ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റില്‍. ആക്രമണം നടന്നതിനു പിന്നാലെ ആരംഭിച്ച ശക്തമായ അന്വേഷണത്തിലാണ് 12 പേര്‍ അറസ്റ്റിലായത്. ആക്രമണം നടന്നതിനു സമീപത്തെ ഫ്‌ളാറ്റുകളിലടക്കം പോലീസ് പരിശോധന നടത്തി. സംഭവസ്ഥലത്തിന് സമീപത്തെ ഫ്‌ളാറ്റുകളില്‍ കുടുംബമായി താമസിച്ചിരുന്ന ചിലര്‍ ഭീകരരാണോ എന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആക്രമണത്തിനു പിന്നാലെ ആരംഭിച്ച പോലീസിന്റെ പരിശോധനകള്‍ ഇപ്പോഴും തുരുകയാണ്. മധ്യലണ്ടനിലെ ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമായി നടന്ന ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തെ തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജും ലണ്ടന്‍ ബ്രിഡ്ജ് റെയില്‍വെ സ്റ്റേഷനും അടച്ചിരുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 നായിരുന്നു ആക്രമണം നടന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയായിരുന്നു അക്രമം. ബോറോ മാര്‍ക്കറ്റില്‍ വെള്ള നിറത്തിലുള്ള വാനിലെത്തിയ അക്രമികള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ആയുധവുമായി ചാടിയിറങ്ങി വെട്ടുകയായിരുന്നു. അക്രമികള്‍ സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. അക്രമികള്‍ മൂന്നു പേരെയും പോലീസ് വധിച്ചിരുന്നു.
















