പട്ടാമ്പി: ദളിത് തന്ത്രിയും മാതൃകുലം ധര്‍മ്മരക്ഷാ ആശ്രമം മഠാധിപതിയുമായ ബിജു നാരായണ ശര്‍മ്മക്ക് നേരെ നടന്ന ആസിഡ്ആക്രമണത്തില് അന്വേഷണം എങ്ങുമെത്തിയില്ല.
സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചന പോലും പോലീസിന് ലഭ്യമായിട്ടില്ലെന്നാണ് പറയുന്നത്.പോലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് ആശ്രമം അധികൃതര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പട്ടാമ്പി വിളയൂരിലെ വീട്ടില്‍ നിന്നും പൂജ ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. വിളയൂര്‍ ടൗണില്‍ വെച്ച് അജ്ഞാതന്‍ മുഖത്തേക്ക് ആഡിഡ് ഒഴിക്കുകയായിരുന്നുവത്രേ . കീഴ്ചുണ്ട് മുതല്‍ വയര്വരെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റ ബിജുനാരായണ ശര്‍മ്മ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആസൂത്രിതമായ കൊലപാതശ്രമമാണ് നടന്നതെന്ന് ആശ്രമം അധികൃതര്‍ ആരോപിച്ചു.
ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ആശ്രമത്തെയും മഠാധിപതിയേയും തകര്‍ക്കാനുള്ള ചിലരുടെ നീക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ആശ്രമം ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ കെ.കെ.മണികണ്ഠന്, പാര്‍ത്ഥസാരഥി, കെ.മണികണ്ഠന് എന്നിവര്‍ ആവശ്യപ്പെട്ടു.
മാതൃകുല ധര്മ്മരക്ഷാശ്രമത്തിന്റെ നേതൃത്വത്തില്‍ കൗളവേദ പഠനശിബിരങ്ങള് പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇതിന കം നടന്നു കഴിഞ്ഞു.
ദളിത് വിഭാഗങ്ങള്‍ക്കും വേദപഠനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ശിബിരങ്ങള്‍ നടത്തുന്നത്. ഇതിനായി ആശ്രമം സ്ഥാപിച്ചതും നേതൃത്വം നല്‍കുന്നതും മഹാ ചണ്ഡാല ബാബ മഹരാജ് എന്ന് അറിയപ്പെടുന്ന ബിജു നാരായണ ശര്‍മ്മയാണ്.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും എന്നാല്‍ പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ആദ്യത്തെ ദളിത് തന്ത്രിയാണ് ഇദ്ദേഹം.
ജാതിമത ഭേദമന്യേ എല്ലാവര്ക്കും സൗജന്യമായി വേദം പഠിപ്പിക്കുന്ന ബിജുനാരായണ ശര്‍മ്മക്കെതിരെ നടന്ന ആക്രമണത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: