കൊല്ലം: ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ വസതിക്ക് മുന്നിലിട്ട് സമരസമിതി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നിലപാടില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ രംഗത്ത്.
സഹോദരതുല്യനായി നാട്ടുകാര്‍ കാണുന്ന എംഎല്‍എ, പറഞ്ഞത് അനുസരിച്ചാണ് പ്രതിഷേധക്കാരായ സ്ത്രീകളും നാട്ടുകാരുമെല്ലാം അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമാധാനപരമായ സമരത്തിനായാണ് പോയതെങ്കിലും പോലീസ് ലാത്തിവീശുകയായിരുന്നു. 80 വയസുള്ള വൃദ്ധര്‍ വരെയുണ്ടായിരുന്നു. നീണ്ടകരയില്‍ അനധികൃതമായി കയ്യേറിയ സ്ഥലത്തേക്ക് ബിവറേജസ് ഔട്ട്‌ലറ്റ് മാറ്റുന്നതിന് എംഎല്‍എയും കൂട്ടുനില്‍ക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. മുന്‍പ് ഔട്ട്‌ലറ്റ് പ്രവര്‍ത്തിച്ച തട്ടാശേരിയില്‍ വിജയന്‍പിള്ളയുടെ ഉടമസ്ഥതയില്‍ ബാറുള്ളത് കൊണ്ടാണ് ഈ നിലപാടെന്നും അവര്‍ ആരോപിച്ചു. നീണ്ടകരയിലെ ജനവാസകേന്ദ്രത്തില്‍ സര്‍ക്കാര്‍ മദ്യശാല തുറക്കുന്നു എന്നറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് സമരത്തിലായിരുന്നു. ജനകീയപ്രശ്‌നത്തില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് ആദ്യമെല്ലാം ഉറപ്പ് നല്‍കിയ എംഎല്‍എ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് പരിഹാസ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ നേതാക്കളായ കൃഷ്ണകുമാര്‍, മന്മഥന്‍, ശിവന്‍കുട്ടി, വിജയകുമാര്‍, ഷീല എന്നിവര്‍ സംബന്ധിച്ചു.
















