പന്തളം: പന്തളം നഗരസഭയില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ യോഗം പ്രതിഷേധിച്ചു.
നഗരസഭയിലിപ്പോള്‍ ഭരണസ്തംഭനമാണ്. പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുവാനോ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താനോ നടപടികളെടുത്തില്ല. നഗരസഭാ ബസ് സ്റ്റാന്‍ഡിലെ അപകടാവസ്ഥയിലായ കാത്തിരിപ്പു കേന്ദ്രം കെട്ടിയടച്ചെങ്കിലും മഴക്കാലം തുടങ്ങിയിട്ടും താല്‍ക്കാലികമായി പകരം സംവിധാനം ഒരുക്കാന്‍ തയ്യാറായിട്ടില്ല. നഗരസഭയില്‍ താല്‍ക്കാലിക ജീവനക്കാരെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കമവസാനിപ്പിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണം. മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം എല്ലാവര്ക്കും വീട് പദ്ധതി നടപ്പാക്കാനുള്ള കാലതാമസം പരിഹരിക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ലാപ് ടോപ് വിതരണം നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തങ്ങളുടെ വാര്‍ഡുകളില്‍ 2017-18 വര്‍ഷത്തില്‍ നടപ്പാക്കേണ്ട വാര്‍ഡുതല വികസന പദ്ധതികളേക്കുറിച്ച് ബിജെപി ബിജെപി കൗണ്‍സിലര്‍മാര്‍ വിശദീകരിച്ചു. സംയോജിത ഊര്‍ജ്ജ വികസന പദ്ധതിയില്‍പ്പെടുത്തി പന്തളം 33 കെ.വി സബ് സ്റ്റേഷന് പണിയുന്നതിന് 5.11 കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാരിനു യോഗം നന്ദി രേഖപ്പെടുത്തി. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുഭാഷ്കുമാര്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അച്ചന്കുഞ്ഞു ജോണ്‍, ഏരിയാ പ്രസിഡന്റ് മനോജ് കുമാര്‍, ജന. സെക്രട്ടറി അരുണ്‍ കുമാര്‍, കൗണ്‍സിലര്‍മാരായ കെ.വി. പ്രഭ, സുമേഷ് കുമാര്‍, സീന, ശ്രീലേഖ, സുധാ ശശി, ധന്യ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: