തിരുവനന്തപുരം തൈക്കാട് ബിജെപി ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായും നേതാക്കളും പ്രഭാതഭക്ഷണത്തിനെത്തിയപ്പോള്‍
തിരുവനന്തപുരം: നിലത്തിരുന്ന് ഭക്ഷണം വിളമ്പിയ കുടുംബത്തോട് വിശേഷങ്ങള്‍ ചോദിക്കല്‍, ഫോട്ടോ എടുക്കാനെത്തിയവരെ അരികില്‍ വിളിച്ചുചേര്‍ത്തുപിടിച്ച് ഫോട്ടോയെടുക്കല്‍, കുട്ടികളോട് കുശലം ചോദിക്കല്‍. ബിജെപി തിരുവനന്തപുരം മണ്ഡലത്തിലെ 96-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ തൈക്കാട് ശാസ്താക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിയ വിശിഷ്ട അതിഥിയുടെ പെരുമാറ്റം വീട്ടുകാരെയും ബന്ധുക്കളെയും ആശ്ചര്യപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായായിരുന്നു വിശിഷ്ടാതിഥി.
രാവിലെ ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനുശേഷമാണ് പ്രഭാതഭക്ഷണത്തിനായി അമിത്ഷാ രതീഷിന്റെ വീട്ടിലെത്തിയത്. നിലത്ത് പായവിരിച്ച് ചമ്രം പടഞ്ഞിരുന്നായിരുന്നു ഭക്ഷണം കഴിക്കല്‍. ഇഡ്ഡലിയും സാമ്പാറും ചട്ണിയും വടയും ചായയും പായസവുമൊക്കെ അമിത്ഷാ ശരിക്കും ആസ്വദിച്ചു. ഭക്ഷണം വിളമ്പിയ രതീഷിന്റെ അമ്മ രമണിഭായിയോടും സഹോദരി രാജലക്ഷ്മിയോടും ഭര്‍ത്താവും സുരേഷിനോട് സൗഹൃദം പങ്കിട്ടു.
ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേഷ്‌യാദവ്, സഹസംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, സെക്രട്ടറി എച്ച്.രാജ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ കൂടുതലും എണ്ണമയമുള്ള ഭക്ഷണമാണെന്ന് പറഞ്ഞ അമിത്ഷാ ആരോഗ്യപരിപാലനത്തിന്റെ കാര്യം സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തി. തന്റെ ബിപിയില്‍ വ്യത്യാസം വന്നപ്പോള്‍ വ്യായാമത്തിലൂടെ നിയന്ത്രിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയ അമിത്ഷാ വ്യായാമമോ യോഗയോ ചെയ്യുന്നത് നല്ലതാണെന്ന് പറഞ്ഞു. കുടിക്കാന്‍ ചൂടുവെള്ളം കൊണ്ടുവന്നപ്പോള്‍ ഇത് നല്ല ശീലമാണെന്നായിരുന്നു പ്രതികരണം.
ഇതിനിടെ അല്പം വൈകിയെത്തിയ സംഘടനാ സെക്രട്ടറി രാംലാലും ഭക്ഷണം കഴിക്കാനിരുന്നു. വേഗത്തില്‍ ഭക്ഷണം കഴിച്ചുതുടങ്ങിയ രാംലാലിനോട് പതുക്കെ കഴിച്ചാല്‍ മതി. അഞ്ചുമിനിട്ട് വൈകിയാലും പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു ഉപദേശം. ഇതിനിടെ രതീഷ് അമിത്ഷായുടെ സമീപത്തെത്തി. രതീഷിന്റെ വീട്ടുകാര്‍ ആ ചിത്രം പകര്‍ത്തിയത് കണ്ട അമിത്ഷാ രതീഷിനെ കൈനീട്ടി അടുത്തുവിളിച്ച് കൈകൊടുത്തുകൊണ്ട് ഫോട്ടോസെഷനില്‍ പങ്കുചേര്‍ന്നു. അവിടേക്ക് എത്തി നോക്കിയ രതീഷിന്റെ സഹോദരിയുടെ മക്കളായ ഗൗരികൃഷ്ണയെയും സൂര്യകൃഷ്ണയെയും അര്‍ജ്ജുനനെയും അടുത്തുവിളിച്ച് കുശലം ചോദിച്ചു.
ഇറങ്ങാന്‍ നേരം കുടുംബത്തോടൊപ്പം ഫോട്ടോയെടുത്തു.
യാത്രപറഞ്ഞിറങ്ങിയപ്പോള്‍ വീടിന് പുറത്ത് ബൂത്ത് പ്രവര്‍ത്തകരുടെ നിര. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും കലാകാരനുമായ അരുണ്‍ലാല്‍ താന്‍ വരച്ച അമിത്ഷായുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. ഉടന്‍ തന്നെ ബൂത്ത് പ്രവര്‍ത്തകര്‍ ആരൊക്കെയുണ്ടെന്നായി ചോദ്യം. അവര്‍ മാത്രം തന്നോടൊപ്പം ചേര്‍ന്ന് ഒരു ഫോട്ടോയെടുക്കട്ടെ എന്നായി. ഫോട്ടെയെടുത്ത് എല്ലാവരോടും യാത്രപറഞ്ഞ് മടക്കം.
















