തിരുവല്ല: നീര്ചാലായിമാറിയ വരട്ടാറിനെ തിരിച്ച് പിടിക്കാന്‍ നാട്ടാര്‍ക്കൊപ്പം ജനപ്രതിനിധികളുംഎത്തിയതോടെ ആവേശം വാനോളം ഉയര്‍ന്നു. ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പുഴനടത്തം ചരിത്രത്തിലേക്കുള്ള നടത്തമായി. രാവിലെ 7.30 ന് ഇടനാട് കോയിപ്രം അതിര്‍ത്തിയില്‍ വഞ്ചിപ്പോട്ടില്‍ക്കടവില്‍ നിന്ന് ആരംഭിച്ച വിളംബരയാത്ര എട്ടരയോടെ പുതുക്കുളങ്ങര പടനിലത്ത് എത്തി.
തുടര്‍ന്ന് മന്ത്രി മാത്യു ടി തോമസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷം കൊണ്ട് വരട്ടാറിനെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു..പ്രാരംഭമായി സംയുക്ത സര്‍വ്വേ നടത്തി വെള്ളമൊഴുക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും. അടുത്ത വേനലില്‍ ചപ്പാത്തകള് പൊളിച്ച് പാലങ്ങളും ബണ്ടുകളും നിര്‍മ്മിക്കുമെന്നും അദ്ദേഹംപറഞ്ഞു.
തുടര്‍ന്ന് യാത്രാസംഘം വരട്ടാറിന് കുറുകെ കെട്ടിയ റാംപ് കടന്ന് മാരൂത്ര, കണ്ടനാട്ടില്‍ പ്രദേശത്തുകൂടി പരുമുട്ടില്കടവ് പാലത്തിന് കീഴിലുടെ നടന്ന്സംഘം പന്നിവിഴയിലെത്തി. ഇവിടങ്ങളില്‍ വെള്ളം കണ്ടത് മൂന്നിടത്ത് മാത്രം അതാകട്ടെ മണല്‍വാരിയ കുഴികളിലും. രാവിലത്തെ ലഘുഭക്ഷണം കഴിഞ്ഞ ശേഷം തേവര്‍മണ്ണില്‍ ക്കടവില്‍ നിന്ന് കടന്ന് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ പരിധിയിലൂടെ അടിശ്ശേരില്ക്കടവ് കടന്ന് കുന്നത്തുമണ്ണില്ക്കടവിലുള്ള വരട്ടാറിന് കുറുകെയുള്ള രണ്ടാമത്തെ ചപ്പാത്തിലെത്തി.
തുടര്‍ന്ന് നദീതിരം വിട്ട് ജനവാസമേഖലകളിലൂടെ ആനയാര്‍ വഴി നടന്ന് പ്രയാറ്റ് കടവിലെത്തി. പ്രയാറ്റ് കടവില്‍ നിന്ന് റെയില്‍വേ പാലത്തിന് മുകളിലൂടെ കടന്ന് മാമ്പറ്റകടവിലെത്തി. റെയില്‍വേ പാലത്തിന് താഴെ മാത്രമാണ് കുറച്ച് വെള്ളമുള്ളത്. ഇവിടെ നിന്ന് തൃക്കയില്ക്കടവിലേക്കുള്ള യാത്ര തൃക്കയില്ക്കടവില് നിന്ന് കുറ്റുര് പഞ്ചായത്ത് പരിധിയില്‍ നദീതീരത്തുകൂടി നടന്ന് കുറ്റൂര്‍ ആറാട്ട കടവിലെത്തിയപ്പോള്‍ സമയം പന്ത്രണ്ടര. ഒരുമണിയുടെ തലയാര്‍ വഞ്ചിമുട്ടിലെത്തിയ സംഘം വെള്ളം കുടിച്ച് ക്ഷീണമകറ്റി തിരുവന്‍വണ്ടൂര്‍ നന്നാട്ടിലേക്ക് എത്തിച്ചേര്‍ന്നു.
എംഎല്‍എമാരായ വീണ ജോര്‍ജ്ജ്, കെ കെ രാമചന്ദ്രന് നായര്‍, രാജു ഏബ്രഹാം പത്തനംതിട്ട ജില്ലാ കലക്ടര്‍ കെ ഗിരിജ ആലപ്പുഴ ജില്ലാ കലക്ടര്‍ വീണ മാധവന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്മാന് ജോണ്‍ മുളങ്കാട്ടില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശീലത രഘുനാഥ്(കുറ്റൂര്‍), ജലജ രവീന്ദ്രന്(തിരുവന്‍വണ്ടൂര്‍) , ഗീത അനില്‍കുമാര്‍ (ഇരവിപേരൂര്‍) തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: