പത്തനംതിട്ട: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി മാത്യു ടി. തോമസ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കോന്നി പുറത്ത്.
കോന്നി മണ്ഡലത്തെ കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. എല്‍ഡിഎഫിന്റെ എംഎല്‍എമാരുള്ള നാലു മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മന്ത്രി വിശദീകരിച്ചത്. മറ്റ് എംഎല്‍എമാരെല്ലാം പത്രസമ്മേളനത്തിനെത്തിയെങ്കിലും കോന്നി എംഎല്‍എയായ അടൂര്‍ പ്രകാശ് എത്തിയതുമില്ല.
ഇന്നലെ ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പത്രസമ്മേളനം നടന്നത്.
എംഎല്‍എമാരായ വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, രാജു ഏബ്രഹാം, ജില്ലാ കലക്ടര്‍ ആര്. ഗിരിജ, എ.ഡി.എം അനു എസ്. നായര്‍, പി.ആര്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എ. ഹക്കിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മണിലാല്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു വര്‍ഷം ജില്ലയിലെ മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ അക്കമിട്ട് നിരത്തിയാണ് മന്ത്രി വിശദീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് തുടങ്ങി വച്ച കോന്നി മെഡിക്കല്‍ കോളജിനെപ്പറ്റി മന്ത്രി ഒന്നും പറഞ്ഞില്ല.
കോന്നി മണ്ഡലത്തിലെ ഒരു റോഡിനെപ്പറ്റി മാത്രം പരാമര്‍ശിച്ച് പോവുകയായിരുന്നു. ജില്ലയുടെ സ്വപ്നപദ്ധതിയായ കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം നിലച്ചിരിക്കുകയാണെന്നും അവിടെ ഈ അധ്യയന വര്‍ഷം കോഴ്സ് തുടങ്ങേണ്ടതായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ വിവേചനമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വച്ചതാണ് കോന്നി മെഡിക്കല്‍ കോളജ്. ഈ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: