നെയ്യാറ്റിന്‍കര: മറ്റ് രാജ്യങ്ങളിലെ വിദ്യാഭ്യാസ പുരോഗതി നോക്കുമ്പോള്‍ നമ്മുടെ രാജ്യം ഒരു നൂറ് വര്‍ഷമെങ്കിലും പിന്നിലാണെന്ന് മുന്‍ യുഎന്‍ അംബാസിഡറും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര അരുവിപ്പുറം മഠത്തിന് സമീപം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന് കീഴില്‍ ചെങ്കല്ലൂരില്‍ ഗുരു ചൈതന്യ നിലയം ശിവഗിരി ശ്രീ ശാരദാ വിദ്യാപീഠം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ രാജ്യങ്ങളിലേതു പോലെ പുരോഗതി നേടണമെങ്കില്‍ രാഷ്‌ട്രീയ സമന്വയം രൂപീകരിക്കുക മാത്രമേ ഇനി പോംവഴിയുള്ളൂ എന്നും ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി. ധര്‍മ്മ സംഘം ട്രസ്റ്റ് ജന.സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ , സ്വാമി സച്ചിദാനന്ദ, സ്വാമി ബോധിതീര്‍ത്ഥ , സ്വാമി വിശാലാനന്ദ , സ്വാമി അവ്യായാനന്ദ മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ, അരുവിപ്പുറം പ്രചാര സഭ ചീഫ് കോഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















