കാസര്‍കോട്: കാസര്‍കോട് നഗരത്തിലുള്ള സ്‌കൂളിലെ ഹിന്ദു പെണ്‍കുട്ടിയെ മതംമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തിയതായി പരാതി. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പഞ്ചാബ് പത്താന്‍കോട്ട് സ്വദേശിയായ യുവാവാണ് മതം മാറ്റാന്‍ ശ്രമം നടത്തിയതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് വഴി പരിചയപ്പെട്ട യുവാവാണ് മതം മാറ്റാന്‍ ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നത്.
പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളില്‍ നിന്ന് മാറ്റി മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരാന്‍ യുവാവ് നിര്‍ബന്ധിച്ചതായും പിന്നീട് മതം മാറ്റാന്‍ ശ്രമിച്ചതായുമാണ് ആക്ഷേപം. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതോടെ വീട്ടുകാര്‍ കാര്യമന്വേഷിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറയാന്‍ തയ്യാറായില്ല.
സംശയം കനത്തതോടെ അടുത്ത ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയയാക്കിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തായത്.
ഐ.എസിലേക്കു റിക്രൂട്ട് ചെയ്യുന്നതിന്റെ ആദ്യപടിയായാണ് പെണ്‍കുട്ടിയെ മാനസാന്തരപ്പെടുത്താനുള്ള ശ്രമം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്.
കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്യൂഷന്‍ സെന്റര്‍ വഴിയാണ് മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് കാസര്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
സിറിയയിലും യമനിലും പോരാട്ടം നടത്തുന്ന ഐ.എസ് ഭീകരര്‍ക്കായി 1000 പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യണമെന്നാണ് ഐ.എസിനു വേണ്ടി ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നത്.
ഇതിന്റെ വിശദാംശങ്ങളെല്ലാം കേന്ദ്ര ഇന്റലിജന്‍സ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയ ചതിയില്‍ കുരുക്കി പെണ്‍കുട്ടികളെ വശത്താക്കിയശേഷം മതപരിവര്‍ത്തനം നടത്തി ലൈംഗിക അടിമകളാക്കി നാടുകടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
ഇതിനു പിന്നില്‍ വിദേശത്തു കഴിയുന്ന ഒരു മലയാളി യുവാവാണെന്നും വന്‍ തോതില്‍ പണം ഒഴുക്കുന്നതായും അധികൃതര്‍ക്കു വിവരം ലഭിച്ചിരുന്നു. പരിവര്‍ത്തനം നടത്തുന്നതിന്റെ ലക്ഷ്യം പ്രസ്തുത കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കുപോലും അറിയില്ലെന്നും അന്വേഷണ വൃത്തങ്ങള്‍ വിലയിരുത്തുന്നു.
















