കൂട്ടുകച്ചവടം പരാജയപ്പെടുന്നതിന് മുഖ്യകാരണേത്? പാരസ്പര്യം മറന്നുകൊണ്ടുള്ള ദുര്‍മോഹം, വഞ്ചന, സ്വാര്‍ത്ഥതാല്‍പര്യം എന്നിവ.മേല്‍പ്പറഞ്ഞ കളവുസംഘവും കൊള്ളസംഘവും കൂട്ടുകച്ചവടവും ക്രിക്കറ്റു ടീമുമെല്ലാം കൊച്ചുകൊച്ചു സമൂഹങ്ങളാണ്. ബ്രാഹ്മണനെ മുടിക്കാന്‍ രാക്ഷസനും കള്ളനും കൂട്ടുചേര്‍ന്ന നിമിഷത്തില്‍ അവര്‍ ഒരു തല്‍ക്കാല സമൂഹമായി. അതിന്റെ ജനസംഖ്യ രണ്ടാണ്. ആ സമൂഹത്തിന്റെ ആയുസ്സ് അവരുടെ പണിതീര്‍ക്കാന്‍ വേണ്ടുന്ന അഞ്ചുനിമിഷം.
അതുപോലെ കൊള്ളസംഘമാകുന്ന സമൂഹത്തിന്റെ ജനസംഖ്യ പത്തായിരിക്കാം. ആയുസ്സ് ആഴ്ചകളായിരിക്കാം. എന്നാല്‍ അത്രയും കാലം അവര്‍ പാരസ്പര്യം സനിഷ്‌കര്‍ഷം പാലിക്കേണ്ടിവരും. അവരവരുടെ സമൂഹത്തിന് പുറത്തു അവര്‍ കക്കുമായിരിക്കാം, കൊള്ളയടിക്കുമായിരിക്കാം, കൊള്ളലാഭമെടുക്കുമായിരിക്കാം, അടവുകള്‍ പ്രയോഗിക്കുമായിരിക്കാം. അവര്‍ക്ക് യാതാരാപത്തും വരുന്നില്ല. എന്നാല്‍ ആ കൊച്ചു സമൂഹത്തിനുള്ളില്‍ പാരസ്പര്യം മറക്കുമ്പോള്‍ സത്യം മറച്ചുവക്കുമ്പോള്‍, തമ്മില്‍ അവിശ്വാസം പുലര്‍ത്തുമ്പോള്‍, കാലുവാരുമ്പോള്‍, കുതികാല്‍ വെട്ടുമ്പോള്‍, ചതിക്കുമ്പോള്‍, നിസ്സഹകരിക്കുമ്പോള്‍ അവരെല്ലാവരും തന്നെ നശിക്കുന്നു.അതുപോലെതന്നെയാണ് ക്രിക്കറ്റ് ടീമും. അതും 11 ജനസംഖ്യയുള്ള ഒരു കൊച്ചുസമൂഹമാണ്.
അവരും പാരസ്പര്യം കൈവെടിയരുത്. ബൗളറും വിക്കറ്റു കീപ്പറും ഫീല്‍ഡുമാന്മാരും ചേര്‍ന്ന് ഇരുപത്തിരണ്ട് കണ്ണും കയ്യും കാലുമുള്ള ഒരൊറ്റയാളെപോലെ അവര്‍ കടുകണിശമായ പാരസ്പര്യത്തോടെ പെരുമാറേണ്ടിവരും. അപ്പോള്‍ മാത്രമേ അവര്‍ക്ക് വിജയം സുനിശ്ചിതമാകൂ.കടത്തു കടക്കുമ്പോള്‍ വഞ്ചിയിലിരിക്കുന്നവര്‍ ഒരു ചെറിയ സമൂഹമാണ്. അവരെല്ലാവരും അക്കര എത്തണമെങ്കില്‍ ഇടയ്‌ക്കുവച്ചു വഞ്ചി മറിയരുത്. വഞ്ചി മറിയാതിരിക്കണമെങ്കില്‍ എല്ലാവരും അതിനുള്ള ധര്‍മം പാലിച്ചേ മതിയാകൂ, നീന്തല്‍ അറിയുന്നവരും അറിയാത്തവരും ഒരുപോലെ അടങ്ങി ഒതുങ്ങിയിരിക്കേണ്ടിവരും.
