കോട്ടയം: നീറിക്കാടിനെ ഭീതിയാലാഴ്ത്തി വീട്ടമ്മ അടക്കം നാലു പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ പിടിയിലായ തമിഴ് കൊള്ളസംഘത്തിലെ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു. ശിവഗംഗ തിരുട്ടുഗ്രാമത്തിലെ മറവന്‍ കൊള്ളസംഘതലവന് ശെല്‍വരാജ് (50) രാജ്കുമാര് (21) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രാജ്കുമാറിന്റെ സഹോദരന് അരുണ്‍രാജിനെ(24) തിരക്കി പൊലീസ് ശിവഗംഗയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതേ സംഘം വൈക്കത്ത് മൂന്ന് വീടുകളില്‍ മോഷണം നടത്തിയതായി ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന് പറഞ്ഞു.
അഞ്ചിന് അര്‍ദ്ധരാത്രിയോടെയാണ് നീറിക്കാട് അയ്യങ്കോവില്‍ മഹാദേവക്ഷേത്രത്തിന് സമീപം തെക്കേച്ചാലയ്ക്കല്‍ അമ്മനത്ത് റോയി(45), ഭാര്യ ഡെയ്സി(38), ഇടപ്പള്ളി കുഞ്ഞൂഞ്ഞ്(50), ഭാര്യ ശോഭ (45) എന്നിവരെ ആക്രമിച്ച് മൂന്നര പവന്റെ സ്വര്‍ണം കവര്‍ന്നത്. ശിവഗംഗയിലുള്ള സെല്‍വരാജന്റെ വീട്ടില്‍ പദ്ധതി തയ്യറാക്കിയ ശേഷമാണ് മോഷണത്തിനായി കോട്ടയത്ത് എത്തിയത്. അഞ്ചിന് വൈകിട്ട് കോട്ടയത്തെത്തിയ സംഘം ബിവറേജില്‍ നിന്ന് മദ്യംവാങ്ങി ഏറ്റുമാനൂര്‍ വഴിയുള്ള ബസില്‍ കയറി നീറിക്കാടിന് സമീപമിറങ്ങി. അവിടിരുന്ന് മദ്യപിച്ചശേഷം അര്‍ദ്ധരാത്രിയോടെ റോയിയുടെ വീടിന്റെ പിന്‍വാതില്‍ തടിക്കഷ്ണം ഉപയോഗിച്ച് തിക്കി പൊളിച്ച് അകത്തുകടന്നായിരുന്നു മോഷണം. റോയിയെ തലയ്ക്കടിച്ച വീഴ്ത്തിയശേഷം ഡെയ്സിയുടെ മാല പൊട്ടിക്കുകയും അരിവാള്‍ ഉപയോഗിച്ച് രാജ്കുമാര് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് ഇറങ്ങിയ മൂവരും അയല്‍വാസി മോഹനന്റെ വീട്ടില്‍ കയറിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ രക്ഷപ്പെട്ടു. മൂന്നാമതാണ് കുഞ്ഞുമോന്റെ വീട്ടില്‍ കയറി മോഷണം നടത്തിയത്.
സംഭവമറിഞ്ഞ് എത്തിയ അയര്‍ക്കുന്നം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷാജന് ഡിവൈഎസ്പി സഖറിയ മാത്യു, നൈറ്റ് പട്രോളിങ് ചാര്‍ജുള്ള നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സജീവ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസും ഉണര്ന്നിറങ്ങിയതോടെ പ്രതികള്‍ വയലില്‍ ഒളിച്ചു. നാട്ടുകാര്‍ മടങ്ങിയതോടെ ടിജോയുടെ ബൈക്കിന്റെ കേബിള്‍ മുറിച്ച് സ്റ്റാര്‍ട്ടാക്കി കുറച്ചുദൂരം മുന്നോട്ടു പോയി. പൊലീസ് പിന്തുടരുന്നെന്ന് മനസിലായതോടെ ബൈക്ക് ഉപേക്ഷിച്ചു. ഇതിനിടെ സെല്‍വരാജ് മോഷണ മുതല്‍ അരുണ്‍രാജിന് കൈമാറി. കൂട്ടത്തില്‍ ഏറ്റവും ചെറുപ്പമായ രാജ്കുമാറിനെ ഒപ്പംകൂട്ടി സംഘം രണ്ടായിതിരിഞ്ഞു. പ്രദേശത്തെ വയല്‍ മുറിച്ച് കടന്ന് റോഡിലെത്തി. അവിടെ നിന്ന് ബസില്‍ കയറിയെങ്കിലും വഴിയരികില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബസില്‍ നടത്തിയ പരിശോധനയില്‍ രാജ്കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് ഇരുവരും കസ്റ്റഡിയിലായത്.
ശിവഗംഗയിലെ മറവര്‍ സംഘത്തിന്റെ തലവനായ സെല്‍വരാജ് കുമളി, കമ്പംമെട്ട്, നെടുംകണ്ടം എന്നിവിടങ്ങളിലെ വിവിധ മോഷണക്കേസുകളില്‍ ശിക്ഷഅനുഭവിച്ചിട്ടുണ്ട്. ഇതെല്ലാം വീടിന്റെ പിന്‍വാതില്‍ തകര്‍ത്തായിരുന്നു. ശിവഗംഗയില്‍ സെല്‍വരാജ് പ്രതിയായ എട്ട് മോഷണക്കേസുകളുടെ വിചാരണ നടക്കുന്നുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് വൈക്കത്തെ മോഷണങ്ങള്‍ തെളിഞ്ഞത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് വൈക്കം ഇടയാളം രാധാകൃഷ്ണന്റെ വീട്ടില്‍ക്കയറി 18ഗ്രാമിന്റെ രണ്ട് വള, 12 ഗ്രാമിന്റെ മാല, മോതിരം എന്നിവയും പ്രദേശവാസി രമണിയുടെ വീട്ടില്‍ നിന്ന് 35,000 രൂപയുടെ സ്വര്‍ണവും മോഷ്ടിച്ചത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചത്. തുടര്‍ന്ന് വൈക്കം സ്വദേശി സുനില്‍കുമാറിന്റെ ബൈക്ക് മോഷ്ടിച്ച് തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: