മലപ്പുറം: ദളിത് തന്ത്രിയും മാതൃകുലം ധര്‍മ്മരക്ഷാ ആശ്രമം മഠാധിപതിയുമായ ബിജു നാരായണ ശര്‍മ്മക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളേക്കുറിച്ചുള്ള സൂചന പോലും പോലീസിന് ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് ആശ്രമം അധികൃതര്‍ ആരോപിച്ചു.
കഴിഞ്ഞ് ദിവസം പുലര്‍ച്ചെ പൂജക്കായി ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്ന ബിജു നാരായണ ശര്‍മ്മക്ക് നേരെ അജ്ഞാതന്‍ ആസിഡ് ഒഴിച്ചത്. മുഖത്തും വയറിലും ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം ചികിത്സയിലാണ്.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും എന്നാല്‍ പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ആദ്യത്തെ ദളിത് തന്ത്രിയാണ് ഇദ്ദേഹം. ജാതിമത ഭേദമന്യേ എല്ലാവര്ക്കും സൗജന്യമായി വേദം പഠിപ്പിക്കുന്ന ബിജുനാരായണ ശര്‍മ്മക്കെതിരെ നടന്ന ആക്രമണത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പട്ടികജാതിമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയക്കാവ് ബിജുനാരായണ ശര്‍മ്മയെ സന്ദര്‍ശിച്ചു. തന്ത്രിക്കെതിരെ നടന്നത് കൊലപാതക ശ്രമമാണെന്നും, ആസൂത്രിതമാണെന്നും, യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: