ഇടവപ്പാതിപ്പാതിരയാ-
ണിടിയും മഴയും പൊടിപൂരം.
പുരമുറ്റത്തെപ്പുളിമാവിന്മേ-
ലൊരു ഗന്ധര്‍വ്വന്‍ പാടുന്നു.
അറബിക്കടലിന്‍ മുറുകും തന്ത്രിക-
ളാരോമീട്ടുവതോടൊപ്പം
(ഇടശ്ശേരി)
ഇടവപ്പാതിയെന്ന് മലയാളികളും മണ്‍സൂണ്‍ എന്ന് മറ്റുള്ളവരും വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്താന്‍ ഇനി ദിവസങ്ങളേയുള്ളൂ. അലറിപ്പെയ്യുന്ന മഴയാണെങ്കിലും മലയാളി മഴയെ സ്വീകരിക്കുന്നത് മന്ദഹാസത്തോടെയാണ്. ആകാശം കറുത്തിരുണ്ട് മഴയുടെ വരവറിയിക്കുമ്പോഴേ ഓരോ മലയാളിയുടെയും മുഖത്ത് പ്രകാശം വിടരും…
മണ്‍സൂണ്‍ എന്നാല്‍ മഴയല്ല, കാറ്റാണ്. മഴകൊണ്ടുവരുന്ന കാറ്റ്. ലോകത്തെല്ലായിടത്തും മണ്‍സൂണ്‍ ഉണ്ട്. എന്നാല്‍ ഏറ്റവും കൃത്യതയുള്ള മണ്‍സൂണ്‍ മഴ ഇങ്ങ് കേരളത്തിന്റെ തെക്കേയറ്റത്ത് തുടങ്ങി, വടക്ക് ഹിമവാന്റെ മടിത്തട്ട് വരെ നീളുന്നത് മാത്രമാണ്. നമ്മുടെ മാത്രം സ്വന്തം മണ്‍സൂണ്‍.
മണ്‍സൂണ്‍ മഹാദ്ഭുതമാണ്. കാല്‍പനിക ഭാവങ്ങളുടെ മാദകഭംഗി ആവാഹിച്ചെത്തുന്ന മഴ. അതിസുന്ദരമായ പ്രതിഭാസം. മഴ മനസ്സിനെ പ്രണായാര്‍ദ്രമാക്കുന്നു. പ്രതീക്ഷയുടെ പച്ചപ്പ് സൃഷ്ടിക്കുന്നു. മണ്‍സൂണിനായി നമ്മള്‍ ഒരു വേനല്‍ക്കാലം മുഴുവന്‍ കാത്തിരിക്കുന്നു. മഴവരുമ്പോള്‍ ആഹ്ലാദിക്കുന്നു. മഴയെ സ്‌നേഹിക്കുന്നു. മഴയെക്കുറിച്ചു പാടുന്നു, പറയുന്നു… മഴ തിമിര്‍ക്കുമ്പോള്‍ ഇതൊന്നു പോയിരുന്നെങ്കില്‍ എന്നാണ് ആശ. പോയിക്കഴിയുമ്പോള്‍ മഴയ്‌ക്കായി വീണ്ടുമുള്ള കാത്തിരിപ്പ്.
ജൂണ്‍ ഒന്നിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കണക്ക്. പലകാലങ്ങളിലും അതിന് ഏറ്റക്കുറച്ചിലുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ തെക്ക് കിഴക്കുഭാഗത്തുള്ള ആന്‍ഡമാന്‍ ദ്വീപിലൂടെ മണ്‍സൂണ്‍കാറ്റ് കടന്നു പോകുന്നത് മെയ് 20 ഓടെയാണ്. കടലിലൂടെ യാത്ര തുടരുന്ന കാറ്റ് മെയ് 25ന് ശ്രീലങ്കയിലും തുടര്‍ന്ന് ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തുമെത്തും. തിരുവനന്തപുരത്ത് കാലവര്‍ഷമെത്തിയാല്‍ ജൂണ്‍ അഞ്ചിന് ഗോവയില്‍ മഴപെയ്യും. ജൂണ്‍ 10ന് മുംബൈ, 15ന് സൂറത്ത്, ജൂലായ് ഒന്നിന് കച്ച്-സൗരാഷ്‌ട്ര, 15ന് രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന… തിരുവനന്തപുരത്ത് തുടങ്ങുന്ന മഴ വടക്കോട്ട് സഞ്ചരിക്കും.
മണ്‍സൂണ്‍കാറ്റ് അറബിക്കടലിലൂടെ സഞ്ചരിക്കുന്നതിനൊപ്പം ബംഗാള്‍ ഉള്‍ക്കടല്‍ വഴിയും വടക്കോട്ട് നീങ്ങും. കാറ്റിന്റെ രണ്ട് കൈകളാണിത്. ബംഗാള്‍ ഉള്‍ക്കടല്‍ വഴി നീങ്ങുന്ന കാറ്റ് വിശാഖപട്ടണം, ഒറീസ, കൊല്‍ക്കത്ത വഴി അസമില്‍ വരെയെത്തി മഴപെയ്യിക്കും. ഈ രണ്ടു കൈകളും ഒന്നിച്ചു ചേരുന്നത് രാജ്യതലസ്ഥാനമായ ദല്‍ഹിയിലാണ്.
മണ്‍സൂണിന്റെ രണ്ട് കൈവഴികളാണെങ്കിലും രണ്ടിനും രണ്ട് സ്വഭാവമാണ്. അറബിക്കടലിലൂടെ നീങ്ങി കേരളത്തിലുള്‍െപ്പടെ മഴപെയ്യിക്കുന്ന മണ്‍സൂണ്‍ കാറ്റ് പൊതുവെ ശാന്തസ്വഭാവിയാണ്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ നീങ്ങുന്ന കാറ്റ് ഭീകരനാണ്. 250 കിലോമീറ്റര്‍ വരെ വേഗത്തിലാണ് സഞ്ചാരം.
സമയം രാവിലെ 9.30. തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നില്‍ മാധവരായര്‍ പ്രതിമക്കു താഴെ നില്‍ക്കുമ്പോഴായിരുന്നു മഴ വന്നത്. ആദ്യം രണ്ടുതുള്ളികള്‍ കൈയില്‍ വീണു. പിന്നീട് കവിളിലും. പുതുമഴയുടെ മണം. ആകാശത്തേക്ക് നോക്കി. സെക്രട്ടേറിയറ്റിനു മുകളില്‍ ആകാശം കറുത്തിരിക്കുന്നു. മേഘങ്ങള്‍ സെക്രട്ടേറിയറ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിക്കുന്നു. മണ്‍സൂണ്‍ വരവായി. തിരുവനന്തപുരത്തെ ആദ്യ മഴ. മഴ പെയ്തു തുടങ്ങി. ആദ്യം ചെറുതായി….പിന്നീട് വലിയ ഇരമ്പലോടെ.
തിരുവനന്തപുരത്ത് മണ്‍സൂണ്‍ മഴ മണ്ണില്‍ തൊടുമ്പോള്‍ അതിന്റെ മണവും രുചിയും തണുപ്പുമറിഞ്ഞ്, പിന്നീട് മഴയ്‌ക്കു മുന്നേ സഞ്ചരിച്ച്, ഗോവയില്‍ മഴയെത്തും മുന്നേ അവിടെയെത്തി മഴയെ അനുഭവിക്കുക. അങ്ങനെ അനുഭവിച്ച ഒരാളുണ്ട്. കേരളത്തിലെ മഴയുടെ സൗന്ദര്യം ലോകത്തെ അറിയിച്ചു അദ്ദേഹം. അലക്‌സാണ്ടര്‍ ഫ്രേറ്റര്‍. ദക്ഷിണ ശാന്ത സമുദ്രത്തിലെ ഫിജിക്കും ന്യുകലിഡോണിയയ്‌ക്കും ഇടയിലുള്ള ദ്വീപ് സമൂഹമായ ‘വന്വാട്ടു’ എന്ന പ്രദേശത്തു നിന്ന് അദ്ദേഹം നമ്മുടെ മഴയെ അറിയാന്‍ തിരുവനന്തപുരത്തെത്തി. മണ്‍സൂണിനൊപ്പം സഞ്ചരിച്ചു.
