ജന്മഭൂമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മാര്‍ ബേസലിയസ് കോളജ് അങ്കണത്തില്‍ മെയ് 28 ന് നടന്ന ചലച്ചിത്ര പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കാനും മുതിര്‍ന്ന പത്രപ്രവര്ത്തനുള്ള ആദരവ് സ്വീകരിക്കാനുമുള്ള അവസ്ഥ ലഭിച്ചപ്പോള്‍ പുളകംകൊണ്ടു. വിവിധ രംഗങ്ങളില്‍ പ്രതിഭാവിലാസം കാട്ടിയ കേരളീയരുടെ സമാഗമമായിരുന്നു അവിടത്തേത്.
ലെജന്‍ഡ് ഓഫ് കേരള പുരസ്കാരം നല്കപ്പെട്ടത് ചലച്ചിത്ര, നാടക രംഗങ്ങളില്‍ അഭിനയത്തികവ് പ്രദര്‍ശിപ്പിച്ച ഒന്നിലേറെ ദേശീയ പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാലിനായിരുന്നു. ഭാരതത്തിന്റെ മെട്രോമാന് ഇ. ശ്രീധരനായിരുന്നു പുരസ്കാരം നല്കി ആദരിക്കാന്‍ ഉദ്ദേശിക്കപ്പെട്ട മറ്റേ മഹദ് വ്യക്തി. അദ്ദേഹത്തിന് ചില അടിയന്തര കാര്യവ്യഗ്രതമൂലം എത്താന്‍ സാധിക്കാത്തതിനാല്‍ അതിനായി മറ്റൊരു ചടങ്ങ് വയ്ക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു.
രാമേശ്വരത്തെ പാമ്പന്‍പാലം ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സുനാമിത്തിരമാലകളില്‍ ഒലിച്ചുപോയപ്പോള്‍, അതു പുതുക്കിപ്പണിയാനുള്ള ഭാരം യുവാവായിരുന്ന ശ്രീധരനിലാണ് വന്നുചേര്‍ന്നത്. രണ്ട് കിലോമീറ്ററിലേറെ നീളമുള്ള ആ പാലം 40 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി എഞ്ചിനീയറിംഗ് ലോകത്തെയാകെ വിസ്മയിപ്പിച്ചയാളായിരുന്നു അദ്ദേഹം. കൊച്ചി കപ്പല്‍ശാല, നോര്‍ത്ത് ഒാവര്‍ബ്രിഡ്ജ് മുതലായ ഒട്ടേറെ പദ്ധതികള്‍ക്ക് അദ്ദേഹത്തിന്റെ പ്രതിഭാവിലാസം ലഭിച്ചു.
മെട്രോ പദ്ധതിയില്‍പ്പെടുത്തി എറണാകുളത്തെ ഇടവഴികള്‍ പോലും ഗതാഗതയോഗ്യമാക്കിയതിന്റെ മേന്മയും മറ്റാര്‍ക്കുമല്ല. ശ്രീധരന് ഏറ്റെടുത്തു പൂര്‍ത്തിയാക്കിയ അത്ഭുത പ്രവൃത്തിയാണ് മംഗലാപുരം-മുംബൈ കൊങ്കണ്‍ റെയില്‍പാത. അതിലെ തുരങ്കങ്ങളും പാലങ്ങളും അന്നുവരെ ഭാരതം കണ്ടതില്‍ ഏറ്റവും നീണ്ടവയും ഉയര്‍ന്നവയും ഉള്‍ക്കൊള്ളുന്നവയായിരുന്നു.
കൈക്കൂലിപ്പണ്ടാരങ്ങളും എന്‍പുള്ള നയക്കാരുമായ ഒട്ടേറെ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതാക്കന്മാരുടെ സമ്മര്‍ദ്ദങ്ങളെ ധൈര്യപൂര്‍വം നേരിട്ടാണ് കൊങ്കണ്‍ റെയില്‍പാത പൂര്‍ത്തിയാക്കിയതെന്ന് നാം ഓര്‍ക്കുന്നു.
റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മ്മിച്ചു പൂര്‍ത്തീകരണത്തിലേക്കു കുതിക്കുന്ന കൊച്ചി മെട്രോ ഇ. ശ്രീധരന്റെ കിരീടത്തിലെ പൊന്‍തൂവലാകുന്നു. ഭാരതത്തിലെ ആദ്യ മെട്രോ കൊല്‍ക്കത്തയിലെ ഭൂഗര്‍ഭ റെയിലായിരുന്നല്ലോ. അതില്നിന്നാണദ്ദേഹം ഈ രംഗത്തെ നിര്‍ണായക കൗശലം നേടിയത്.
കേരളത്തിലെ ആദ്യകാല സ്വയംസേവകനും പില്ക്കാലത്ത് ജനസംഘം സംസ്ഥാന അധ്യക്ഷനുമായിരുന്ന ടി.എന്‍. ഭരതന് ശ്രീധരന്റെ ബാല്യകാല സുഹൃത്തായിരുന്നു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയുടെ കാര്യം അവര്‍ ചര്‍ച്ച ചെയ്ത വിവരം ഭരതേട്ടന് എന്നോട് ഒരവസരത്തില്‍ പറഞ്ഞിരുന്നു. ആ പാതയുടെ നിര്‍ദ്ദേശത്തിന് അനവധി ദശകങ്ങളുടെ പഴക്കമുണ്ട്.
നിലമ്പൂര്‍ മുതല്‍ കര്‍ണാടകത്തിലേക്ക് തമിഴ്നാട്ടിലെ ഗൂഡലൂര്‍ താലൂക്കിലൂടെയുള്ള ആ നിര്‍ദ്ദിഷ്ട പാത നിലമ്പൂര്‍ കോവിലകം ഭൂമിയിലൂടെയാണ് ഏറിയ ഭാഗവും പോകേണ്ടിയിരുന്നത്. അതിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാന്‍ കോവിലകത്തിന് സമ്മതവുമായിരുന്നെന്ന് ഭരതേട്ടന് ഓര്‍മിച്ചു. ദല്‍ഹിയില്‍ കോവിലകം സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതു സംബന്ധിച്ച ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഭരതേട്ടന് സമയം കണ്ടെത്തി.
ദല്‍ഹി മെട്രോയുടെ പ്രവര്‍ത്തന പുരോഗതി, ഒരു ടേബിള്‍ മോഡലിലെ ചെറുലൈറ്റുകളുടെ സഹായത്തോടെ തല്‍സമയം നിരീക്ഷിച്ചുകൊണ്ടിരുന്ന മുറിയില്‍ കൊണ്ടുപോയി ശ്രീധരന് ഭരതേട്ടനെ കാണിച്ചുവത്രെ. ഓരോ റൂട്ടിലും, ഓരോ ദിവസത്തെയും സ്ഥിതി വിവിധ നിറങ്ങളിലുളള ലൈറ്റുകൡനിന്ന് മനസ്സിലാക്കിക്കൊടുത്തു.
പണിയുടെ ഒരു ഘട്ടത്തിലും വിളംബമുണ്ടായിട്ടില്ല എന്നതായിരുന്നു ശ്രീധരന്റെ വിജയത്തിന്റെ ലക്ഷണം. തന്റെ സ്വന്തം നാട്ടിലെ, താന്‍ പഠിച്ച എലിമെന്ററി സ്കൂളിന്റെ കെട്ടിടം നന്നാക്കി പണിയാന്‍ വിദ്യാഭ്യാസമന്ത്രിയെ സമീപിച്ച കാര്യം നാം പത്രങ്ങളില്‍ വായിച്ചിരിക്കും.
എഞ്ചിനീയറിംഗിലും കര്തൃശേഷിയിലും ലളിതജീവിതത്തിലും തുല്യതയില്ലാത്ത ആ മനുഷ്യന് അമേരിക്കന്‍, യൂറോപ്യന്‍ സര്‍വകലാശാലകളില്‍നിന്ന് പരിശീലനം നേടേണ്ടിവന്നിട്ടില്ല എന്നതില്‍ അവയൊക്കെ നേടിക്കൊടുത്തിരിക്കുന്ന ഒട്ടേറെ പ്രതിഭകള്‍ക്ക് ഉള്ള അസൂയ ചില്ലറയല്ല.
ഭാരതത്തിന്റെ മിസൈല്‍ മാന്‍ ആയിരുന്ന ഡോ. അബ്ദുള്‍ കലാമിന്റെ വിജയത്തെക്കുറിച്ച് വിദേശരാജ്യ പ്രതിഭകള്‍ക്ക് അസൂയയായിരുന്നല്ലോ. ”അതിന് ഘീര്വാണമെന്തരിന് നമ്മുടെ മലയാംവാഴക്കു വഴങ്ങാത്ത കാര്യമേത്” എന്ന് ചിലമ്പിനേത്ത് ചന്ദ്രക്കാറന്റെ ചോദ്യമാണ് അബ്ദുള്‍ കലാമിന്റെയും ശ്രീധരന്റെയും വിജയം നമ്മെ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം യഥാര്‍ഥ ഭാരതരത്നംതന്നെ.
ബസേലിയസ് കോളേജ് അങ്കണത്തില്‍ തിങ്ങിനിറഞ്ഞ് ആര്ത്തുവിളിച്ചുല്ലസിച്ചുകൊണ്ടിരുന്ന വേദിയിലാണ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് മോഹന്‍ലാലിന് ലെജന്‍ഡ് ഓഫ് കേരള ബഹുമതി സമ്മാനിച്ചത്. അതു സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഔചിത്യവും അന്തസ്സും നിറഞ്ഞവയായിരുന്നു. കാലടിയിലെ ശങ്കരാചാര്യ സംസ്കൃത വിശ്വവിദ്യാലയം സമ്മാനിച്ച ഡോക്ടറേറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ ചെയ്ത മറുപടി വാക്കുകളാണപ്പോള്‍ ഓര്മ വന്നത്.
സംസ്കൃതനാടകാഭിനയമാണ് ആ ബിരുദത്തിന് അദ്ദേഹത്തെ യോഗ്യനാക്കിയത് എന്നാണ് എന്റെ ഓര്‍മ്മ. മിക്ക പ്രഭാഷണങ്ങളും ആംഗലത്തിലായിരുന്നു. സംസ്കൃതത്തില്‍ ഒരു പ്രഭാഷണവുമുണ്ടായില്ല. അധ്യക്ഷവേദിയുടെ പശ്ചാത്തലത്തിലെ എഴുത്തുകളിലും സംസ്കൃതം വേണമന്ന് അധികൃതര്‍ക്ക് തോന്നിയില്ല.
മോഹന്‍ലാലിന്റെ മറുപടി മലയാളത്തില്‍ അന്തസ്സുറ്റ വിനയാന്വിത ഭാഷയിലായിരുന്നുവെന്ന് ഓര്‍ക്കുന്നു. അവിടെ ആചാര്യസ്വാമികളെ ആരും അനുസ്മരിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാതൃപഞ്ചകത്തിലെ ഒരു ശ്ലോകം ചൊല്ലുകയുണ്ടായി.
കോട്ടയത്തെ മറുപടിപ്രസംഗവും അതുപോലെ ലളിതവും അന്തസ്സുറ്റതും അവസരോചിതവുമായിരുന്നു. തനിക്ക് ജന്മഭൂമിയോടുള്ള താല്പര്യവും പരിചയവും വള്ഷങ്ങള്ക്കുമുന്പ് പി.പി. മുകുന്ദനിലൂടെയാണ് ഉണ്ടായതെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചു. ജന്മഭൂമിയുടെ പ്രവര്‍ത്തനം ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ അതില്‍നിന്നൊക്കെ കരകയറ്റിയത് പി.പി. മുകുന്ദന്റെ ഭഗീരഥപ്രയത്നമായിരുന്നുവെന്ന് ഇന്ന് മിക്കവരും ഓര്‍ക്കുന്നില്ല.
