ചവറ: നീണ്ടകരയില്‍ മദ്യവില്‍പ്പനശാല തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതില്‍ പ്രതിഷേധിച്ച് എന്‍.വിജയന്‍പിള്ള എംഎല്‍എയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും സംയുക്തസമരസമിതിയും ചേര്‍ന്ന് ചവറയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം.
നീണ്ടകരയിലും ചവറയിലും കടകള്‍ അടഞ്ഞുകിടന്നു. പ്രവേശനോത്സവം കണക്കിലെടുത്ത് സ്‌കൂളുകളേയും വാഹനങ്ങളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ ചവറയില്‍ നിന്നും ശങ്കരമംഗലത്തേക്ക് പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ തുറന്ന വച്ചിരുന്ന ഹോട്ടല്‍ അടപ്പിക്കാന്‍ ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞു. ജില്ല പഞ്ചായത്ത് അംഗം എസ്. ശോഭ, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കോലത്ത് വേണുഗോപാല്‍, യൂസഫ്കുഞ്ഞ്, സന്തോഷ് തുപ്പാശേരില്‍, ബാബു ജി. പട്ടത്താനം, ബിജെപി നേതാക്കളായ മന്മദന്‍, ശ്രീകുട്ടന്‍, സുബാഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം മാമ്പുഴ ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറി സരോജാക്ഷന്‍പിള്ള എന്നിവര്‍ പ്രകടനത്തിന് നേത്യത്വം നല്‍കി.
അതേസമയം നീണ്ടകരയില്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ വീട്ടിനുള്ളില്‍ കൊടികുത്തിസമരം ചെയ്യിപ്പിച്ചതിനു പിന്നില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ആണെന്ന് എന്‍. വിജയന്‍പിളള എംഎല്‍എ ആരോപിച്ചു. ഇതിനിടെ എംഎല്‍എയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നതിന് ചവറ പോലീസ് കേസ് എടുത്തു. നീണ്ടകര വെളുത്തുരുത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച സംയുക്ത സമരസമതി പ്രവര്‍ത്തകരില്‍ 9 സ്ത്രീകള്‍ അടക്കം കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സംയുക്ത സമരസമിതി പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായ ലാത്തിചാര്‍ജ്ജ് നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എംഎല്‍എ മാപ്പ് പറയാന്‍ തയാറാകണമെന്ന് ബിജെപി ചവറ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
















