പത്തനംതിട്ട: ഈവര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നേരത്തെ ആരംഭിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളുടെയും യോഗം ജൂലൈ ആദ്യ വാരത്തില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ആര്. ഗിരിജ പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ ആസൂത്രണം ചെയ്യുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
പലപ്പോഴും തീര്‍ഥാടനം തുടങ്ങുന്നതിന് ഒരുമാസം മുന്‍പ് മാത്രം അവലോകന യോഗങ്ങള്‍ ചേരുന്നതുമൂലം പലകാര്യങ്ങളും ഫലപ്രദമായും സമയബന്ധിതമായും ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് തീര്‍ഥാടന കാലം തുടങ്ങുന്നതിന് അഞ്ചു മാസം മുന്‍പു തന്നെ യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
ജൂലൈ മാസത്തില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തു മുന്നോട്ടു പോകുകയാണെങ്കില്‍ നവംബര്‍ മാസം ആകുമ്പോഴേക്കും ബുദ്ധിമുട്ടില്ലാതെ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള 17 റോഡുകളുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കും. അതോടൊപ്പം വിവിധ അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എക്സ്റേ, ലാബ് പരിശോധന എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഫോറസ്റ്റ്, ഫയര്‍ഫോഴ്സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ നടത്തേണ്ട ജീവന്‍രക്ഷാപ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം നല്‍കും. കരിമലയില്‍ പുതിയ ഓക്സിജന്‍ പാര്‍ലര്‍ സ്ഥാപിക്കും. നിലയ്ക്കലില്‍ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച നാല് ആനകള്‍ എരണ്ടക്കെട്ട് മൂലം ചരിഞ്ഞതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിലെ സ്ഥലം ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതായതിനാല്‍ ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തി വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
തീര്‍ഥാടന കാലത്ത് ശബരിമല മുതല്‍ പമ്പവരെയും തീര്‍ഥാടനവുമായി ബന്ധപ്പെട്ട മറ്റ് ഇടത്താവളങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്ത് ആവശ്യമായ ശുപാര്‍ശകള്‍ നല്‍കും. നീലിമല മുതല്‍ അപ്പാച്ചിമേട് വരെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോയിന്റുകളില്‍ വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ശുചീകരണ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് മുന്‍പു തന്നെ അവര്‍ ശരിയായ രീതിയില്‍ ജോലി ചെയ്യുന്നതിന് മനസുള്ളവരും ആരോഗ്യമുള്ളവരുമാണെ് ഉറപ്പുവരുത്തണം. ഇവരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും. തൊഴിലാളികള്‍ക്ക് വേതനം ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. തീര്‍ഥാടകരെ ബോധവത്കരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നേരത്തെ ആസൂത്രണം ചെയ്തു നടപ്പിലാക്കും.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഇലവുങ്കലില്‍ ചുക്ക് വെള്ള വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വിവിധ ഏജന്‍സികളുമായി ബന്ധപ്പെട്ട് തുണി സഞ്ചികള്‍ വിതരണം ചെയ്യും. പമ്പയില്‍ പുതിയൊരു ഫയര്‍ സ്റ്റേഷന് സ്ഥാപിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കും.
ളാഹ മുതല്‍ പമ്പ വരെയുള്ള റോഡിന്റെ വശങ്ങളില് അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റും. മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതി, വനം വകുപ്പ് നല്‍കിവരുന്ന ഇക്കോ ഗാര്‍ഡ്സിന്റെ സേവനം തുടങ്ങിയവയെല്ലാം കാര്യക്ഷമമായി നടപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: