ശ്രീ ദക്ഷിണാമൂര്‍ത്തി ഭഗവാന്‍ പറഞ്ഞുതന്ന കാര്യങ്ങളെക്കുറിച്ച് ശ്രീ ഗണേശന്‍ വീണ്ടും വീണ്ടും ആലോചിച്ചു, ലോക ഗുരുവായ അച്ഛന്റെ വാക്കുകള്‍. ശിഷ്യന്മാരെല്ലാം ഗുരുവിന്റെ വാക്കുകളെ സ്വര്‍ഗീയമായി സ്വീകരിച്ച് ചിന്തിക്കണം.
മനസ് ഒരു പാരാവാരമാണ്. പാലാഴിപോലെ പരന്നു കിടക്കുന്നു. അതില്‍ നല്ലതും ചീത്തയുമെല്ലാമുണ്ട്. അമൃതുമുണ്ട്. മദ്യകുംഭവുമുണ്ട്. കാളകൂടവിഷവുമുണ്ട്. നല്ലതു വേണ്ടവര്‍ക്ക് നല്ലതെടുക്കാം ചീത്ത വേണ്ടവര്‍ക്ക് അതെടുക്കാം. നല്ല ആളുകള്‍ നല്ലതെടുക്കും ചീത്തയാളുകള്‍ ചീത്തയെടുക്കും.
അല്ല, നല്ലയാളുകളും ചീത്തയെടുത്തേക്കാം. കാളകൂടവിഷം ഏറ്റെടുത്തത് അച്ഛന്‍ ശ്രീമഹാദേവന്‍ തന്നെയാണല്ലോ. അങ്ങനെയാണല്ലോ ശിവന്‍ നീലകണ്ഠനായത്. അപ്പോള്‍ ലോകനന്മക്കുവേണ്ടി ചിലര്‍ ചീ ത്തയും ഏറ്റെടുത്തേക്കാം. (മനസ്സ് പാലാഴിക്കരയിലെത്തിയത് ശ്രീ ഗണേശനറിഞ്ഞില്ല.)
ദേവന്മാരും അസുരന്മാരും ഒന്നുചേര്‍ന്നാണ് പാലാഴി മഥനം ആരംഭിച്ചത്. മന്ദര പര്‍വതത്തിനെ കടകോലാക്കി, വാസുകിയെ കയറാക്കി. ദേവാസുരന്മാര്‍ രണ്ടുഭാഗത്തായി നിന്ന് മഹാവിഷ്ണുവിന്റെ നേതൃത്വത്തിലാണ് പാലാഴികടഞ്ഞത്. തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നു. മന്ദരപര്‍വതത്തിന്റെ ഒരുവശം ചെളിയില്‍ പൂണ്ടുപോയി. ആ വശം ചരിയുകയും ചെയ്തു. എല്ലാവരും അങ്കലാപ്പിലായി. എന്താ ഇങ്ങനെ? ഇനിയിപ്പൊ എന്താ ചെയ്യുക.
പാലാഴി കടയും മുന്‍പ് വിഘ്‌നേശ പൂജ ചെയ്തില്ല. അതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. മഹാവിഷ്ണു മറ്റുള്ളവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ഏതുവിധകര്‍മങ്ങള്‍ക്കും ആദ്യം വിഘ്‌നേശ്വര പൂജ നടത്തണം. മഹാദേവന്‍ വിധിച്ചിട്ടുള്ളതാണത്. ആദ്യ സ്ഥാനം ഗണേശനു തന്നെ.
പാലാഴിമഥനത്തിലെ തടസം നീങ്ങാന്‍ വിഘ്‌നേശ പൂജ നടത്താന്‍ എല്ലാവരും തയ്യാറായി. ഈ പൂജ നടത്തി തടസമെല്ലാം മാറ്റിയശേഷം മഹാവിഷ്ണു അംശാവതാരമായി ഒരു ആമയുടെ രൂപംകൈക്കൊണ്ട് പാലാഴിയില്‍ ഊഴ്ന്നിറങ്ങി, ചെളിയില്‍ പൂണ്ട മന്ദര പര്‍വതത്തെ താങ്ങിയുയര്‍ത്തി. മന്ദര പര്‍വതത്തിന്റെ ഗരുഡനായിനിന്ന് കറക്കം നിയന്ത്രിച്ചു.ദേവാസുരന്മാര്‍ക്ക് നേതൃത്വം നല്‍കാനായി അവരുടെ കൂടെനിന്ന് പ്രവര്‍ത്തിച്ചു മഹാവിഷ്ണു.
ഒരാള്‍ പൂജിക്കപ്പെടണമെന്നു തോന്നിയാല്‍ ലോകരെല്ലാം മാതൃകയാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്, അവരെ പഠിപ്പിക്കാനാണ് എന്നെ പൂജിച്ചത്. മഹാവിഷ്ണു പൂജിച്ച ഒരാളെ പൂജിക്കാന്‍ മറ്റുള്ളവരും തയ്യാറാകുമല്ലോ.
















