കഥകളി എന്നല്ല, കലാലോകത്തിനുതന്നെ അത്ഭുതമാണ് കലാമണ്ഡലം ഗോപിയാശാന്. കണ്ണുകളിലെ ഭാവസാന്ദ്രത മാത്രം മതി അദ്ദേഹത്തിന്റെയുള്ളിലെ കലാസപര്യയുടെ ആഴം തിരിച്ചറിയാന്‍. തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിലാണ് എന്നും
കലാമണ്ഡലം ഗോപിയുടെ ഭാവപ്രകടനങ്ങള്‍.
ചിട്ട യൊത്ത ചൊല്ലിയാട്ടമികവാണ് അദ്ദേഹത്തിന്റെ വേ ഷങ്ങള് ഓരോന്നും. കൈരളിയുടെ കലാപുണ്യമായ കഥകളിയുടെ കാവലാളായി ഇന്നും വിരാജിക്കുന്ന കലാമണ്ഡലം ഗോപി, കലാമണ്ഡലം എന്ന കഥകളി തറവാടിന്റെ മാത്രമല്ല, കലാസ്വാദകരുടെയെല്ലാം സ്വന്തം.
ഇന്ന് കലാമണ്ഡലം ഗോപിയുടെ 80-ാം ജന്മദിനം. കഥകളിയിലെ വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു,
‘ജന്മഭൂമി’ വാരാദ്യത്തിലൂടെ….
‘സൗന്ദര്യോത്തരതോപി സുന്ദരതരം’

എം.പി.ശങ്കരന് നമ്പൂതിരി (എംപിഎസ്) (കലാമണ്ഡലം ഗോപിയുടെ ശിഷ്യന്)
കഥകളിയുടെ ആംഗികാഭിനയത്തിന്റെ സര്‍വാംഗീണമായ സൗന്ദര്യവും സാത്വികാഭിനയത്തിന്റെ ഓജസ്സും സമഞ്ജസമായി സമ്മേളിച്ച നാട്യസിദ്ധിയുള്ള നടനാണ് കലാമണ്ഡലം ഗോപി ആശാന്. ആശാന്റെ ആഹാര്യശോഭ അനുപമവുമാണ്. ആ നാട്യാചാര്യന്റെ പ്രഥമശിഷ്യന്മാരില് ഒരാളാവാന്‍ സാധിച്ചത് എന്റെ കലാജീവിതത്തിന്റെ ധന്യതയാണ്. അപൂര്‍വമായെങ്കിലും അരങ്ങില്‍ ഹംസമായും കുചേലനായും മറ്റും കൂട്ടുവേഷം കെട്ടാന്‍ സാധിച്ചതും മറക്കാനാവാത്ത അനുഭവമാണ്. ‘സൗന്ദര്യോത്തരതോപി സുന്ദരതരം’ എന്നു പറഞ്ഞപോലെ ആ കൃഷ്ണന്റെ മുഖത്തു നിന്ന് കണ്ണെടുക്കാന്‍ കുചേലന് പറ്റാറില്ല. അത്ര സുന്ദരമാണ് ആ ‘പച്ച’ മുഖം.
കഥകളിയില്‍ മഹാകവി വള്ളത്തോളിന് കാവ്യാത്മകമായ ഒരു സങ്കല്‍പ്പമുണ്ടായിരുന്നു. ‘രാവുണ്ണിമേനോന്റെ ഉടല്, കുഞ്ചുക്കുറുപ്പിന്റെ തല’. തുടക്കത്തില്‍ സൂചിപ്പിത് യാഥാര്‍ത്ഥ്യമായത് ഗോപി ആശാനിലാണ്.
നാടകീയമായ അഭിനയരീതി

മാര്‍ഗി വിജയകുമാര്‍ (കഥകളി വേഷം കലാകാരന്)
ഗോപിയാശാനോടോപ്പം എത്രയോ വേദികളില്‍ നായികാവേഷങ്ങള്‍ കെട്ടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. കോട്ടയ്ക്കല്‍ ശിവരാമനാശാനു ശേഷം ഗോപി ആശാനോടൊത്ത് നായികാവേഷങ്ങള്‍ ഏറെ കെട്ടാന്‍ അവസരം ലഭിച്ചിട്ടുള്ളത് ഒരുപക്ഷെ, എനിക്കാവും. ‘സന്താനഗോപാല’ത്തിലെ ബ്രാഹ്മണന് പോലും, ആശാന്റെ അര്‍ജ്ജുനനോടൊപ്പം കെട്ടീട്ടുണ്ട്.
ആശാനോടൊപ്പം വേഷം കെട്ടുമ്പോള്‍ വാക്കുകള്ക്ക തീതമായ അനുഭൂതിതലത്തിലേക്ക് നമ്മളെയും കൊണ്ടെത്തിക്കുന്ന ഒരു സിദ്ധിവിശേഷം അദ്ദേഹത്തിനുണ്ട്. മറ്റാരിലും കാണാത്ത ഒരു സവിശേഷതയാണിത്. നള-ദമയന്തി, കുന്തി-കര്ണന്, രുക്മാംഗദന് മോഹിനി, കച-ദേവയാനി ഇങ്ങനെയുള്ള കൂട്ടുകെട്ടരങ്ങുകളില് നിന്നും വളരെ ഉന്നതമായ ആനന്ദനിര്‍വൃതിയാണ് കിട്ടിയിട്ടുള്ളത്. ഈ അനുഭൂതി പ്രേക്ഷകരിലും ഉണ്ടാക്കുന്നുണ്ടെന്ന് അവരുടെ വാക്കിലും, നോക്കിലും പ്രകടമാകാറുണ്ട്. കഥാപാത്രങ്ങളുടെ സുഖദു:ഖാവസ്ഥകള് മനസ്സിലേക്ക് ആവാഹിച്ചെടുത്ത് സ്വന്തം അവസ്ഥയായി മാറ്റി പ്രേക്ഷകരിലേക്ക് പകരുന്ന നാടകീയമായ അഭിനയരീതിയാണ് ആശാന്റെ വഴിയെന്നു തോന്നിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ കൂട്ടുവേഷക്കാരായി ചെല്ലുന്നവര്‍ക്കും സ്വന്തം കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിലേക്ക് കടക്കാന്‍ പ്രയാസപ്പെടേണ്ടി വരുന്നില്ല.
മുദ്രകളുടെ വെടിപ്പും, ശരീരചലനത്തിന്റെ സൗകുമാര്യതയും, പ്രകടമാക്കുന്ന ആശയങ്ങളുടെ ഒഴുക്കും, ഘടനയും, ഭാവപ്രകടനങ്ങളുടെ സമയക്ലിപ്തതയും മൂലം മറ്റുള്ളവരില്‍നിന്ന് ആശാനെ വേറിട്ടുനിര്‍ത്തുന്നു. ആശാനോടൊപ്പം വേഷം കെട്ടാന്‍ കഴിയുന്നത് എന്റെ സുകൃതം.
വള്ളത്തോളിന്റെ സങ്കല്പ സാക്ഷാത്കാരം

പത്തിയൂര്‍ ശങ്കരന്‍കുട്ടി
(കഥകളി ഗായകന്)
ദശാബ്ദങ്ങളായി ആശാന്റെ പിന്നില്‍ നിന്നും പൊന്നാനി(പ്രധാനഗായകന്‍)യായും, ശങ്കിടി(കൂടെ പാടുന്നയാള്‍)യായും പാടാന്‍ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമെന്നോ, മുജ്ജന്മസുകൃതമെന്നോ പറയാം. ഗുരു കുഞ്ചുക്കുറുപ്പിന്റെ ശിരസ്സും, പട്ടിക്കാംതൊടിയുടെ ഉടലും ചേര്‍ന്ന നടനാണ് വള്ളത്തോളിന്റെ സങ്കല്പം എന്ന് കേട്ടിട്ടുണ്ട്. ഇവര്‍ ഇരുവരെയും ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ ഗോപിയാശാനിലൂടെ ഇവരെ രണ്ടുപേരെയും ഞാന്‍ കാണുന്നു.
ആശാന്റെ വേഷങ്ങളില്‍ ഏതാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്.ആശാന് അരങ്ങത്ത് എത്തുമ്പോഴുള്ള പോസിറ്റീവ് എനര്‍ജി, അത് അരങ്ങുപ്രവൃത്തിയ്ക്ക് ഒരു പ്രത്യേക ഊര്‍ജ്ജം നല്കുന്നു. നളചരിതം രണ്ടാംദിവസം പതിഞ്ഞ പദം, വേര്‍പാട്, സുഭദ്രാഹരണം മാലയിടല്‍, കഞ്ജദളം ഈ രംഗങ്ങളിലെ ആശാന്റെ അരങ്ങുപ്രയോഗം ഒന്നുവേറെതന്നെ. പ്രത്യേകിച്ച്, പതിഞ്ഞ ശൃംഗാരപദം. കളരിയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സുഭദ്രാഹരണം മാലയിടല്‍ അരങ്ങത്ത് കൊണ്ടുവന്നത് ആശാനാണ്.
കഥകളി സംസ്കാരംതന്നെ

കലാമണ്ഡലം ഉണ്ണികൃഷ്ണന്
(കഥകളി ചെണ്ട കലാകാരന്)
ഏകദേശം 27 വര്‍ഷമായി ആശാന്റെ വേഷത്തിന് കൊട്ടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. അടുത്ത കാലത്തായി എന്റെ കഥകളി പരിപാടികളില്‍ 80 ശതമാനവും ഗോപിയാശാന്റെ അരങ്ങുകളാണ്.
കൃത്യമായ താളകാലത്തിലുള്ള മുദ്രകളുടെ നീളവും, ഓരോ മുദ്രകള്‍ക്കും വേണ്ടതായ ഭാവങ്ങളും താളത്തില്‍ ഉണ്ടാക്കാന്‍ സഹായകമാണ്.
ആശാന്റെ ഓരോ വേഷത്തിന്റെയും സവിശേഷതകള്‍ എടുത്തു പറയേണ്ടതുണ്ട്. എന്നിരുന്നാലും, നളചരിതം രണ്ടാം ദിവസത്തിലെ വേര്‍പാട് രംഗം, രുക്മാംഗദചരിതത്തിലെ അവസാനരംഗം എന്നിവയിലെ ആട്ടങ്ങള്‍ എടുത്തു പറയണം.
ദമയന്തിയെ പിരിയുന്നതിലുള്ള വിഭ്രാന്തികളില്‍ നളന്, ദമയന്തിയെ കാട്ടില്‍ ഉപേക്ഷിച്ചു പോവുമ്പോള്‍ ഈ രംഗത്ത് കൊട്ടുന്ന എനിക്ക് അല്പനേരം കഴിഞ്ഞു മാത്രമേ ഈ അവസ്ഥയില്‍ നിന്ന് മോചനം ഉണ്ടാകാറുള്ളൂ, അതേ അവസ്ഥ തന്നെയാണ് രുക്മാംഗദചരിതത്തിന്റെ അവസാനരംഗത്തിലും, ഞങ്ങള്‍ സഹകലാകാരന്മാര്ക്ക് ഉണ്ടാകാറുള്ളത്.
ഒരു കഥ അരങ്ങത്ത് അവതരിപ്പിക്കുമ്പോള്‍ കലാകാരന്മാരുടെ വേഷങ്ങള്‍ക്ക് ആയിരക്കണക്കിന് മുദ്രകളാണ് ഉണ്ടാവുക. അക്കൂട്ടത്തില്‍ ഒരു മുദ്രയ്ക്ക് പോലും അതിന്റെ ഭാവം ചോരാതെ കൊട്ടാതിരിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എത്ര മനസ്സിരുത്തിയാലും, ചില ദിവസങ്ങളില്‍ ഒരു മുദ്രയൊക്കെ ശ്രദ്ധിക്കപ്പെടാതെ പോകും. അങ്ങനെയുള്ള ദിവസങ്ങളില്‍ കൊട്ടാന്‍ കഴിയാതെ പോയ ആ മുദ്രയെ കുറിച്ച് ആശാന് എന്നോട് പറഞ്ഞിരിക്കും എന്നതാണ് അത്ഭുതം. താളങ്ങളുടെ കാര്യത്തില്‍ അത്രയേറെ ശ്രദ്ധാലുവാണ്,ആശാന്.
കളി കഴിഞ്ഞുള്ള യാത്രയില്‍ സ്വന്തം അവതരണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആശാന് ചോദിക്കാറുണ്ട്. സ്വന്തം കുറവുകള്‍ അറിയാനുള്ള വലിയ മനസ്സ് ആശാനിലുണ്ടെന്ന് പലപ്പോഴും തോന്നാറുണ്ട്. ഗോപി എന്നത് ഒരു കഥകളി സംസ്കാരമായി വളര്‍ത്താന്‍ ആശാന് സാധിച്ചിട്ടുണ്ട്. അണിയറയില്‍ വേഷം ഒരുങ്ങുന്നതിലുള്ള നടന്റെ സംസ്കാരം, അരങ്ങില്‍ ചൊല്ലിയാട്ടാവതരണത്തിന്റെ ഭാവപുഷ്ടിയോടെ ചെയ്യുക എന്ന അരങ്ങുസംസ്കാരം, ഓരോ കഥാപാത്രങ്ങള്‍ക്കും യോജിക്കുന്ന വിധത്തിലുള്ള രംഗസജ്ജീകരണങ്ങളിലെ പാത്രസംസ്കാരം, കലയുടെയും, നടന്റെയും ഉയര്‍ച്ചയ്ക്ക് വേണ്ടി ചിന്തിക്കുന്ന കലാസംസ്ക്കാരം എന്നിങ്ങനെയുള്ള നല്ല ശീലങ്ങളുടെ ഉടമയാണ് ഗോപിയാശാന്.
കലാകേരളത്തിന്റെ അഭിമാനം

കലാമണ്ഡലം ശങ്കരവാര്യര്
(കഥകളി മദ്ദളം കലാകാരന്)
കലാകേരളത്തിന്റെ അഭിമാനമെന്നോ, അഹങ്കാരമെന്നോ വിശേഷിപ്പിക്കാവുന്ന കലാമണ്ഡലം ഗോപിയാശാനെപ്പറ്റി പറയാന്‍ ഞാന്‍ അശക്തനാണ്. കലാമണ്ഡലത്തില്‍ പഠിക്കാന്‍ ചേര്‍ന്നകാലം മുതലേ അറിയുന്നൂ ഞാന്‍ ഗോപിയാശാനെ. പഠിപ്പ് കഴിഞ്ഞ് കലാമണ്ഡലത്തില്‍ അധ്യാപകനായപ്പോള് ഗോപിയാശാനും, ഞാനും അടുത്തടുത്ത ക്വാര്‍ട്ടേഴ്സുകളിലായിരുന്നു താമസം.
ആശാന്റെ ഭാര്യ ചന്ദ്രിക ചേച്ചിയും, എന്റെ ഭാര്യ വത്സലയും സഹോദരിമാരെപ്പോലെ സ്നേഹത്തിലും, അടുപ്പത്തിലുമായിരുന്നു കഴിഞ്ഞത്. ഏതായാലും ഈ കാലയളവില്‍ ഗോപിയാശാനെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
ആശാന്റെ കഥാപാത്രങ്ങളെക്കുറിച്ച് നല്ലതും ചീത്തയുമായി ധാരാളം പറയാനുണ്ട്. അതൊന്നും പറയുന്നില്ല.
ഒരു നടനാവാന്‍ എല്ലാവര്ക്കും സാധിക്കും. എന്നാല്‍ തികച്ചും ഒരു കഥാപാത്രമായി മാറാന്‍ സാധിക്കുന്ന വിരലിലെണ്ണാവുന്നവരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഇന്നുള്ളവരില്‍ ആ സ്ഥാനം ഗോപിയാശാനു മാത്രം സ്വന്തം.
ഗോപിയാശാന്റെ കൂടെ പ്രവര്‍ത്തിച്ചുവന്ന അരങ്ങുകളില്‍ നിന്നുംഎനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു കാര്യമുണ്ട്. അതില്‍ നിന്നും എല്ലാം വ്യക്തമാവും. ആശാന്റെ വേഷത്തിന് മദ്ദളം കൊട്ടാന്‍ നിന്നാല്‍, ഞാന്‍ സദസ്സിനെയും, അരങ്ങത്തുള്ള മറ്റു കലാകാരന്മാരെയും എല്ലാം മറക്കും. ആശാനും, ഞാനും ഒന്നാവുകയാണോ (ദൈവവും, മനുഷ്യനും, പ്രപഞ്ചവും പോലെ) എന്ന തോന്നലാണ് എനിക്ക്.
80 വയസ്സിലെത്തിയിരിക്കുന്ന (ഗോപിയാശാന്റെഭാഷയില് പറഞ്ഞാല്‍ വയസ്സറിയിക്കുന്ന) കഥകളിലോകത്തെ നിത്യനായകനെന്നോ, നിത്യയൗവ്വനമെന്നോ, നിത്യവസന്തമെന്നോ വിശേഷിപ്പിക്കാവുന്ന ഗോപിയാശാന് ഇനിയും നിരവധി അരങ്ങുകളില്‍ ആടിത്തിമര്ക്കാനനുള്ള ആയുരാരോഗ്യസൗഖ്യം ഈശ്വരന് നല്കട്ടെ.
പൂര്‍ണതയുള്ള ശില്പം

കലാമണ്ഡലം ശിവരാമന് (കഥകളി ചുട്ടി കലാകാരന്)
ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ചു വസ്തുക്കള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്ന് തീര്‍ച്ചയായും കലാമണ്ഡലം ഗോപിയുടെ ‘പച്ച’ വേഷമായിരിക്കും എന്ന് വരയുടെ പരമേശ്വരനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞതോര്‍ക്കുന്നു. ഇത്രമാത്രം പൂര്‍ണത മുറ്റിയ ഒരു ജൈവശില്പം…അത് കഥകളിയരങ്ങിന്റെ മാത്രം സാഫല്യമാണ്.
ആ മുഖത്ത് എള്ളിടഭാഷ തെറ്റാതെ നാമം വരച്ച് വളയം വച്ച് ചുട്ടിക്കു കിടക്കുമ്പോള്‍ ചുട്ടിക്കാരന്‍ ഒരു മഹാശില്പം കൊത്തുന്ന ശില്പിയാകാന് അനുഗ്രഹിക്കപ്പെടുന്നു. മുപ്പതിലേറെ വര്‍ഷമായി ആ അനുഗ്രഹ വര്‍ഷത്തില്‍ അറിഞ്ഞ് ആറാടാന്‍ എനിക്ക് സാധിച്ചു എന്നത് സുകൃതം. ഗോപിയാശാന്റെ മുഖം എന്നും എനിക്ക് ഒരു കളരിയും, പാഠവും, അരങ്ങുമാണ്. സ്വയം സമ്പൂര്ണ്ണമായതിനെ പൂര്‍ണതയിലേക്ക് നയിക്കുന്നു എന്നു കരുതുന്നത് മിഥ്യാഭിമാനം എന്ന് അറിയുമ്പോഴും മനസ്സ് ആ അനുഗ്രഹത്തെ പ്രതി അഭിമാനംകൊള്ളുന്നു.
കാലത്തെ അതിജീവിക്കുന്ന അപാരശില്പ സൗന്ദര്യത്തോടൊപ്പം അണിയറ പങ്കിടാന്‍ സാധിച്ച ഈ ശിഷ്യന് അകളങ്കമായ വിനയത്തോടെ ആ പാദങ്ങളില്‍ നമിച്ചുകൊണ്ട് പിറന്നാളാശംസകള്‍ നേരുന്നു.
വേഷകാര്യത്തിലെ ശുഷ്കാന്തി

അപ്പുണ്ണി തരകന്
(കഥകളി അണിയറ കലാകാരന്)
ഗോപിയാശാന് കലാമണ്ഡലത്തില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ അവിടെ അണിയറക്കാരനായി ചേരുന്നത്. പഠനകാലത്തുതന്നെ അദ്ദേഹത്തിന് വേഷങ്ങളുടെ കാര്യത്തില്‍ അങ്ങേയറ്റം ശുഷ്കാന്തിയാണ്.
ഇന്നും അദ്ദേഹം ആ ശുഷ്കാന്തിയും, ഊര്‍ജ്ജവും കാത്തുസൂക്ഷിക്കുന്നുണ്ട്. ദശാബ്ദങ്ങളായി അദ്ദേഹത്തിന്റെ അരങ്ങുകള്‍ക്ക് അണിയറയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഈയടുത്ത് വെള്ളിനേഴിയിലും അദ്ദേഹത്തിന്റെ അരങ്ങില്‍ അണിയറക്കാരനായി പോയിരുന്നു. പതിവുപോലെ പ്രായത്തില്‍ കവിഞ്ഞുള്ള ഉത്സാഹവും, ആത്മാര്‍ത്ഥതയും എന്നത്തെയുംപോലെ അദ്ദേഹം അന്നും പ്രകടമാക്കിയിരുന്നു. അതു കാണുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു.
‘പച്ച’യ്ക്കൊപ്പംതന്നെ’കത്തി’യും

സിഎംഡി നമ്പൂതിരിപ്പാട്
(കഥകളി ആസ്വാദകന്)
പച്ചവേഷത്തില്‍ ഇനി ഗോപി ആശാനെ വെല്ലാന്‍ വേറെയാരുമില്ല എന്ന അര്‍ത്ഥത്തില്‍ കൃഷ്ണന്‍കുട്ടി പൊതുവാളാശാന് സൂചിപ്പിച്ചത് കഥകളിലോകത്തിലെ വിസ്മയമായിരുന്ന കലാമണ്ഡലം കൃഷ്ണന് നായരാശാന്റെ ചരമവാര്‍ത്ത അറിഞ്ഞപ്പോഴാണ്.
കഥകളിയില്‍ പച്ചവേഷത്തിനും കത്തിവേഷത്തിനും തുല്യപ്രാധാന്യമാണ്. കഴിഞ്ഞ അറുപത് വാര്ഷത്തിലധികമായി കഥകളി കാണുന്ന എനിക്ക് 1990 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഗോപിയാശാന്റ കത്തിവേഷം കാണാന്‍ കഴിഞ്ഞത് ഒരു പ്രാവശ്യമാണ് കാണിപ്പയ്യൂര്‍ മനയില്‍ വെച്ച് 2003 ല്‍ ബാലിവിജയം കഥയിലെ രാവണന്.
അതിനു വിപരീതമായി 1963 മുതല്‍ 1990 വരേയുള്ള കാലഘട്ടത്തില്‍ ഗോപിയാശാന്റെ കത്തിവേഷങ്ങള്‍ തീരെ അപൂര്‍വ്വമല്ലാതെ കാണാന്‍ സാധിച്ചിരുന്നു. കഥകളിയിലെ പ്രധാനവും അപ്രധാനവുമായ ഉത്തരാസ്വയംവരത്തിലേയും ദുര്യോധനവധത്തിലേയും ദുര്യോധനന്, രംഭാപ്രവേശം, തോരണയുദ്ധം, രാവണോല്‍ഭവം എന്നീ കഥകളിലെ രാവണന്, രാജസൂയത്തിലെ ശിശുപാലന്, കീചകവധത്തിലെ കീചകന്, നരകാസുരവധത്തിലെ ചെറിയ നരകാസുരന്, കിര്‍മ്മീരവധം കഥയിലെ കിര്മ്മീരന് എന്നീ കത്തിവേഷങ്ങളും അതില്‍ ഉള്‍പ്പെടും. അദ്ദേഹത്തിന്റെ പച്ചവേഷങ്ങളേക്കാള് ഒട്ടും മാറ്റു കുറഞ്ഞവയല്ല കത്തിവേഷങ്ങള്‍ എന്നാണ് ഒരു കളി ആസ്വാദകന് എന്ന നിലയിലുള്ള അനുഭവം.
ഒരിക്കല്‍ ഗുരുവായൂരില്‍ കലാമണ്ഡലം ട്രൂപ്പ് കളിക്ക് രാമന്‍കുട്ടിനായരാശാന്റെ കാലകേയവധത്തിലെ അര്‍ജുനനും ഗോപി ആശാന്റെ കീചകനുമായിരുന്നു. ഇന്നത്തെ തലമുറ ആസ്വാദകര്‍ക്ക് അത്തരത്തില്‍ ചിന്തിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണ്. മറ്റൊരു ട്രൂപ്പ് കളിക്ക് രാമന്‍കുട്ടി നായരാശാന്റെ ചെറിയ നരകാസുരന് ആയിരുന്നു ഉദ്ദേശിച്ചിരുന്നത്, അതിനുവേണ്ടി ചെണ്ടക്ക് പൊതുവാളാശാനെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു. എന്തോ കാരണവശാല്‍ രാമന്‍കുട്ടി നായരാശാന് അന്ന് വരാന്‍ സാധിച്ചില്ല.
അങ്ങിനെ ഗോപി ആശാന് ആ നറുക്ക് വീണു. അന്നത്തെ ചെറിയ നരകാസുരന് വളരെ നന്നായി എന്ന് അതിനു ശേഷം ചായ കുടിക്കാന്‍ ഇരിക്കുമ്പോള്‍ പൊതുവാളാശാന് തൃപ്തിയോടെ സൂചിപ്പിച്ചതും ഓര്‍ക്കുന്നു. പറയാവുന്ന ഒരേ ഒരു പോരായ്മ അലര്‍ച്ചയുടെ കാര്യത്തില്‍ മാത്രമേയുള്ളൂ. പൊതുവെ പച്ചവേഷത്തിനു ഭംഗിയുള്ളവര്‍ക്ക് കത്തിവേഷത്തിനും ഭംഗി സ്വാഭാവികമായും ഉണ്ടാവും.
മറിച്ച് കത്തിവേഷത്തിന് ഭംഗിയുള്ള എല്ലാവരുടേയും പച്ചവേഷം ഭംഗിയുള്ളതാകണമെന്നുമില്ല. പിന്നെ എന്തുകൊണ്ട് ആശാന്റെ കത്തിവേഷം പിന്നീട് ദുര്‍ലഭമായി? കാരണം എന്തായാലും ഇന്നത്തെ കഥകളി ആസ്വാദകര്‍ക്ക് നഷ്ടം സംഭവിച്ചു എന്ന് കരുതണം, ആശാന് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നമുക്കുണ്ടായ നഷ്ടബോധത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതുന്നത് മൗഢ്യമാണെങ്കിലും…
ആത്മാര്‍ത്ഥതയാണ് മുഖമുദ്ര

അഡ്വ. സി.കെ. നാരായണന് നമ്പൂതിരിപ്പാട് (സംഘാടകന്‍ & പ്രസിഡന്റ്, തൃശ്ശൂര്‍ കഥകളി ക്ലബ്ബ്)
ചെറുപ്പത്തില്‍ എന്നെ അച്ഛന് കലാമണ്ഡലത്തില്‍ കൊണ്ടുപോകുമ്പോള്‍ മുതല്‍ കാണാന്‍ തുടങ്ങിയതാണ് കലാമണ്ഡലം ഗോപിയാശാനെ (ഗോപിയാശാന് എന്നെക്കാള്‍ മൂന്നു വയസ് കുറയും). അദ്ദേഹം ചൊല്ലിയാടുന്നത് അന്ന് കണ്ടിട്ടുണ്ട്. 1959 ജനുവരിയില്‍ എന്റെ വിവാഹത്തോടനുബന്ധിച്ചുള്ള ഗൃഹപ്രവേശത്തിനു കളി വെച്ചപ്പോള്‍ അതില്‍ ചെറിയ വേഷത്തില്‍ ഗോപിയാശാന് പങ്കെടുത്തിട്ടുണ്ട്.
തൃശ്ശൂര്‍ കഥകളി ക്ലബ്ബിന്റെ ആരംഭം മുതല്‍ കലാമണ്ഡലം ട്രൂപ്പിന്റെയോ, വിളിച്ചു കൂട്ടിക്കളിയോ ആയാലും ഗോപിയാശാന് സജീവമായി പങ്കെടുത്തു വരുന്നുണ്ട്, ആദ്യമെല്ലാം ഇടത്തരം വേഷങ്ങളും, പിന്നീട് ആദ്യാവസാനവേഷങ്ങളും.
ഒരു മുഴുക്കളി ദിവസം. കലാമണ്ഡലം കൃഷ്ണന് നായര്‍ അണിയറയില്‍ വിശ്രമവേളയില്‍ അടുത്ത് നിന്നിരുന്ന ഗോപിയാശാനുമായുണ്ടായ സംഭാഷണത്തിന് ഞാന്‍ സാക്ഷിയാണ്. ‘ഞാന്‍ ഒരുകാലത്ത് ആയിരം രൂപ പ്രതിഫലം വാങ്ങും (അന്ന് ആശാന് മുന്നൂറോ, നാന്നൂറോ രൂപയാണ് പ്രതിഫലം), താന്‍ അപ്പോള്‍ 750 രൂപ വാങ്ങണം’. അപ്പോള്‍, ഗോപിയാശാന്റെ മറുപടി, ‘ആശാന് ആയിരം രൂപ കിട്ടുമായിരിക്കും, എന്നാല്‍ ഒരുകാലത്തും എനിക്ക് 750 രൂപ കിട്ടുമെന്ന് തോന്നുന്നില്ല’. അന്ന് അതുപറഞ്ഞ ഗോപിയാശാന് ഇന്ന് സംഘാടകര്‍ നല്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമല്ലോ.
ഞാനടക്കമുള്ള പല സംഘാടകരും പലപ്പോഴും നേരിടുന്ന പ്രശ്നം ചില കലാകാരന്മാര് അത്രയ്ക്കൊന്നും ആത്മാര്‍ത്ഥമായി പ്രവൃത്തിക്കാത്തതാണ്. പണ്ട് ഗോപിയാശാന് സ്വയം നിയന്ത്രിക്കാനാകാത്ത കാരണങ്ങളാല്‍ ചില കളികള്‍ മോശമാകാന്‍ ഇടവന്നിട്ടുണ്ട്. പിന്നീട് അത് സ്വയം ബോധ്യമായി, സ്വന്തം ഇച്ഛാശക്തി മൂലം നിയന്ത്രണം പാലിക്കുവാന്‍ സാധിച്ചു. അതില്പിന്നെ ഒരു വേഷവും ആത്മാര്ത്ഥതയോടെയല്ലാതെ കെട്ടാറില്ല താനും. അതുകൊണ്ടാണ് കൂട്ടുവേഷം, പാട്ട്, ചെണ്ട, ചുട്ടി, ഉടുത്തുകെട്ട് മുതലായവയില്‍ നിഷ്കര്‍ഷ പുലര്‍ത്തുന്നതും. നേരത്തെ തന്നെ ഒരുങ്ങുന്നതും.
ആസ്വാദകരോട് ഇത്രമാത്രം

നളദമയന്തി : കലാമണ്ഡലം ഗോപിയും മാര്‍ഗി വിജയകുമാറും
കഥകളി രംഗത്തിന്റെ നിലനില്പുതന്നെ ആസ്വാദകരുടെ കയ്യിലാണ്. അവരാണ് ഞാന്‍ അടക്കമുള്ള കഥകളി കലാകാരന്മാരുടെ ശക്തിയും, ഊര്‍ജ്ജവും. ആസ്വാദകരുടെ ആസ്വാദകക്ഷമതയെ വിലയിരുത്താനൊന്നും ഞാന്‍ ആളല്ല…അരങ്ങത്ത് എന്തെങ്കിലും അപാകതയായി പ്രവര്‍ത്തിച്ചു കണ്ടാല്‍ ആസ്വാദകര്‍ അതില്‍ പ്രതികരിക്കണം അത് എന്റേതായാലും, മറ്റു കലാകാരന്മാരുടെതായാലും. അങ്ങനെ പ്രതികരിച്ചു മാറ്റാന്‍ കഴിഞ്ഞാല്‍ മാത്രമേ കഥകളിയ്ക്ക് നിലനില്‍പ്പുള്ളൂ…നല്ലതായാലും, ചീത്തയായാലും അത് തുറന്നു പറയാനുള്ള മനസ്സ് ആസ്വാദകര്‍ കാണിക്കണം. ഇന്നോളം അവര്‍ നല്കി വന്ന എല്ലാ സ്നേഹത്തിനും, പിന്തുണയ്ക്കും മനസ്സുനിറഞ്ഞ നന്ദിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: