തിരുവനന്തപുരം: സിപിഎമ്മിന്റെ മനുഷ്യത്വമില്ലായ്‌മയുടെയും കപട ദളിത് സ്‌നേഹത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാട്ടാക്കടയില്‍ പട്ടികജാതിയില്‍പെട്ട കുമാരിയുടെ വീട് ഇടിച്ചു കളഞ്ഞ സംഭവമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി ഐ. സാജുവിന്റെ കുടുംബവും സിപിഎം നേതൃത്വവും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കുമാരിയുടെ വസ്തു വിട്ടുകൊടുക്കാനുള്ള കോടതിവിധി. 90 വര്‍ഷമായി ഇതേ വസ്തുവില്‍ താമസിക്കുന്ന കുടുംബത്തിനെതിരെ കേസുമായി പോയതും അവരെ സഹായിക്കാമെന്നേറ്റ് വഞ്ചിച്ചതും സിപിഎമ്മുകാരാണ്. ഇവരുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാതെ സിപിമ്മുകാര്‍ ചതിച്ചതിനെ തുടര്‍ന്നാണ് ഒഴിഞ്ഞുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. എതിര്‍വാദം കേള്‍ക്കാതെ ഏകപക്ഷീയമായ വിധിയാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. അതിനുശേഷം അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വിളിച്ചുവരുത്തി അപ്പീല്‍ പോകാന്‍ അനുവദിക്കാതെയും സിപിഎം നേതൃത്വം ഇവരെ വഞ്ചിച്ചു.
കയറിക്കിടക്കാന്‍ മറ്റൊരു സ്ഥലമില്ലാത്ത കുടുംബത്തെ ഇറക്കിവിടാന്‍ നേതൃത്വം നല്‍കിയത് പ്രാദേശിക സിപിഎം നേതാക്കളാണ്. മനുഷ്യത്വമുള്ള നേതാക്കള്‍ ചെയ്യാന്‍ അറയ്‌ക്കുന്ന കാര്യങ്ങളാണ് ഐ.സാജു എന്ന യുവജന നേതാവ് ചെയ്തത്. കോടതിവിധി എതിരായാല്‍ പോലും അവരെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുപ്രവര്‍ത്തകനുണ്ട്. അതിന് തയ്യാറാകാത്ത സാജു പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനമാണ്. പട്ടികജാതിക്കാരുടെ വീട് തകര്‍ക്കാന്‍ കൂട്ടുനിന്ന യുവജന നേതാവിന്റെ പ്രവൃത്തിയെപ്പറ്റി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കണം. ഈ നിര്‍ധന കുടുംബത്തിന് അതേ സ്ഥലത്ത് വീടു വച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മനസാക്ഷി ഉള്ളതിനാലാണ് സിപിഎം പ്രവര്‍ത്തകരായ കുമാരിയുടെയും കുടുംബത്തിന്റെയും അവസ്ഥയില്‍ ബിജെപി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, ജില്ലാ ഉപാധ്യക്ഷന്‍ പാപ്പനംകോട് സജി എന്നിവര്‍ക്കൊപ്പം കുമാരിയും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















