വിളപ്പില്‍: തെരുവില്‍ അലഞ്ഞു നടന്ന വൃദ്ധയ്‌ക്കും വിധവയായ മകള്‍ക്കും സ്‌നേഹക്കൂട്ടില്‍ അഭയം നല്‍കി സത്യാന്വേഷണ. കടപ്പനക്കുന്ന് ദയാ നഗര്‍ കാവുവിള ലക്ഷ്മി നിവാസില്‍ സുശീല (70), മകള്‍ മഞ്ചു (43) എന്നിവരെയാണ് തെരുവില്‍ നിന്ന് സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
പേയാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സത്യാന്വേഷണയുടെ നെടിയവിളയിലെ വയോജന കേന്ദ്രത്തില്‍ ഇനി ഈ അമ്മയ്‌ക്കും മകള്‍ക്കും ആരെയും ഭയക്കാതെ അന്തിയുറങ്ങാം. കഴിഞ്ഞ മാസം 10 നാണ് സുശീലയെയും മകളെയും ഇവര്‍ക്ക് ആകെയുണ്ടായിരുന്ന മൂന്നു സെന്റും വീടും കൈക്കലാക്കിയ ശേഷം ബന്ധു തെരുവിലേക്ക് ആട്ടിയിറക്കിയത്.
മഞ്ചുവിന് അഞ്ച് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കൂലിപ്പണി ചെയ്താണ് സുശീല മകളെ വളര്‍ത്തിയത്. മഞ്ചുവിന്റെ ഭര്‍ത്താവ് എട്ട് വര്‍ഷം മുന്‍പ് മരിച്ചതോടെ ഇവര്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ഇവര്‍ക്കൊപ്പം കയറി പറ്റിയയാളാണ് ആകെയുള്ള കിടപ്പാടം തട്ടിയെടുത്ത് ഇവരെ തെരുവിലിറക്കിയത്.
ഓരോ പ്രദേശത്തെയും ആദ്യം അടയ്‌ക്കുന്ന കടയുടെ തിണ്ണയിലായിരുന്നു ഇവരുടെ അന്തിയുറക്കം. കഴിഞ്ഞ രണ്ട് ദിവസമായി പേയാട് ജംഗ്ഷനിലെ കടത്തിണ്ണയില്‍ കഴിയുന്ന ഇവരോട് പ്രദേശത്തെ ചില സാമൂഹിക പ്രവര്‍ത്തകര്‍ കാര്യം തിരക്കി. വൃദ്ധയുടേയും മകളുടേയും ദയനീയവസ്ഥ ബോധ്യപ്പെട്ട ഇവര്‍ സത്യാന്വേഷണയെ അറിയിക്കുകയായിരുന്നു. ഇന്നലെ വിളപ്പില്‍ശാല പോലീസില്‍ വിവരം നല്‍കിയ ശേഷം സത്യാന്വേഷണ ഭാരവാഹികളായ മോഹനന്‍, മുരളീധരന്‍, ജനാര്‍ദ്ദനന്‍, ചന്ദ്രന്‍, ശൈലേഷ് എന്നിവരെത്തി അമ്മയെയും മകളെയും ഏറ്റെടുത്തു. സത്യാന്വേഷണയിലെ ആരോരുമില്ലാത്ത ഇരുപതോളം അമ്മമാര്‍ക്കൊപ്പം ഇനി ഇവര്‍ക്കും കഴിയാം.
















