കൊടുങ്ങല്ലൂര്‍: കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച കാവില്‍ക്കടവ് ഫഌറ്റ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി കംപ്‌ടോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടത്തിയ ഫഌറ്റ് നിര്‍മ്മാണത്തില്‍ 25 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് സിഎജി റിപ്പോര്‍ട്ട്.
ഐഎച്ച്എസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ കാവില്‍ക്കടവില്‍ 15 ഫഌറ്റുകള്‍ പണിയാനായി ഒരു കുടുംബത്തിന് 1.70 ലക്ഷം രൂപ വീതം 25.50 ലക്ഷം രൂപക്ക് മൂന്നു നിലകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് 6 ഫഌറ്റുകള്‍ക്കുള്ള തുക 12 ലക്ഷം രൂപയാണെന്നിരിക്കെ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എസ്റ്റിമേറ്റ് റിവിഷന് നോഡല്‍ എജന്‍സിയായ കുടുംബശ്രീയില്‍ നിന്നോ, സ്റ്റേറ്റ്‌ലെവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയില്‍ നിന്നോ അംഗീകാരം ലഭിച്ചിട്ടില്ല.
പൂര്‍ത്തിയായ ആറ് ഫഌറ്റുകളില്‍ വൈദ്യുതി, കുടിവെള്ളം, ഫ്‌ളോറിങ്ങ് എന്നി പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല. എന്നാല്‍ മൂന്നു ബില്ലുകളിലായി 37.11 ലക്ഷം രൂപ കോണ്‍ട്രാക്ടര്‍ക്ക് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ മാര്‍ഗരേഖക്ക് വിരുദ്ധമായി 25 ലക്ഷം രൂപ നഗരസഭക്ക് നഷ്ടം വരുത്തിയതായാണ് റിപ്പോര്‍ട്ട്. ഫഌറ്റ് നിര്‍മ്മിക്കുന്നതിനായി ഇവിടെ താമസിച്ചിരുന്ന 12 കുടുംബങ്ങളെ കടിയൊഴിപ്പിച്ചെങ്കിലും പദ്ധതി പൂര്‍ത്തീകരണ തിയ്യതി കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടും ഫഌറ്റുകള്‍ വാസയോഗ്യമാക്കുവാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
നഗരസഭക്ക് നഷ്ടം വരുത്തിയ മുന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ കയ്യില്‍ നിന്ന് തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ഭരണകക്ഷികളായ സിപിഎമ്മും സിപിഐയും നിലപാട് വ്യക്തമാക്കണം.
കുടിയൊഴിപ്പിച്ചവരെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്‌ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍.കെ. മനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















