഖവും തുടയ്ക്കുന്ന തൂവാലകള്‍ പോലും ഇരുട്ടില്‍ തിളങ്ങി. രാത്രിയില്‍ അവര്‍ നടക്കുമ്പോള്‍ വസ്ത്രങ്ങള്‍പോലും ഇളം പച്ചനിറത്തില്‍ വെട്ടിത്തിളങ്ങി.
പക്ഷേ, ആഹ്ലാദത്തിന്റെ ആ ആരവങ്ങള്‍ അധികനാള്‍ നീണ്ടുനിന്നില്ല. ചായമടിക്കലിന്റെ തുടക്കക്കാരായ മാര്‍ഗരറ്റ് കോലോഗ്, ഹേസല്‍ വിന്‍സെന്റ് എന്നിവരെ കൊടും തളര്‍ച്ച ബാധിച്ചു. ആല്സിനയ്ക്ക് വളര്‍ച്ചയില്ലാത്ത കുഞ്ഞുങ്ങള്‍ പിറന്നു. മോളി മാഗിയയുടെ മോണയും പല്ലും മാത്രമല്ല, താടിയെല്ലും ദ്രവിച്ച് തകര്‍ന്നു. എല്ലുകള്‍ക്കിടയില്‍ നിറയെ ദ്വാരങ്ങളും മോണയില്‍ നീരുമൊക്കെ പടര്‍ന്നു. ഉച്ഛ്വാസത്തില്‍ കനത്ത ദര്‍ഗന്ധം വമിച്ചു. റേഡിയം കമ്പനിയിലെ ജോലിക്കാരിയായ ഗ്രേസി ഫ്രയറിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.
ജോലിചെയ്ത കുട്ടുകാരികള്ക്കെല്ലാം ഒരേപോലെ രോഗം വന്നതറിഞ്ഞ് ഗ്രേസ് ഫയര്‍ എന്ന ആ പെണ്‍കുട്ടി ഒരുകൂട്ടം സഹപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനി ഉടമകളെ സമീപിച്ചു. ചികിത്സക്ക് സഹായം തേടി. പക്ഷേ ഉടമകള്‍ അവരെ ആട്ടിയകറ്റി. തങ്ങള്‍ കൈകാര്യം ചെയ്യുന്ന രാസവസ്തു തെല്ലും അപകടകാരിയല്ലെന്നായിരുന്നു അവരുടെ വാദം. മറിച്ച് അത് ആരോഗ്യത്തിന് നല്ലതാണെന്നും അവര്‍ വാദിച്ചു. തങ്ങള്‍ക്ക് വൈദ്യസഹായം തേടിയ ആ പാവം പെണ്‍കുട്ടികള്‍ക്ക് സിഫിലിസ് എന്ന ലൈംഗിക രോഗമാണെന്ന് പറഞ്ഞു പരത്താന്‍ പോലും കമ്പനി അധികാരികള്‍ മടിച്ചില്ല.
ക്രമേണ ഓരോരുത്തരായി മരണത്തിനു കീഴടങ്ങി. റേഡിയം ഡയല് പെയിന്റ് കണ്ടുപിടിച്ച ഡോ. സാബിന വോണ്സൊ ചോസ്കി കൈയില്‍ മാരകമായ റേഡിയേഷന് ഏറ്റതിനെ തുടര്‍ന്ന് ഇഞ്ചിഞ്ചായി മരിച്ചു. ഈയമറയുടെ ഒഴിവില്‍ സുരക്ഷിതമായിരുന്ന് ജോലിചെയ്ത കെമിസ്റ്റുകളെപ്പോലും റേഡിയത്തിന്റെ ക്രൂര വികിരണങ്ങള്‍ വെറുതെ വിട്ടില്ല. ഒടുവില്‍ പൊറുതിമുട്ടിയ കൂട്ടുകാര്‍ സംഘടിച്ചു. അവര്‍ക്ക് നേതൃത്വം നല്‍കിയത് ഗ്രേസ് ഫ്രയര്‍ എന്ന യുവതി. റേഡിയം കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് കേസുനല്കാനായിരുന്നു ഗ്രേസിന്റെ ശ്രമം. പക്ഷേ, റേഡിയം കമ്പനിയുടെ പണവും പ്രതാപവും അവരെ വല്ലാതെ വിഷമിപ്പിച്ചു.
രണ്ടരവര്‍ഷക്കാലം ശ്രമിച്ച ശേഷമാണ് തങ്ങളുടെ കേസ് വാദിക്കാന്‍ അവര്‍ക്കൊരു വക്കീലിലെ ലഭിച്ചതുതന്നെ. ഒടുവില്‍ 1928 ല്‍ കോടതി കേസ് വിചാരണക്കെടുത്തപ്പോഴേക്കും പരാതിക്കാര്‍ മാരകമായ ക്യാന്‍സര്‍ ബാധിച്ച് ശയ്യാവലംബികളായി. സത്യ പ്രതിജ്ഞ ചെയ്യാന്‍ കയ്യുയര്ത്തിപ്പിടിക്കാന്പോലും അവര്‍ക്ക് കഴിയുമായിരുന്നില്ല. ഗ്രേസ് ഫ്രയറിനൊപ്പം പഴയകാല സഹപ്രവര്‍ത്തകരായ എഡ്നാ ഹുസ്മാന്‍, കാതറൈന് ഷ്വാഹുബ്, ക്വിന്റാ മക്ഡൊണാള്‍ഡ്, അല്‍ബിനാ ലാറിസ് എന്നിവരായിരുന്നു റേഡിയം കമ്പനിക്കെതിരെ കോടതിയിലെത്തിയത്.
കേസ് മുന്നേറിത്തുടങ്ങിയതോടെ അത് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. ആരോഗ്യരക്ഷയുടെ പേരില്‍ ചരിത്രത്തിലാദ്യമായി കോടതിയെ സമീപിച്ച ആ പെണ്‍കുട്ടികളെ ‘റേഡിയം ഗേള്‍സ്’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. റേഡിയം കൗതുക വസ്തുവല്ലെന്നും മാരകമായ വികിരണങ്ങള്‍ പുറപ്പെടുവിച്ച് മനുഷ്യന് ഭീകരമായ രോഗങ്ങള്‍ സമ്മാനിക്കുന്ന മൂലകമാണെന്നും ക്രമേണ ലോകമറിഞ്ഞു.
നഷ്ടപരിഹാരം പരമാവധി കുറയ്ക്കാന്‍ ധനശേഷിയും അധികാരബലവുമുള്ള കമ്പനി മുതലാളിമാര്‍ പരമാവധി ശ്രമിച്ചു. ഒടുവില്‍ ക്യാന്‍സര്‍ ബാധിച്ച് ജീവിതം തകര്‍ന്ന ആ പെണ്‍കുട്ടികള്‍ക്ക് പതിനായിരം ഡോളര്‍വീതം നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതിവിധി. വാര്‍ഷിക വേതനമായി 600/- ഡോളറും പ്രതിവാര ചികിത്സാ ചെലവിന് പന്ത്രണ്ട് ഡോളറും കോടതിവിധിയില്‍ നിശ്ചയിക്കപ്പെട്ടു. പക്ഷേ ആ പണം കൈപ്പറ്റും മുന്‍പേ റേഡിയം ഗേള്‍സ് മിക്കവരും ഇഹലോകവാസം വെടിഞ്ഞു. എങ്കിലും വ്യാവസായിക സുരക്ഷയില്‍ പാളിച്ച വരുത്തിയ കമ്പനികള്‍ക്കെതിരെ തൊഴിലാളികള്‍ക്ക് വ്യക്തിപരമായി നഷ്ടപരിഹാരക്കേസ് നല്‍കാമെന്ന് ചരിത്രപരമായ വിധിവരുന്നതിന് റേഡിയം ഗേള്‍സിന്റെ പോരാട്ടം കാരണമായി,
ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരെ പോരാടുന്നതിന് ധൈര്യം പകര്‍ന്നു.
1930 കളുടെ മധ്യത്തോടെ മിക്ക റേഡിയം കമ്പനികളും അടച്ചുപൂട്ടി. തുടര്‍ന്ന് ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ഊഴമായിരുന്നു. ചായമടി തൊഴിലാളികളുടെ ശരീരത്തിലെയും രക്തത്തിലെയും ഉച്ഛ്വാസവായുവിലെയും വികിരണം അളക്കാന്‍ ഗവേഷകര്‍ മുന്നോട്ടുവന്നു. മനുഷ്യശരീരത്തിന് സഹിക്കാവുന്ന പരമാവധി റേഡിയേഷന് ലവല്‍ (വികിരണം) നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാന്റേര്‍ഡ്സ് നിര്‍ണ്ണയിച്ചു. റേഡിയം ചായമടിച്ച പാവം തൊഴിലാളികളുടെ, പെയിന്റുചെയ്ത പാവങ്ങളുടെ ആരോഗ്യം നിരന്തരമായി നിരീക്ഷിക്കുന്നതിന് സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റേഡിയോ ബയോളജി ആരംഭിച്ചു. അവര്‍ക്ക് സര്‍ക്കാര്‍ നേതൃത്വത്തില്‍ വൈദ്യസുരക്ഷ ഏര്‍പ്പെടുത്തി.
അനന്തരം: റേഡിയം ഗേള്‍സ് മരണമടഞ്ഞതിന്റെ പിന്നിലെ കാരണങ്ങള്‍ തുടക്കത്തില്‍ ഒരു നിഗൂഢതയായിരുന്നു. ആ നിഗൂഢതയ്ക്ക് ഉത്തരം തേടിയാണ് ഒരു സംഘം ഗവേഷകര്‍ ന്യൂജേഴ്സിയിലെ റോസഡേല് ശവക്കോട്ടയിലെത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് റേഡിയം കോര്‍പ്പറേഷനില്‍ റേഡിയം ചായമടിച്ചിരുന്ന മോളിയുടെ ശവകുടീരമായിരുന്നു അവരുടെ ലക്ഷ്യം. അഞ്ചുവര്‍ഷം മുന്‍പ് 24-ാം വയസ്സിലായിരുന്നു മോളിയുടെ അന്ത്യം. ലൈംഗികരോഗമായ ‘സിഫിലിസ്’ ബാധിച്ചു കൊല്ലപ്പെട്ടുവെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. പക്ഷേ, ശവകുടീരം തുറന്ന് പെട്ടിയുടെ മൂടിമാറ്റിയ യുവാക്കള്‍ ഞെട്ടിത്തരിച്ചു. ആ മൃതദേഹാവശിഷ്ടത്തില്‍നിന്ന് നേരിയ പച്ച തിളക്കം അപ്പോഴും പുറപ്പെടുന്നുണ്ടായിരുന്നു- റേഡിയത്തിന്റെ മാരകമായ വികിരണങ്ങള്‍. അതോടെ മോളിയുടെമേല് കമ്പനി ചുമത്തിയ അപവാദത്തിന്റെ അടിസ്ഥാനം നശിച്ചു. ഒപ്പം കമ്പനി ഉടമകള്‍ നല്കിയ മാരകമായ റേഡിയം ചായത്തിന്റെ അന്തമില്ലാത്ത ക്രൂരത പുറത്തുവരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: