ആലപ്പുഴ: മുയല്‍ കൃഷിയുടെ പേരില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തു നടന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് കേസെടുത്തു. യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ച അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളെ തുടര്‍ന്നാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്തത്.
മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. മുയല്‍ കര്‍ഷക സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ആലപ്പുഴ പോലീസ് ചീഫിന് നിര്‍ദ്ദേശം നല്‍കി. മണ്ണഞ്ചേരി പോലീസാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. പദ്ധതിയിലംഗങ്ങളായ ആയിരക്കണക്കിന് കര്‍ഷകര്‍ ജപ്തി നേരിടുകയാണ്.
2006-07ല്‍ കേരള വികസനം എന്ന പദ്ധതിയിലാണ് റാബിറ്റ് പ്ലസ് എന്ന പേരില്‍ മുയല്‍കൃഷി പദ്ധതി നടപ്പാക്കിയത്. മൃഗസംരക്ഷണ വകുപ്പാണ് ഇതിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ആലപ്പുഴയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. അഞ്ഞൂറോളം ഗ്രൂപ്പുകള്‍ക്ക് 1,25,000 രൂപ വീതം ധനസഹായം നല്‍കി മുയല്‍ കൃഷി വ്യാപിപ്പിക്കുന്നതായിരുന്നു പദ്ധതി.
ഇതിനിടെ റാബിറ്റ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയെ പദ്ധതി നടത്തിപ്പിന്റെ ഇടനിലക്കാരായി അവതരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. അഞ്ച് അംഗങ്ങളടങ്ങിയ സംഘത്തിന് പണം നേരിട്ടുനല്‍കാതെ എസ്ബിടി മുഖേന ബ്രീഡേഴ്‌സ് അസോസിയേഷനാണ് വായ്‌പ നല്‍കിയത്. വായ്‌പ കര്‍ഷകരുടെ പേരിലും പണം ലഭിച്ചത് അസോസിയേഷനും എന്നതായി അവസ്ഥ.
47,000 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ബാക്കി പണം ബ്രീഡേഴ്‌സ് അസോസിയേഷനാണ് എസ്ബിടി നല്‍കിയത്. അസോസിയേഷന്‍ മുഖേന നല്‍കിയ മുയലുകളെല്ലാം ചത്തൊടുങ്ങി. ഇതിനിടെ ചിലര്‍ തട്ടിക്കൂട്ടി രൂപീകരിച്ച റാബിറ്റ് ബ്രീഡേഴ്‌സ് അസോസിയേഷനും അപ്രത്യക്ഷമായി. ഇതോടെയാണ് കര്‍ഷകര്‍ കടക്കെണിയിലായത്.
ഓരോ ഗ്രൂപ്പും 2,70,000 രൂപ വീതം അടയ്‌ക്കാനാണ് ബാങ്ക് നോട്ടീസ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ പരാതിയുമായി രംഗത്തെത്തിയത്. തട്ടിപ്പ് നടന്നതായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ജയമോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.
















