ആലത്തൂര്‍:ആലത്തൂരില്‍ മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച.അഞ്ച് ലക്ഷം രൂപയുടെ മൊബൈലും 6000 രൂപയും നഷ്ടപ്പെട്ടു.
പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള സജ്ന മൊബൈല്‍സിലാണ് മോഷണം നടന്നത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.50 നും 1.55 നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കടയുടെ അരികിലെ ഷട്ടര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.
മൂന്നംഗ മുഖം മൂടി സംഘം കാറിലെത്തിയാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് സമീപത്തെ കമ്പ്യൂട്ടര്‍ ഷോപ്പിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.ലിങ്ക് റോഡിനു സമീപം കാര്‍ നിര്‍ത്തി കടയിലേക്ക് വന്ന് ഷട്ടര്‍ തകര്‍ത്ത് മൊബൈലും ആക്സസറീസും ചാക്കിലാക്കി കൊണ്ടുപോകുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ്, വിരലടയാള സംഘം എന്നിവര്‍ പരിശോധന നടത്തി.
പോലീസ് നായ ബസ് സ്റ്റാന്‍ഡിനു സമീപത്തെ റോഡിലൂടെ പോലീസ് ക്വാര്‍ട്ടേഴ്സ് വഴി ദേശീയപാതയിലെത്തി നിന്നു മടങ്ങി. മോഷ്ടാക്കള്‍ ദേശീയ പാത വഴി രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു.
രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ആലത്തൂര്‍ സി.ഐ.കെ.എ. എലിസബത്ത്, എസ്.ഐ.എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: