കുന്നത്തൂര്‍: പുതിയ റേഷന്‍കാര്‍ഡ് കൈയ്യില്‍ കിട്ടിയപ്പോള്‍ പോരുവഴി കാഞ്ഞിരവിളയില്‍ ഹൗസില്‍ ബിജു ശാമുവേല്‍ പകച്ചുപോയി. കാരണം മറ്റൊന്നുമല്ല കര്‍ഷകനായ താന്‍ സര്‍ക്കാര്‍ ജീവനക്കാരനായി മാറിയിരിക്കുന്നു. മാതാവ് തങ്കമ്മ ശാമുവേലിന്റെ പേരിലുള്ള റേഷന്‍ കാര്‍ഡിലാണ് ഈ അബദ്ധം. മാത്രമല്ല മാസങ്ങള്‍ക്കുമുമ്പ് റേഷന്‍ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ പ്രയോറിറ്റി (ബിപിഎല്‍) വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന കാര്‍ഡ് ഇപ്പോള്‍ നോണ്‍പ്രയോറിറ്റി (എപിഎല്‍) വിഭാഗത്തിലേക്കും മാറ്റപ്പെട്ടു. 250 രൂപ മാത്രമാണ് കാര്‍ഡിലെ മാസവരുമാനം. കര്‍ഷകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കിയപ്പോള്‍ കാര്‍ഡ് എപിഎലാക്കി മാറ്റാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചു. മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്ന് ബിജുശാമുവേല്‍ അറിയിച്ചു.
















