ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റ്. തെരസേമയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് ബ്രിട്ടനില്‍ തൂക്ക് പാര്‍ലമെന്റിന് സാധ്യതയേറിയത്. 650 അംഗ അധോസഭയില്‍ ഭരണം പിടിക്കണമെങ്കില്‍ 326 സീറ്റുകളാണ് വേണ്ടത്.
തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക്312 സീറ്റാണ് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 260 സീറ്റുകള്‍ നേടിയിട്ടുണ്ട്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 34 സീറ്റ് നേടിയെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവര്‍ക്ക് 15 സീറ്റ് നഷ്ടമായി. ലിബറല്‍ ഡെമോക്രാറ്റിക്കുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും 10 വീതം സീറ്റുകളില്‍ വിജയിച്ചു.
വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ ലീഡു നിലനിര്‍ത്തി മുന്നേറിയ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും നില മെച്ചപ്പെടുത്തിയ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. തെരേസ മേയ്‌ക്ക് പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ലേബര്‍ ശ്രമിക്കുമെന്നും ഇതിന് മറ്റുപാര്‍ട്ടികള്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഷേഡോ വിദേശകാര്യ സെക്രട്ടറി എമിലി തോണ്‍ബെറി പറഞ്ഞു.
കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് തെരേസ മേ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരിയ മുന്‍തൂക്കം ലഭിക്കുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കില്ലെന്നാണ് പ്രീപോള്‍ സര്‍വേകള്‍ വ്യക്തമാക്കിയത്. സമീപകാലത്ത് മാഞ്ചസ്റ്ററിലും ലണ്ടനിലുമുണ്ടായ സ്‌ഫോടന പരമ്പരകളാണ് തെരേസ മേയ്‌ക്ക് തിരിച്ചടി നേരിട്ടതില്‍ ഒരു പ്രധാന കാരണം.
















