ഇരിങ്ങാലക്കുട: പുത്തന്‍തോടിലെ കാടും മാലിന്യങ്ങളും നീക്കി തോടിന് പുനര്‍ജീവനത്തിനുള്ള മാര്‍ഗങ്ങള്‍ തെളിയുന്നു. തോടിന്റെ ശോചനിയവസ്ഥപരിഹരിക്കാന്‍ എം.പി ഫണ്ടില്‍ നിന്നും തോട്ടിലെ കാട് വൃത്തിയാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കും. പൊന്നാനി തൃശ്ശൂര്‍ കോള്‍ വികസന പാക്കേജില്‍ ഉള്‍പെടുത്തി കൂടുതല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാം എന്നും എം പി ഉറപ്പ് നല്‍കി.
വിവിധ പഞ്ചായത്തുകളിലൂടെ പോകുന്ന പുത്തന്‍തോടിന് അഞ്ചു കിലോമീറ്റര്‍ നീളമുണ്ട്. പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ജനം ആശ്രയിക്കുന്നത് ഈ തോടിനെയാണ്. പൊറിത്തിശ്ശേരി, പറപ്പൂക്കര, കാട്ടൂര്‍, എടത്തിരുത്തി മേഖലയിലെ ഏക്കര്‍ കണക്കിന് കൃഷി പുത്തന്‍തോടിനെ ആശ്രയിച്ചാണ് നടത്തുന്നത്.
കനാലിന്റെ അറ്റകുറ്റപണികളുടെ ഉത്തരവാദിത്വം കൃഷിവകുപ്പിനും കെഎല്‍ഡിസിക്കുമാണ്. ആയതിനാല്‍ സി.എന്‍.ജയദേവന്‍ എംപിയുടെ നേതൃത്വത്തില്‍ കെഎല്‍ഡിസി ചെയര്‍മാനെ നേരിട്ട് കാണുവാനും സ്യൂയിസും പാര്‍ശ്വഭിത്തിയും പണിയുന്നതിനായി നിവേദനം സമര്‍പ്പിക്കാനും തിരുമാനിച്ചു. വരും വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തുന്നതിനായി ഇറിഗേഷന്‍ മന്ത്രി മാത്യു ടി തോമസിന് എംഎല്‍എ മുഖേനേ നിവേദനം സമര്‍പ്പിക്കും.
ബിജെപി ഭാരവാഹിയായ കരുവന്നൂര്‍ കണ്ണോളിവീട്ടില്‍ രാജന്‍ മകന്‍ സിബിന്‍രാജ് പ്രധാനമന്ത്രിയ്‌ക്ക് നേരിട്ട് പരാതി ആയച്ചതിന്റെ അടിസ്ഥാനത്തില്‍ 30 ദിവസത്തിനകം പ്രശ്‌നത്തില്‍ നടപടിയുണ്ടാവണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കേരള ഗവര്‍മെന്റിനോട് ആവശ്യപെട്ടിരുന്നു.
ചെവ്വാഴ്‌ച്ച തൃശ്ശൂര്‍ സി.എന്‍. ജയദേവന്‍ എംപിയും, പ്രൊഫ.കെ.യു അരുണന്‍ എംഎല്‍എയും അടങ്ങുന്ന സംഘം പുത്തന്‍തോട് സന്ദര്‍ശിച്ചു.
















