വിഴിഞ്ഞം: രൂക്ഷമായ സമുദ്ര മലിനീകരണ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഓര്‍മ്മിക്കപ്പെടാതെ ഒരു സമുദ്രദിനം കൂടി കടന്നു പോയി. നമ്മുടെ സമുദ്രം, നമ്മുടെ ഭാവി ‘ എന്നതായിരുന്നു ഇത്തവണത്തെ സന്ദേശം.മത്സ്യവും ജല സമ്പത്തും ഉള്‍പ്പെടെയുളള കടല്‍ ജീവികളുടെ സംരക്ഷണമാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ കരയോടൊപ്പം തന്നെ കടലിനെയും മാലിന്യമുക്തമാക്കണമെന്ന സന്ദേശമാണ് ഈ കാലഘട്ടത്തിലെ സമുദ്രദിനം നല്‍കുന്നത്.
1992 മുതല്‍ കാനഡയാണ് ആദ്യമായി ജൂണ്‍ എട്ട് സമുദ്രദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2008 ല്‍ ഐക്യരാഷ്‌ട്രസഭ ഇത് ഔദ്യോഗികമായി അംഗീകരിച്ചു. സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, അനധികൃതമായി കടലില്‍ മാലിന്യം തള്ളുന്നതിനെതിരെ ബോധവത്ക്കരണം തുടങ്ങിയവയും സമുദ്രദിനാചരണത്തിന്റെ ഭാഗമാണ്. ജൈവ വൈവിധ്യങ്ങളിലെ വ്യതിയാനങ്ങള്‍ ആവാസവ്യവസ്ഥയ്‌ക്കും വെല്ലുവിളിയാണ്.
കടല്‍ മാലിന്യം വലിയ പ്രശ്‌നങ്ങളാണ് തീരദേശത്ത് സൃഷ്ടിക്കുന്നത്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ശുചിമുറികള്‍ ഇല്ലാത്ത തീരദേശ വാസികള്‍ ആശ്രയിക്കുന്നതും കടലിനെയാണ്. വ്യവസായ ശാലകളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിന് എതിരെ ബോധവല്‍ക്കരണമോ നിരോധനമോ നിലവിലില്ല. ഒരു സമുദ്രദിനം കൂടി കടന്നു പോകുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു വിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായതുമില്ല.
