എളമക്കരയിലെ പ്രസ്സടക്കം ജന്മഭൂമി അഗ്നിക്കിരയായപ്പോള്‍, ആലപ്പുഴയില്‍ വച്ച് യാത്രക്കിടെ ആകാശവാണിയിലെ വാര്‍ത്തയില്‍നിന്നു വിവരമറിഞ്ഞതും എളമക്കരയിലേക്കു പാഞ്ഞെത്തി ജീവനക്കാര്‍ക്കും ഓടിക്കൂടിയ അഭ്യുദയകാംക്ഷികള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് അടുത്ത പ്രഭാതത്തില്‍ പതിവുപോലെ ജന്മഭൂമി പുറത്തിറക്കാന്‍ വ്യവസ്ഥ ചെയ്തതും, സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ മുഴുവന്‍ രംഗത്തിറക്കി റെക്കോര്‍ഡ് സമയത്തിനകത്ത് പുതിയ പ്രസ്സും മറ്റു സംവിധാനങ്ങളും ഒരുക്കിയതും മുകുന്ദന്റെ അടങ്ങാത്ത ഉദ്യമകൗശലംകൊണ്ടായിരുന്നു.
മോഹന്‍ലാലിനെപ്പോലെ ചലച്ചിത്രരംഗത്തിലെ വിവിധമേഖലകളില്‍ ഔന്നത്യം നേടിയ നിരവധിപേരെ ജന്മഭൂമി നിലകൊള്ളുന്ന ആശയക്കൂട്ടായ്മയോട് അടുപ്പിക്കാന്‍ മുകുന്ദന് കഴിഞ്ഞു എന്നതും സ്മരണീയമാണ്.
ജന്മഭൂമി തുടക്കം മുതല്‍ പ്രതീകാത്മകവും യഥാര്‍ത്ഥവുമായ അഗ്നിപഥം താണ്ടിയാണ് വളര്‍ന്നുവന്നത്. തുടക്കകാലത്ത് ദേശാഭിമാനി മുഖ്യപത്രാധിപരും പ്രത്യയശാസ്ത്ര സൈദ്ധാന്തികനുമായ സ്വര്‍ഗീയ പി. ഗോവിന്ദപ്പിള്ളയുമായി പത്രപ്രവര്‍ത്തന സംബന്ധമായ പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞ ഒന്നുരണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.
ഒന്ന് എത്ര കഷ്ടതകള്‍ സഹിച്ചായാലും നിങ്ങള്‍ക്ക് ഇതു വിജയിപ്പിച്ചെടുക്കാന്‍ കഴിയും. മറ്റൊന്ന്, ഇപ്പോള്‍ നിങ്ങളുടെ കയ്യിലുള്ള കാലഹരണപ്പെട്ട ടെക്നോളജി ഉപേക്ഷിച്ച് ഏറ്റവും പുതിയ ഫോട്ടോ കമ്പോസിങ്ങും മറ്റും സ്വീകരിക്കണം. തുടക്കകാലമായതിനാല്‍ അസൗകര്യമായിരിക്കും. പരമേശ്വരനെയും ഭാസ്കര്‍ റാവുവിനെയും പോലുള്ളവരുടെ ഗൈഡന്‍സ് നിങ്ങള്‍ക്കുണ്ടല്ലോ.”
ജന്മഭൂമി വിഷമങ്ങളിലൂടെ തന്നെയാണ് മുന്നോട്ടുപോയതും വികസിച്ചതും.
പുതിയ സാരഥിമാരും മഹാരഥന്മാരും പടയാളികളും അതിനെ പടക്കളത്തില്‍ ചതുരംഗങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകുന്നു. വിജയത്തില്‍ നിന്ന് വിജയത്തിലേക്കും പുതുപുതുമേഖലകളിലേക്കും. എല്ലാറ്റിലും വിഷമങ്ങളും ഉപദ്രവങ്ങളുമുണ്ടായിരുന്നു. ഇനിയും ഉണ്ടാകും. 25-ാം വാര്‍ഷികവേളയില്‍.” ‘സോപദ്രവാപിസുഖദാ ഖലു ജന്മഭൂമി’ എന്ന ആപ്തവാക്യമാണ് അടയാളമായി എടുത്തത്. അതിലെ സുഖം ഒന്നുവേറെ, അനിര്‍വചനീയമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: