കേക്കുണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഉണ്ടായിരുന്ന ബാങ്ക് ജോലി വിട്ട് സ്വന്തമായി ഡിസൈനര്‍ കേക്ക് ബിസിനസ്സ് തന്നെ തുടങ്ങിയ ലക്ഷ്മി ശ്രീധറിനെ കുറിച്ച് കേള്‍ക്കുമ്പോഴോ? ചിത്ര രചനയിലും പാചകത്തിലുമൊക്കെ താല്പര്യമുണ്ടായിരുന്ന ലക്ഷ്മി മകന്റെ പിറന്നാളിന് കേക്കുണ്ടാക്കിയതാണ് കേക്കു നിര്‍മ്മാണത്തിലേക്ക് തിരിയാന്‍ കാരണമായത്.
അങ്ങനെ ലക്ഷ്മി ഡിസൈനര്‍ കേക്ക് നിര്‍മ്മാണ കോഴ്സിന് പോയി. പഠനമൊക്കെ കഴിഞ്ഞ് 2012-ല്‍ ഒരു കേക്ക് ഷോപ്പും തുടങ്ങി- ‘ബേക്കേഴ്സ് വോക്ക്’. എല്ലാവരേയും പോലെ വെറുതെ കേക്കുണ്ടാക്കുകയായിരുന്നില്ല ലക്ഷ്മിയുടെ ലക്ഷ്യം. പുതുമ വേണം. ചിത്ര കലയിലും കഴിവു തെളിയിച്ചിട്ടുളളതുകൊണ്ട് ഡിസൈനര്‍ കേക്കുകളൊരുക്കി വിസ്മയം സൃഷ്ടിച്ചു ലക്ഷ്മി.
അങ്ങനെ കണ്ടും കേട്ടും ലക്ഷ്മിയുടെ കേക്കുകള്‍ക്ക് ആവശ്യക്കാരേറി. ഇഷ്ടമുളള ഡിസൈനില്‍ കേക്കുകളൊരുക്കി നല്‍കാനൊരുക്കമാണ് ലക്ഷ്മി. സെലിബ്രിറ്റികള്‍ക്കായി തീര്‍ത്ത കേക്കുകള്‍ കാഴ്ചക്കാരില്‍ അദ്ഭുതം ജനിപ്പിക്കും.
നടന് ജയസൂര്യയുടെ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ആടിന്റെ രൂപത്തിലുണ്ടാക്കിയ കേക്കും പുണ്യാളന് അഗര്‍ബത്തീസിനു വേണ്ടിയൊരുക്കിയ കേക്കും ലക്ഷ്മിയുടെ കരവിരുതിന്റെ തെളിവായിരുന്നു. ഒരിക്കല്‍ വിവാഹാവശ്യത്തിനായി വധുവിന്റെ പൊക്കത്തിലുണ്ടാക്കിയ കേക്കും, 2014-ലെ ലോകകപ്പ് പന്തായ ബ്രസൂക്കയുടെ മാതൃകയില്‍ തയ്യാറാക്കിയ കേക്കും മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ചേച്ചിക്കൊപ്പം അനിയനും
എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ റാം മോഹന്‍ ചേച്ചി ലക്ഷ്മിയുടെയൊപ്പം കേക്ക് ബിസിനസ്സില്‍ ചേരുകയാണെന്നു പറഞ്ഞപ്പോള്‍ ചില്ലറ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരാതിരുന്നില്ല. എങ്കിലും റാമിന്റെ മനസ്സു കണ്ടറിഞ്ഞ വീട്ടുകാര്‍ പിന്നീട് എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. ”ആദ്യമൊക്കെ നോ പറഞ്ഞെങ്കിലും എന്റെ പാഷനും സമീപനവുമൊക്കെ മനസ്സിലാക്കിയതു കൊണ്ടാകാം എതിര്‍പ്പൊക്കെ പതുക്കെ ഇല്ലാതായി”- റാമിന്റെ വാക്കുകള്‍.
കൃത്രിമമായ ചേരുവകളൊന്നും ചേര്‍ക്കാതെ പാരമ്പര്യ രീതിയില്‍ ഉണ്ടാക്കിയെടുക്കുന്നു എന്നതാണ് ബേക്കേഴ്സ് വോക്കിലെ കേക്കിന്റെ പ്രത്യേകത. ആല്‍ക്കഹോളും പ്രിസര്‍വേറ്റീവ്സും ചേര്‍ക്കാത്തതു കൊണ്ട് അല്പായുസ്സാണ് ഇവ. ശുദ്ധമായ വെണ്ണ മാത്രം ചേരുന്നതിനാല്‍ ട്രാന്‍സ് ഫാറ്റിനേയും പേടിക്കേണ്ട. കലൂര്‍- കടവന്ത്ര റോഡിലാണ് ‘ബേക്കേഴ്സ് വോക്ക്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: