എല്ലാം ശരിയാക്കുക എന്നാല്‍ വാസ്തവത്തില്‍ എന്താണ്? മ്മടെ കണാരേട്ടന് ഉള്‍പ്പെടെയുള്ളവര്‍ ഇടക്കിടെ പറയാറുള്ളതാണ് അത്. പ്പം ശരിയാക്കാം, ഒക്കെ ശരിയാക്കാം തുടങ്ങിയ വാക്കുകള്‍വഴി കിട്ടുന്ന ആശ്വാസം വല്ലാത്തൊരു നിമിഷം സമ്മാനിക്കാറുണ്ട്. അങ്ങനെ എല്ലാം ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ ആരുടെ ശരി, ആരിലേക്കുള്ള ശരി, എങ്ങനെയുള്ള ശരി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടിവരും. ഇത് പുലിവാലായോ എന്നു തോന്നുന്നുണ്ടോ? അങ്ങനെയൊന്നുമില്ല.
ഓരോരുത്തരുടെ ശരികളിലേക്ക് പോവുമ്പോള്‍ മറ്റു ചിലര്‍ക്ക് അത് ശരികേടാവും. ഇടതുമുന്നണി മൊത്തത്തിലാണ് നേരത്തെ എല്ലാം ശരിയാവും എന്നു പറഞ്ഞത്. എന്നു വെച്ചാല്‍ ഇടതുമുന്നണിയുടെ കാഴ്ചപ്പാടിലൂടെയുള്ള ശരികളിലേക്ക് സകലരെയും കൈപിടിച്ചുയര്‍ത്തുമെന്നാണ് വിവക്ഷ. കാര്യം വേണ്ടവിധത്തില്‍ ധരിക്കാഞ്ഞതിന്റെ ഒരു പ്രശ്നമാണിപ്പോള്‍ നമ്മെ കൊയമാന്തരത്തിലെത്തിച്ചിരിക്കുന്നത്.
എന്റെ ശരി മ്മടെ കണാരേട്ടന്റെ ശരിയല്ല. കണാരേട്ടന്റെ ശരി കുമാരേട്ടന്റെ ശരിയല്ല, മാതാമ്മയുടെ ശരിയല്ല. ഇങ്ങനെയിരിക്കുന്ന അവസരത്തിങ്കല് ഈ ശരികളുടെ ഒരു ലസാഗുവോ ഉസാഗുവോ കണ്ടെത്തലത്രെ കരണീയം. കാര്യം നമ്മുടെ പിണറായി സഖാവിന് എല്ലാ ശരികളെക്കുറിച്ചും നല്ല ബോധ്യമുണ്ട്. ആ ബോധ്യം മൊത്തം കേരളത്തിന്റെ ബോധ്യമാവണമെന്ന് ശഠിക്കുന്നിടത്താണ് പ്രശ്നം. അതുകൊണ്ടാണ് സെന്‍കുമാറിന് ബുദ്ധിമുട്ടാവുന്നത്. അതേസമയം ടോമിന് തച്ചങ്കരിക്ക് പെരുത്ത് സന്തോഷം.
നളിനി നെറ്റോക്ക് അതിലേറെ ആഹ്ലാദം. കാരണം വ്യക്തം. ഓരോരുത്തര്‍ക്കും ഓരോ ശരികളാണ്. ആ ശരികളുടെ വഴിയില്‍ തടസ്സമുണ്ടായാല്‍ പിന്നെ ഒന്നും ചെയ്യാനാവില്ല. സുപ്രീംകോടതിക്കെതിരെ ഒരു പണി നിര്‍ബന്ധമായും വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ എന്നത് ബഹുവചനമായ നിലയ്ക്ക് നമുക്കത് മുഖ്യമന്ത്രിയെന്ന് ഏകവചനമാക്കാം. സര്‍ക്കാറിന്റെ ശരികളിലേക്ക് ഒരു തരത്തിലും ഇറങ്ങാന്‍ ഇഷ്ടപ്പെടാത്ത സെന്‍കുമാറുമായി മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിഞ്ഞവാറേ സര്‍ക്കാര്‍ ശരികളുടെ വിസ്തൃത മനപ്പാഠം പുറത്തിറക്കി.
ആയതൊന്ന് സെന്‍കുമാറിനും കൊടുത്തു. രാഷ്ട്രീയത്തിലൂടെ ഒരു കാര്യവും കാണാത്ത, ചെയ്യാത്ത സെന്‍കുമാര്‍ ആ മനപ്പാഠം കരമനയാറ്റിലേക്ക് ഒറ്റ ഏറുവെച്ചുകൊടുത്തു.
സഹിക്കുമോ സര്‍ക്കാറിന്. കൊടുത്തു പണി. പതിനഞ്ചുവര്‍ഷക്കാലം ഗണ്‍മാനായി സെന്‍കുമാറിന്റെ നിഴലുപോലെ പ്രവര്‍ത്തിച്ച അനില്‍കുമാര്‍ ഔട്ട്. സെന്‍കുമാര്‍ ഒപ്പിട്ടിറക്കുന്ന ഉത്തരവുകള്‍ ഔട്ട്. നേരത്തെ അച്ചടക്ക നടപടി നേരിട്ട് സെന്‍കുമാറിന്റെ ചോരയ്ക്കു ദാഹിക്കുന്ന എഐജി വി. ഗോപാലകൃഷ്ണന് ഷേക്ക്ഹാന്റ്!
ശരികളുടെ രൂപഭാവങ്ങള്‍ മാറുന്നത് നോക്കിന്. സുപ്രീംകോടതിയുടെ കര്‍ശന ഉത്തരവും താക്കീതും മുതുകത്ത് കനത്ത പാടായിക്കിടക്കുന്നതിന്റെ അരിശം ഇങ്ങനെയല്ലാതെ എങ്ങനെ തീര് ക്കാന്‍. ജൂണ്‍ 30 വരെ ഡിജിപി പദവിയില്‍ അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മതി എന്ന് സെന്‍കുമാറിന്റെ മുഖത്തുനോക്കി പറയാനുള്ള നട്ടെല്ലില്ലാത്തതിനാല്‍ ഇമ്മാതിരി നിഴല്‍യുദ്ധങ്ങള്‍ തുടരുകയാണ്. ഞാന്‍ പറയും, നീ കേള്‍ക്കും, അവര്‍ ചെയ്യും എന്ന പ്രശസ്തമായ ഡയലോഗ് ഓര്‍മ്മയില്ലേ? അതൊന്ന് ഓര്‍ത്തോളിന്‍. എന്താണ് ഓര്ത്തുകൂടാത്തത്. സര്‍ക്കാറില്ലേ കൂടെ.
*************
ഇതുവരെയുള്ള ഉപദേശികളെല്ലാം പരമ്പരാഗത ആയുധാഭ്യാസങ്ങളില്‍ നിപുണരായിരുന്നു. എന്നാല്‍ ഈ ന്യൂജന്യുഗത്തില് ഇവന്മാര്ക്ക് എന്തു ചെയ്യാനാവും? ആയതിനാല്‍ ഏറ്റവും പുതിയ ഒളിവിദ്യകളുമായി ഒരു സംഘം സെക്രട്ടറിയേറ്റില്‍ എത്തിയിട്ടുണ്ട്.
ഓരോന്നിനും ഓരോ ശരിയുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ന്യൂജന്‍ ശരികളെ വരുതിയിലാക്കാനുള്ള വിദ്യകളുമായി വരിനില്‍ക്കുന്ന ഭാഗ്യവാന്മാരായ ടെക്കികള്‍ കെ.എം. ഷാജഹാനെയും ജോസഫ് മാത്യുവിനെയും ഒന്നു കാണുന്നത് നന്നായിരിക്കും. ശരികളുടെ തിളക്കം കൂടുമ്പോള്‍ പഴ്സ് വീര്‍ത്തു വരികയും ചെയ്യുമല്ലോ, യേത്?
ഓരോ സമയത്തും ഓരോ ശരികള്‍ മാറിമാറി വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇപ്പോള്‍, ബാറായ ബാറൊക്കെയതാ തുറക്കാന്‍ പോകുന്നു. നേരത്തെ തെറ്റായതൊക്കെ ശരിയാവാന്‍ പോവുകയാണ്. പുതിയ മദ്യനയത്തിന്റെ ശരി തെറ്റുകളിലേക്ക് നമുക്ക് അടുത്താഴ്ച പെഗ്ഗ് പെഗ്ഗായി വരാം. തല്ക്കാലം ഒരു ബീറില്‍ ഉള്ളം തണുപ്പിച്ചേക്കിന്.
*************
കവികളും കാമുകന്മാരും ഏതാണ്ട് ഒരുപോലെയാണത്രെ. മോഹവലയത്തില്‍ പെട്ടതുപോലെയിരിക്കും. സമയം, കാലം, അന്തരീക്ഷം ഇതൊന്നും നോക്കില്ല. കവികള്‍ ഒന്നുകൂടി മുന്നിലാണ്. അവര്‍ കടന്നുകാണും. കടന്നുകാണുന്നവരുടെ ശരികളിലേക്ക് പലപ്പോഴും നമുക്ക് പോകാനാവില്ല. അഥവാ പോയാല്‍ മൊത്തം പ്രശ്നമായിരിക്കും. നമ്മുടെ ജി. സുധാകരന് നല്ലൊരു കവിയാണ്. അതിനാല്‍ തന്നെ നല്ലൊരു മനുഷ്യനും.
ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു കവിതയെക്കുറിച്ച് അഭിനന്ദനം അറിയിക്കാന്‍ ചെറിയൊരു എസ്എംഎസ് അയച്ചു. അഞ്ചുമിനിറ്റ് കഴിഞ്ഞില്ല, അദ്ദേഹം തിരിച്ചുവിളിച്ചു. ഹൃദ്യമായി സംസാരിച്ചു. കവിതയുടെ നാലുവരി കാലികവട്ടം എടുത്തു കൊടുത്തോട്ടേ എന്നാരാഞ്ഞപ്പോള്‍ സന്തോഷപൂര്‍വം അനുവാദവും തന്നു. ആദ്യമായി അങ്ങനെയൊരു അനുഭവം ഉണ്ടായപ്പോള്‍ വല്ലാത്തൊരു അടുപ്പം തോന്നി അദ്ദേഹത്തോട്.
അടുത്തിടെ അദ്ദേഹം പ്രസംഗമദ്ധ്യേ കാവ്യാത്മകമായ പരാമര്‍ശം നടത്തിയത് വിവാദമായി. എന്നാല്‍ കെ.എം. മാണിക്ക് മുഖ്യമന്ത്രിപദവി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു നീക്കവും ഉണ്ടായിരുന്നില്ലെന്നും തന്റെ കാവ്യാത്മക പരാമര്‍ശത്തിന്റെ അന്തര്‍ധാര മനസ്സിലാകാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം വിശദമാക്കുന്നു.
ഇതിനെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാമെന്നോ അതിന് എല്‍ഡിഎഫ് തീരുമാനിച്ചെന്നോ വാഗ്ദാനം നല്കിയെന്നോ സംസാരിച്ചിട്ടില്ല. ഇത് ചില ലേഖകന്മാര് ഉണ്ടാക്കിയ കെട്ടുകഥയാണ്. 2012ല്‍ മാണി രാഷ്ട്രീയമായി നേര്‍വഴിക്ക് സഞ്ചരിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ഉന്നതികിട്ടുമായിരുന്നുവെന്ന് നിയമസഭയില്‍ പ്രസംഗിച്ച കാര്യമാണ്.
ഇങ്ങനെ ഉത്തരവാദപ്പെട്ട ആളുകള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നത് ചില മാധ്യമങ്ങളുടെ വിനോദമായി മാറിയിരിക്കുകയാണ്. (മാതൃഭൂമി, മെയ് 31) ഇപ്പോള്‍ വാര്ത്തകളില്ലല്ലോ. എല്ലാം സ്റ്റോറികളല്ലേ. സ്റ്റോറിയില്‍ ഭാവന ചിറകുവിരിക്കുമ്പോള്‍ ഇടയ്ക്ക് താഴത്തേക്കും നോക്കണമെന്നു തന്നെയാവില്ലേ മന്ത്രിയുടെ വിവക്ഷ?
*************
ഭാവനയില്‍ യാഥാര്‍ത്ഥ്യത്തിന്റെ ശീകരങ്ങള്‍ പറ്റിപ്പിടിച്ചു കിടന്നാല്‍ എന്തൊരു ചന്തമായിരിക്കും അല്ലേ? തിരുവനന്തപുരം കണ്ണമൂലയിലെ മുറിച്ചുമാറ്റല്‍ സംഭവത്തിലെ ദുരൂഹതയും മറ്റും അങ്ങനെ തന്നെയിരിക്കെ ഉണ്ണിയാര്‍ച്ചാ പരിവേഷമാണല്ലോ യുവതിക്ക് കിട്ടിയത്. പല ശരികളും വേണ്ടത്ര ശരിയല്ലെന്നും മറ്റും കേള്‍ക്കുന്നു.
അതെന്തോ ആകട്ടെ. തന്റെ നേര്‍ക്ക് നീണ്ട ഒരു നൃശംസതയെ എങ്ങനെ നേരിട്ടു എന്നതിന്റെ നേര്‍ക്കാഴ്ചയായി നമുക്കത് തല്ക്കാലം എടുക്കാം. മറ്റു ശരികള്‍ വരുമ്പോള്‍ അപ്പോള്‍ ആലോചിക്കാം. ആ സംഭവത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ഒരു കഥ, സങ്കടം ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.
തന്റെ നേരെ നടന്ന കടന്നാക്രമണത്തിന് ചുട്ട മറുപടി നല്കാന് രണ്ട് സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്നതും ഒടുവില്‍ കാലംകൊടുത്ത മറുപടിയില്‍ നിസ്സംഗതയോടെ നില്‍ക്കേണ്ടി വന്നതും വിവരിക്കുന്ന അതി മനോഹരമായ കഥ. എവിടെയും എപ്പോഴും സംഭവിക്കാവുന്നത്. രചന: ഉണ്ണി. ആര്.
പഴമയുടെ കരുത്തും ഊര്‍ജവും എത്രയുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാവാം വാരിക പഴയ ലക്കങ്ങളിലെ സൃഷ്ടികള്‍ പുനഃപ്രസിദ്ധീകരിച്ചു തുടങ്ങി. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതകള്‍. ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യക്കു മുമ്പെഴുതിയതും ആത്മഹത്യയുടെ വേദന ഉള്ളില്‍ പേറി ചങ്ങമ്പുഴ എഴുതിയതുമാണ് കവിത.
ഇടപ്പള്ളിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കുട്ടികൃഷ്ണമാരാര് എഴുതിയ ലേഖനമാണ് മറ്റൊന്ന്. തല മുതിര്‍ന്നവരുടെ വഴികള്‍ അപ്പാടെ ഉപേക്ഷിച്ചപ്പോള്‍ കൈമോശം വന്ന പൂക്കാലത്തെ ആഘോഷപൂര്‍വ്വം സ്വീകരിച്ചുകൊണ്ടുവരാന്‍ കാണിച്ച സന്മനസ്സിന് നമുക്ക് ഹൃദയപൂര്‍വം നന്ദി പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: