പരവൂര്‍: പരവൂര്‍ നഗരത്തിലെ പ്രധാനപ്പെട്ടതും ഏറ്റവും നീളം കൂടിയതുമായ തോടാണ് വേങ്കോട്ട്‌തോട്. പരവൂര്‍ നഗരത്തിന്റെ ഹൃദയഭാഗമായ മാര്‍ക്കറ്റില്‍ നിന്നും ഒഴുകി വരുന്ന വെള്ളം ഈ തോടിലൂടെ ഒഴുകിയാണ് പരവൂര്‍ കായലിലേക്ക് പതിക്കുന്നത്.
നഗരസഭാ അധികൃതര്‍ക്ക് പോലും ഈ തോടിന്റെ ശോച്യാവസ്ഥ അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ തോടിന്റെ ഇരുവശങ്ങളിലുമായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. മഴയായാലും വെയിലായാലും ഇവിടുത്തെ പരിസരവാസികള്‍ക്ക് നരകമാണ് ഇവിടം. മഴ പെയ്താല്‍ നഗര ഭാഗങ്ങളില്‍ നിന്നും വരുന്ന ജലം കൃത്യമായി കായലിലേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനം ഈ തോടിനില്ല. ഇരുവശങ്ങളിലുമുള്ള പുരയിടങ്ങള്‍ ഇടിഞ്ഞ് ഈ തോടില്‍ ഇറങ്ങുന്നതാണ് ഇതിന് കാരണം. നിരവധി മാലിന്യങ്ങളാണ് ഇതിലൂടെ ഒഴുകിയെത്തുന്നത്. ഇത് കെട്ടിക്കിടന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ വരെ എത്താറുണ്ട്.
മഴക്കാല പൂര്‍വ്വശുചീകരണവുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതര്‍ വര്‍ഷംതോറും നോട്ടീസ് അച്ചടിച്ച് വീടുകളില്‍ എത്തിക്കുന്നതും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുന്നതുമല്ലാതെ ഇതിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളാറില്ല. ഈ തോടിന്റെ വശങ്ങളില്‍ താമസിക്കുന്നവരുടെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ പലവിധ രോഗങ്ങള്‍ ഇതുമൂലം വരാറുണ്ട്.
കൂടാതെ ഇഴജന്തുക്കള്‍ ഇവിടെ വിഹാരകേന്ദ്രമാക്കിയിരിക്കുന്നതും നാട്ടുകാരില്‍ ഭീതി ഉളവാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് നിവേദനങ്ങള്‍ പലതും നഗരസഭാ അധികൃതരുടെ കൈകളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ തോട്ടില്‍ക്കൂടി ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ വന്ന് പതിക്കുന്നത് നഗരസഭ ഏറെ കൊട്ടിഘോഷിക്കുന്ന പരവൂര്‍ കായലിലാണ്. ഇനിയുള്ള ദിവസങ്ങളില്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നിരവധി രോഗങ്ങള്‍ ഈ തോട് സമ്മാനിക്കും.
















