എസ്ടിപിടിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ഐടി- ഇഎസ്ഡിഎം വ്യവസായ സംരംഭകരുമായുള്ള സംവാദത്തില്‍ കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് സംസാരിക്കുന്നു സീനിയര്‍ ഡയറക്ടര്‍ ദേവേഷ് ത്യാഗി, എസ്ടിപിഐ ഡയറക്ടര്‍ ജനറല്‍ ഓംകാര്‍ റായ്, കേന്ദ്ര ഐടി സെക്രട്ടറി അരുണാ സുന്ദര്‍ രാജന്‍, കേരള ഐടി സെക്രട്ടറി എം. ശിവശങ്കര്‍ സമീപം.
കൊച്ചി: ഫെഡറലിസത്തിന്റെ പേരില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്ന കേരള മുഖ്യമന്ത്രി മറ്റെന്തെങ്കിലും നല്ലകാര്യം കണ്ടെത്തുന്നത് നന്നായിരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. കന്നുകാലിക്കടത്ത് നിയന്ത്രണ വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിനുള്ള പിണറായി വിജയന്റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു.
”ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടുന്നില്ല. പക്ഷേ, ഫെഡറലിസം സംരക്ഷിക്കാന്‍ വേറേ ഏതെങ്കിലും നല്ലകാര്യം കണ്ടെത്തുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി, എന്റെ പാര്‍ട്ടിക്കാര്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് മാന്യമായി ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെടുകയാണ്. ബിജെപിയെ പരീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവസരം കൊടുക്കൂ. പരിശോധിച്ച് അവര്‍ കൊള്ളുകയോ തള്ളുകയോ ചെയ്യട്ടെ,” മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഐടി രംഗത്തെ സാദ്ധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിധം വിനിയോഗിക്കുന്നില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതികള്‍ അവതരിപ്പിച്ചാല്‍ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.
കാക്കനാട്ട് പുതിയ ഇലക്‌ട്രോണിക് സാമഗ്രികളുടെ വിശാല നിര്‍മ്മാണ കേന്ദ്രം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. ബാക്കി സംസ്ഥാന സര്‍ക്കാര്‍ മുടക്കണം.
കാക്കനാട്ടുതന്നെ ഇങ്കുബേറ്റര്‍ ഫെസിലിറ്റിക്കും തീരുമാനമായി. കൂടുതല്‍ വിവരങ്ങളായില്ല. കേരളം ആധാര്‍ കാര്‍ഡും ബാങ്കും ബന്ധിപ്പിച്ച് അതുവഴി അര്‍ഹര്‍ക്ക് കേന്ദ്ര സഹായങ്ങളും സബ്‌സിഡികളും മറ്റും നേരിട്ടു കിട്ടാനുള്ള സംവിധാനം അതിവേഗം നടപ്പാക്കണം, മന്ത്രി പറഞ്ഞു.
