അതിനു വിപരീതമായി ആരെങ്കിലും ഇളകി എഴുന്നേറ്റാല്‍ എല്ലാവരുടെയും കാര്യം വെള്ളത്തിലാകും.ഇപ്പറഞ്ഞ ഉദാഹരണങ്ങളെല്ലാം താല്‍ക്കാലിക സമൂഹങ്ങളെക്കുറിച്ചാണ്. അവയുടെ കാര്യത്തില്‍പ്പോലും പാരസ്പര്യം അനിവാര്യവും നിര്‍ബന്ധവുമാണെങ്കില്‍ ശാശ്വതസമൂഹങ്ങളുടെ കാര്യത്തില്‍ അത് എത്ര മടങ്ങ് അത്യാവശ്യമാണെന്ന് ചിന്തിക്കുക. ശാശ്വത സമൂഹങ്ങളുടെ ജനസംഖ്യ പത്തും പന്ത്രണ്ടുമല്ല, ലക്ഷവും കോടിയുമാണ്-ആയുസ്സ് ശതാബ്ദങ്ങളാണ്. വഴിയ്‌ക്കുവഴി ജനിക്കുന്ന തലമുറകളാണ് അംഗങ്ങള്‍. ചരിത്രം, പാരമ്പര്യം, ആചാരങ്ങള്‍, സംസ്‌കാരം, ഭൂമിശാസ്ത്രം, സമ്പത്ത് എന്നിവയെല്ലാം കൂട്ടുചേര്‍ന്നു കരുപ്പിടിപ്പിച്ചതാണ് അവയുടെ തനതുലക്ഷ്യം. അപ്പോള്‍ അത്തരം ശാശ്വതസമൂഹത്തില്‍ അംഗങ്ങള്‍ തമ്മിലുള്ള പാരസ്പര്യം എത്രകണ്ട് അത്യഗാധമായി വേരൂന്നിയിരിക്കണമെന്ന് ആലോചിക്കുക.
സമൂഹത്തെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നത് പ്രസ്തുത പാരസ്പര്യമാണ്. ഫിസിക്‌സിന്റെ സാങ്കേതിക ശൈലിയില്‍ പറഞ്ഞാല്‍ സമൂഹത്തിന്റെ ആയുസ്സും സമൂഹാംഗങ്ങളുടെ പാരസ്പര്യവും പ്രത്യക്ഷാനുപാതികമാണ്. പാരസ്പര്യം കുറയുന്തോറും ആയുസ്സും കുറയും എന്നര്‍ത്ഥം. സമൂഹത്തിന്റെ ഈ പാരസ്പര്യത്തെ നമുക്ക് ‘സംഘബോധം’ എന്നോ ‘സമഷ്ടിബോധം’ എന്നോ വിളിക്കാം. അതാണ് സമൂഹത്തെ നിലനിര്‍ത്തുന്ന ധര്‍മം. സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ സംഘബോധമോ സമഷ്ടിബോധമോ ആണ് ധാര്‍മികം. അതിന്റെ അഭാവമാണ് അധാര്‍മികം. ഈ കാഴ്ചപ്പാടോടുകൂടി നമുക്ക് നമ്മെയും ഇംഗ്ലീഷുകാരേയും അളക്കാം. സംഘബോധമെന്ന പാരസ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ എവിടെയാണ് ധര്‍മം എവിടെയാണ് അധര്‍മം എന്നുനോക്കാം.
ഇംഗ്ലീഷുകാര്‍ നമ്മെ ചതിച്ചു കൊള്ളയടിച്ചു. കള്ളത്തരവും കള്ള ഒപ്പും, കള്ളപ്രമാണവും നമുക്കെതിരെ പ്രയോഗിച്ചു. എന്നാല്‍ അവര്‍ ചേര്‍ന്നുണ്ടാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പ്രയോഗിച്ചോ? ഒരിക്കല്‍പ്പോലും ആരെങ്കിലും അങ്ങനെ ചെയ്തതായി ഉദാഹരണമില്ല-മാത്രമല്ല 1958-ല്‍ വിക്‌ടോറിയാ റാണി ഭാരതത്തിന്റെ ഭരണം കമ്പനിയില്‍നിന്ന് നേരിട്ടേറ്റെടുത്തുകൊണ്ട് കമ്പനി പിരിച്ചുവിട്ടപ്പോള്‍, 258 കൊല്ലത്തെ ആസ്തികളും ബാധ്യതകളും കണക്കുകൂട്ടി ഓരോ ഓഹരിക്കാരനും അയാളുടെ ഓഹരിയുടെ പൂര്‍ണമായ വീതം കൊടുത്തുതീര്‍ക്കുകയാണ് ചെയ്തത്. കമ്പനിയുടെ പാരമ്പര്യം ഓഹരിക്കാരും ഭരണകൂടവും കണിശമായി പാലിച്ചു.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്) (തുടരും)
















