അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ പലയിടങ്ങളിലായി രൂപപ്പെട്ട കുഴികള്‍ അപകടമുണ്ടാക്കുന്നു. മരുതിമൂട് എസ്ബിഐക്ക് പടിഞ്ഞാറ് ഹോളോബ്രിക്സ് യൂണിറ്റിനു സമീപത്തെ വലിയ കുഴിയില്‍ അടുത്തിടെ നിരവധി യാത്രികര്‍ക്കാണ് വീണു പരിക്കേറ്റത്.
കാല്‍നടക്കാരും ഇരുചക്രവാഹനയാത്രികരുമാണ് മിക്കപ്പോഴും കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതിനെ തുടര്‍ന്ന് അറ്റകുറ്റപണിക്കായി പാതകള്‍ വെട്ടിക്കുഴിക്കുന്നത് പൂര്‍വസ്ഥിതിയിലാക്കാത്തത് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
അടൂര്‍, ഏനാദിമംഗലം ശുദ്ധജലവിതരണപദ്ധതികളുടെ ഭാഗമായി പ്രദേശങ്ങളിലെ പൈപ്പുകള്‍ പൊട്ടുന്നതും തുടര്‍ന്ന് അറ്റകുറ്റപണികളുടെ പേരില്‍ ജലവിതരണം മുടങ്ങുന്നതും ജനങ്ങളെ വലക്കുമ്പോഴാണ് പാതകള്‍ കുഴിച്ച് ആഴ്ച്ചകളോളം ഇടുന്നത്. അറ്റകുറ്റപണികള്‍ കഴിഞ്ഞാല്‍ പാത പൂര്ണസ്ഥിതിയിലാക്കാറില്ല.
കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ പറക്കോട് ഹൈസ്കൂള്‍ കവലയില്‍ ശക്തി തീയറ്ററിനു മുന്നില്‍ കഴിഞ്ഞ ഡിസംബറില്‍ പൈപ്പ് പൊട്ടി പാത തകരുകയും ഇവിടെ നെടുനീളത്തില്‍ കുഴിച്ചിട്ടിരുന്നത് രണ്ടു മാസം കഴിഞ്ഞാണ് കോണ്‍ക്രീറ്റിട്ട് അടച്ചത്.
എന്നാല്‍ ടാര്‍ നിരപ്പില്‍ നിന്നും ഇവിടെ പൊങ്ങിനില്‍ക്കുന്നതും അടുത്തിടെ കുഴികള്‍ രൂപപ്പെട്ടതും കാരണം പടിഞ്ഞാറു നിന്ന് വരുന്ന വാഹനങ്ങള്‍ ഈ ഭാഗം ഒഴിച്ച് വലത്തോട്ടു തിരിച്ചു പോകാന്‍ ശ്രമിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളില്‍ ഇടിക്കാന്‍ സാധ്യതയേറുന്നു. ഇതിനകം നിരവധി ബൈക്ക് യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെട്ടു.
ഇതിനു സമീപം വെള്ളഞ്ചിപാലത്തിനരികിലും പൈപ്പ് പൊട്ടി അറ്റകുറ്റപണി നടത്തിയതിന്റെ ജോലികളും പൂര്ണ്ണമാക്കിയിട്ടില്ല. പൊതുമരാമത്ത് നിരത്ത് വിഭാഗം കാര്യാലയത്തിനു സമീപം രണ്ടിടത്താണ് വലിയ കുഴികളാണ് റോഡില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
വൈഎംസിഎക്കും ആയുര്‍വേദ ആശുപത്രിക്കും സമീപം ദീര്‍ഘചതുരാകൃതിയിലുള്ള കുഴിയും തൊട്ടടുത്ത് റോഡരികിലെ കുഴിയും ഇരുചക്രവാഹനയാത്രികരുടെ പേടിസ്വപ്നമാണ്. ജല അതോറിറ്റിയുടെ ‘കിടങ്ങു’കള്‍ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും ഏറെ ഭീഷണിയാണ്്.
അടൂര്‍-പത്തനാപുരം പാതയില്‍ ഇളമണ്ണൂര്‍, മരുതിമൂട്, പട്ടാഴിമുക്ക്, ഏഴംകുളം, പറക്കോട്, കോട്ടമുകള്‍, അടൂര്‍ എന്നിവിടങ്ങളില്‍ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയതിനെതുടര്‍ന്ന് പാത കുഴിച്ച് അറ്റകുറ്റപണി നടത്തിയിരുന്നു. ഗാര്‍ഹിക കണക്ഷന് നല്‍കുന്നതിന് പാത കുഴിക്കുതും കുഴികള്‍ മൂടാതെ കിടക്കുകയീണ്.
അടൂര്‍ മരിയ ആശുപത്രി കവലക്കു സമീപവും സെന്‍ട്രല്‍ കവലയിലും കെ.എസ്.ആര്.ടി.സി കവലയിലും പൈപ്പ് പൊട്ടിയത് നന്നാക്കാന്‍ പാതയുടെ മധ്യഭാഗം കുഴിച്ചത് വലിയ കുഴിയായി രൂപാന്തരപ്പെട്ടിരുന്നു. പാതയോരത്ത് മണ്ണിനടിയില്‍ ഉള്ള ജല അതോറിറ്റി പൈപ്പുകളും ബിഎസ്എന്‍എല്‍ കേബിളുകളും മാറ്റി സ്ഥാപിക്കാതെയാണ് കെ.പി റോഡ് വീതികൂട്ടി ടാര്‍ ചെയ്തത്.
ടാറിങ് കഴിഞ്ഞാണ് ഇവ മാറ്റി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ആയത്. ഇതിനാല്‍ ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ പൊട്ടി പാത തകരുത് പതിവാകുകയും ചെയ്യുന്നു. റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും നിര്‍മാണത്തിലെ അപാകതകളും കൂടിയായപ്പോള്‍ പാതക്ക് ആയുസ് തീരെയില്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: