മേരിലാന്‍ഡ്: യുഎസ് ദേശീയ സ്‌പെല്ലിങ് മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അനന്യയ്‌ക്ക് ഒന്നാം സ്ഥാനം. നാഷണല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ‘മറോകെയ്ന്‍’ എന്നതിന്റെ സ്‌പെല്ലിങ് കൃത്യമായി പറഞ്ഞാണ് കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയിലുള്ള അനന്യ വിനയ് ഒന്നാമതെത്തിയത്. 40,000 യുഎസ് ഡോളറാണ് (ഏകദേശം 25 ലക്ഷത്തോളം രൂപ) സമ്മാനം.
മൂന്നു വര്‍ഷത്തിനുശേഷം ആദ്യമായാണ് ഈ പുരസ്‌കാരം ഒറ്റയ്‌ക്കൊരാള്‍ക്ക് ലഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ പേരാണ് ഇതിന്റെ വിജയികളായിരുന്നത്.
യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആറിനും 15 വയസിനുമിടയിലുള്ള 50 ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 25 ഓളം റൗണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടിയായ റോഹന്‍ രാജീവിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് അനന്യ വിജയിച്ചത്.
തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും അതുകൊണ്ടുതന്നെ ഏറെ സന്തോഷവതിയാണെന്നും സമ്മാനം ഏറ്റുവാങ്ങിയശേഷം അനന്യ അറിയിച്ചു. ഇത് രണ്ടാം തവണയാണ് അനന്യ സ്‌പെല്ലിങ് ബീ മത്സരത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം പങ്കെടുത്തിരുന്നെങ്കിലും അവസാന റൗണ്ടില്‍ പങ്കെടുക്കാനായില്ല.
















