മഴനിഴല്‍ പ്രദേശങ്ങളുടേയാണ് ഇപ്പോള്‍ ആകാശം. ചുട്ടുപഴുത്തുകിടന്നിരുന്ന ഭൂമിക്ക് വരണ്ടുണങ്ങിയ ആകാശം കണ്ടു മടുത്തിരുന്നു. ഇനി ഉഷ്ണക്കൊള്ളയുടെ വിഷാദം മറന്നു കുളിരുകൊള്ളാം. മഴ വരാന്‍ ആരാണാവോ ചക്കര പീരകൊടുത്തത്.
മഴ നനഞ്ഞു തന്നെയാണ് കുട്ടികള്‍ സ്ക്കൂളിലേക്കുപോയതും വന്നതും. മഴയോടുകൂടി സ്ക്കൂളിലേക്കുപോയിരുന്ന കാലം പറഞ്ഞു മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ കൊതിപ്പിച്ചത് വെറുതെയായില്ല. കുട്ടികള്‍ മഴനൂല്ക്കൈകളില് പിടിച്ചുകൊണ്ടാണ് ക്ളാസിലേക്കുപോയത്. കുഞ്ഞുങ്ങളെ അമ്മമാര്‍ കുടചൂടിച്ച് എടുത്തും നടത്തിയും തിരിച്ചു വരുമ്പോള്‍ കുടയായ് ചെന്നും കാത്തുനിന്നുമൊക്കെ മഴയോട് സ്നേഹത്താല്‍ പരിഭവിച്ചു.
മെയ് ഒടുക്കം മഴതുടങ്ങുമെന്ന് കലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു.അതു തെറ്റിയില്ല. ഒന്നു രണ്ടു ദിവസമായി രാത്രിയും പകലുമൊക്കെ മഴ തിമിര്‍ത്തുപെയ്ത് കടംവീട്ടിക്കൊണ്ടിരിക്കുകയാണ്. ഒറ്റമഴയ്ക്കുതന്നെ നിറഞ്ഞ തോടുകളും കുളങ്ങളും കിണറുകളുമുണ്ട്. ഉരുകിത്തിളച്ച ചൂടിനു ശമനം ഉണ്ടായത് വലിയ ആശ്വാസം.പക്ഷേ ഇടയ്ക്കു വെയിലുവരുമ്പോള്‍ നനവിന്റെ തരിമ്പും കാണില്ല. മഴപെയ്തോന്നു തന്നെ വിശ്വസിക്കാനാവാത്തപോലെ.കുട്ടികള്‍ക്കു മഴയത്തു കളിക്കാന്‍ രസമുണ്ടാകും. പക്ഷേ വീട്ടുമുറ്റത്തു ഒരിറ്റുവെള്ളമില്ല. സിമന്റിട്ട തറയില്‍ ഒന്നു നില്ക്കാനാവാതെ പേടിച്ചോടിപ്പോകാനുള്ള വഴികളിലൂടെ വെള്ളം ഒഴുകിപ്പോകുന്നു. അല്ല കുട്ടികള്ക്കത്തരം മഴക്കളികളും അറിയില്ല.
ഒന്നു നനഞ്ഞാല്‍ ചിലപ്പോള്‍ ചീറാപ്പും വന്നേക്കാം. മഴക്കാലം ചീറാപ്പുകളുടേയും കാലമാണല്ലോ.പണ്ട് മഴനനഞ്ഞും കളിച്ചുമൊക്കെ പ്രകൃതിയോട് ഇണങ്ങിയിരുന്നു. ഇന്ന് ഇണങ്ങാതെ മഴ ഒളിച്ചു കളിക്കുകയാണ്, മഴയെ പലവിധവും നമ്മള് അകറ്റിയതിന്. എത്ര കാത്തിരുന്നിട്ടാണ് മഴ വന്നതെങ്കിലും രണ്ടു ദിവസം തോരാതെ പെയ്താല്‍ നമ്മള് പറയും ഹോ എന്തൊരു മഴ. അങ്ങനെ ഓരോരോ പയ്യാരങ്ങള്‍. ഒന്നു പുറത്തിറങ്ങാന്‍ വയ്യ. ഒന്നു തുണിയുണക്കാന്‍ എന്തുചെയ്യും. നോക്കണേ പെയ്യാതെ പെയ്തപ്പോഴും മഴയോടു വക്കാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: