തീര്‍ത്ഥാപാദാശ്രമത്തിന്റേതായ അധീതി ബോധാചരണ പ്രചാരണങ്ങളില്‍ നിതാന്തശ്രദ്ധ പുലര്‍ത്തിയിരുന്ന മഹാത്മാവാന്ന് വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍. സ്വാമിയുടെ 33-ാമത് സമാധി ദിനമാണ് 2017 ജൂണ്‍ 7
തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ ശിഷ്യനായിരുന്നു വിദ്യാനന്ദതീര്‍ത്ഥസ്വാമികള്‍. വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാരെ കൂട്ടിയിണക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍. അങ്ങനെയാണ് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്ഥാപിക്കപ്പെട്ടത്. ആ ആശ്രമത്തിന്റെ കാര്യദര്‍ശിയായും അധ്യക്ഷനായും ഏറെക്കാലം സേവനനിരതനായിരുന്നു അദ്ദേഹം.
ആറന്മുളയ്‌ക്കടുത്ത് പുല്ലാട്ട് എന്ന ഗ്രാമത്തില്‍ തെങ്ങിന്‍ തോട്ടത്തില്‍ വീട്ടില്‍ 1911 ജനുവരി അഞ്ചിന് ജനിച്ച കൃഷ്ണന്‍ നായരാണ് വിദ്യാനന്ദതീര്‍ത്ഥപാദരായി തീര്‍ന്നത്. പുല്ലാട്ടെ പൗരസ്ത്യകലാലയത്തില്‍ ജ്യോതിഷം ഐച്ഛികമായെടുത്ത് പഠനം നടത്തുകയുണ്ടായി. ക്രമേണ ജ്യോതിഷത്തില്‍ വിരക്തിയും വേദാന്തത്തില്‍ രക്തിയും വര്‍ദ്ധിച്ചു.
ആയിടയ്‌ക്കാണ്, 1935ല്‍ തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ ദര്‍ശന സൗഭാഗ്യം ലഭിക്കുന്നത്. ക്രമേണ യോഗ-വേദാന്ത വിഷയകങ്ങളായ അഭ്യാസക്രമങ്ങള്‍ സ്വാമിജിയില്‍ നിന്നും ഗ്രഹിച്ചു. ഗുരുവിന്റെ സമാധിക്കുശേഷം പണ്ഡിതവരേണ്യനായ പന്നിശ്ശേരി നാണുപിള്ളയില്‍ നിന്ന് സ്വാമികള്‍ വേദാന്തകാര്യങ്ങളില്‍ കുറേക്കൂടി അറിവു നേടി.
ഉപരിഗ്രന്ഥങ്ങളെല്ലാം അനായാസമായെടുത്തു പെരുമാറാന്‍ വിദ്യാനന്ദസ്വാമിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. അരനൂറ്റാണ്ടുകാലം അദ്ദേഹം ആ കഴിവ് ലോകോദ്ധാരണാര്‍ത്ഥം പ്രയോഗത്തില്‍ വരുത്തിക്കൊണ്ടു ജീവിച്ചു. ലളിത മലയാളത്തില്‍ ഏതു കഠിനവിഷയവും പ്രതിപാദിക്കാന്‍ സ്വാമിക്കു കഴിവുണ്ടായിരുന്നു.
ചട്ടമ്പിസ്വാമികളുടെ അദ്വൈതചിന്താപദ്ധതിക്കും വേദാധികാര നിരൂപണത്തിനും അതിപ്രൗഢമായ ആമുഖപഠനങ്ങള്‍ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ എഴുതിയിട്ടുണ്ട്. തപോവന സ്വാമികളുമൊന്നിച്ച് ഹിമഗിരിയില്‍ കഴിഞ്ഞുകൂടിയതിന്റെ അമൂല്യാനുഭവങ്ങള്‍ മറ്റൊരു പുസ്തകത്തില്‍ (തപോവന സന്നിധിയില്‍ ഒരാഴ്ചക്കാലം) വിവരിക്കുന്നു. 1971 ല്‍ പ്രസിദ്ധം ചെയ്ത ‘പ്രണവോപാസന’എന്ന കൃതിക്ക് മൂന്നു പതിപ്പുകളായി. ബ്രഹ്മസ്വരൂപമായ പ്രണവത്തെ ഉപാസിക്കേണ്ടതെങ്ങനെ എന്ന് ആരംഭിക്കുന്ന ആ ഉല്‍കൃഷ്ടചിന്തകള്‍ ഒരു വേദാന്തവിജ്ഞാനച്ചെപ്പാണ്.
‘ആത്മാനുഭൂതി’, ‘ശ്രീകൃഷ്ണസ്മരണാഞ്ജലി’ മുതലായവ കാവ്യങ്ങളാണ്. തീര്‍ത്ഥപാദ പരമഹംസചരിത്രമാണ് സ്വാമികളുടെ പരമോല്‍കൃഷ്ടമായ കൃതി. സ്വഗുരുനാഥന്റെ ജീവചരിത്രമാണത്. 1268 പേജുള്ള ആ ബൃഹദ്ഗ്രന്ഥം, പണ്ഡിത് രാമകൃഷ്ണന്‍നായരോ ടൊപ്പം എഴുതിയതാണെങ്കിലും ആ ചരിത്രത്തിന്റെ കാതലായ ഭാഗമെല്ലാം സ്വാമികളുടെ രചനയാണ്.
ഒരു സര്‍വ്വവേദാന്ത സിദ്ധാന്തകോശം തന്നെയാണ് ആ ജീവചരിത്രം. സാര്‍ത്ഥകവും പവിത്രവും ആയ ജീവിതം നയിച്ച ആ ആചാര്യവര്യന്റെ സമാധി കേരളത്തിലെ ആസ്തികജനങ്ങള്‍ക്കെല്ലാം തീരാനഷ്ടമാണ്.
വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളെപോലുള്ളവരുടെ പണ്ഡിതോചിതമായ ജീവിതം പഠിക്കുമ്പോഴാണ് സംന്യാസത്തിന്റെ അസ്തമയസന്ധ്യയുടെ അദൃശ്യസംഗീതമാണോ നാം കേള്‍ക്കുന്നതെന്ന് ആലോചിച്ചുപോകുക. സമകാലീന ‘കേരള മാതൃകകള്‍’ നല്‍കുന്ന അപായസൂചനകള്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
അനിയന്ത്രിതമായ വികാരങ്ങളുടെ വിഭ്രാന്തിയില്‍ പെട്ടുഴലുന്നവര്‍ ആദ്ധ്യാത്മികതയുടെ കുത്തക മുഴുവന്‍ തങ്ങള്‍ക്കു മാത്രമാണെന്ന് അഹങ്കരിക്കുമ്പോള്‍ യഥാര്‍ത്ഥ തീര്‍ത്ഥപാദന്മാരെ കണ്ടെത്തുകയാണ് ജിജ്ഞാസുക്കളുടെ കര്‍ത്തവ്യം.
















