കാട്ടാക്കട: ‘പട്ടികജാതിക്കാരുടെ കണ്ണീരും വിയര്‍പ്പും വീണ് കതിര്‍ന്ന മണ്ണിന്റെ അവകാശം ഒരു ജന്മി തമ്പ്രാനും വിട്ടു നല്‍കില്ല.’ നാലു പതിറ്റാണ്ട് മുന്‍പ് കിള്ളി മേച്ചിറയിലെ പാടശേഖരത്ത് തടിച്ചുകൂടിയ അടിയാളന്മാരെ നോക്കി സഖാവ് പ്രസംഗിച്ച വാക്കുകള്‍. ആവേശമായിരുന്നു അന്ന് ആ പ്രസ്ഥാനത്തോട്. മണ്ണില്‍ പണിയെടുക്കുന്ന പാവങ്ങളുടെ നാവാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന് മുത്തശ്ശി ചാത്ത ശാന്തപ്പു ചെവിയില്‍ മന്ത്രിച്ചത് കുമാരി ഇന്നലെയെന്നപോല്‍ ഓര്‍മ്മിക്കുന്നു.
, മാര്‍ക്‌സിസത്തെ നെഞ്ചോട് ചേര്‍ത്ത കുടുംബമായിരുന്നു കിള്ളി മേച്ചിറ പാറയില്‍ വീട്ടില്‍ കുമാരിയുടെ പട്ടികജാതി കുടുംബം. ഇന്ന് അതേ പാര്‍ട്ടിയുടെ യുവനേതാവും കുടുംബവും ചേര്‍ന്ന് തെരുവിലിറക്കിയ വേദനയാണ് ഈ കുടുംബത്തിന് പങ്കുവയ്‌ക്കാനുള്ളത്. ചാത്ത ശാന്തപ്പുവിന് ഗോപാലപിളള എന്ന ജന്മി അന്‍പത് വര്‍ഷം മുന്‍പ് ഇഷ്ടദാനം നല്‍കിയ 24 സെന്റിലാണ് കുമാരിയും കുടുംബവും കഴിഞ്ഞു വന്നത്. 27 വര്‍ഷം മുന്‍പ് ശാന്തപ്പു മരിച്ചു.
കാട്ടാക്കട പഞ്ചായത്ത് ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട്ടില്‍ കൂട്ടു കുടുംബമെന്നോണം മാതൃസഹോദരിയും സഹോദരങ്ങളും മക്കളുമൊത്ത് എട്ട് പേരടങ്ങുന്ന ഒരു സംതൃപ്ത ജീവിതം. ഈ ജീവിതത്തിലേക്കാണ് വീട് മണ്ണുമാന്തിക്ക് ഇടിച്ചു നിരത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കയ്യൂക്ക് കാണിച്ചതെന്ന് കുമാരി പറയുന്നു. കിടപ്പാടം നഷ്ടപ്പെട്ട ഈ എട്ടംഗ കുടുംബം കഴിഞ്ഞ നാല് ദിവസമായി കാട്ടാക്കട വില്ലേജ് പടിക്കലിലെ ഷെഡ്ഡിലാണ് അന്തിയുറക്കം. പാര്‍ട്ടി ജീവിതം തകര്‍ത്തപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ബിജെപിയും.
കഴിക്കാന്‍ ആഹാരവും ജീവിക്കാന്‍ ബലവും നല്‍കി. പണവും സ്വാധീനവുമുള്ള നേതാവിനു വേണ്ടി കാട്ടാക്കടയിലെ സിപിഎം നേതൃത്വം അത്താഴപട്ടിണിക്കാരായ ഈ ദളിത് സഖാക്കളെ മറന്നു. അവരുടെ വിങ്ങലും വിതുമ്പലും വില്ലേജ് ഓഫീസ് പരിസരത്ത് നിറയുന്നു.
