”സമയം വൈകുന്നേരം 4.50. നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഴ തുടങ്ങുകയായി. മണ്‍സൂണ്‍!, കാത്തിരുന്ന മഴ. മരങ്ങള്‍ക്കിടയിലൂടെ വളരെ വേഗത്തില്‍ മേഘങ്ങള്‍ പാഞ്ഞു പോകുന്നു. പെട്ടന്നൊരു മിന്നല്‍, കാതടപ്പിക്കുന്ന ഇടിമുഴക്കം. മണ്‍സൂണിന്റെ ആദ്യമഴത്തുള്ളികള്‍ക്ക് അകമ്പടിയായി മിന്നലും. മണ്‍സൂണ്‍ കൊച്ചി നഗരത്തിലേക്ക് കടന്നു വരികയാണ്.
കോഫീ ഷോപ്പിലെ വെയിറ്റര്‍മാര്‍ ആഹ്ലാദം അടക്കാനാകാതെ മഴ എന്നുറക്കെ വിളിച്ച് ജനാലക്കരികിലേക്ക് ഓടി. ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെപ്പോലും ഓര്‍ക്കാതെ മഴയെക്കണ്ട് അവര്‍തുള്ളിച്ചാടി. പുറത്ത് നിരത്തില്‍ മഴ വീഴുന്നത് കണ്ട് ചിലര്‍ ആകാശത്തേക്ക് നോക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവര്‍ക്കും സന്തോഷം. ചിലര്‍പൊട്ടിച്ചിരിച്ചു. മറ്റു ചിലര്‍ മഴവെള്ളത്തെ കൈക്കുമ്പിളിലാക്കി സന്തോഷിച്ചു.
കോഫീ ഷോപ്പിന്റെ അടുക്കളവാതില്‍ തുറന്ന് ഒരാള്‍ ചായയുമായി പ്രത്യക്ഷപ്പെട്ടു. മഴ പെയ്തു തുടങ്ങിയത് അയാള്‍ അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ചായപ്പാത്രം മേശമേല്‍ വച്ച് എല്ലാം മറന്ന് അയാള്‍ ജനാലക്കരികിലേക്ക് ഓടി. കൈനീട്ടി മഴത്തുള്ളികളെ തന്നിലേക്കടിപ്പിച്ചു. കോഫീ ഷോപ്പിന്റെ വാതിലുകള്‍ ജോലിക്കാര്‍ തുറന്നു പിടിച്ചിരിക്കുകയാണ്. ഒരു വലിയ കൂട്ടം ജനങ്ങള്‍ അതിലൂടെ മഴയിലേക്കിറങ്ങി നനഞ്ഞു കുതിര്‍ന്നു. കോട്ടും സ്യൂട്ടുമിട്ട പുരുഷന്മാര്‍, സില്‍ക്ക് സാരിചുറ്റിയ സ്ത്രീകള്‍, സ്‌കൂള്‍ യൂണിഫോം ഇട്ട കുട്ടികള്‍. അവര്‍ മഴയെ സ്വീകരിക്കാനായി കൈകളും മുഖങ്ങളും ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു…..”
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ആകാശത്തിനു കീഴെ മഴപെയ്യുന്നതിന്റെ രസകരമായ വിവരണമാണിത്. എംജി റോഡിലെ ഒരു കോഫീഷോപ്പിലിരുന്ന് അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ എന്ന വലിയ മനുഷ്യന്‍ മഴകണ്ട വിവരണം. വെറും മഴയല്ല, മണ്‍സൂണ്‍ മഴത്തുള്ളികള്‍ കടുത്ത വേനലിന് വിരാമമിട്ട് ജൂണ്‍മാസത്തില്‍ കൊച്ചിയില്‍ പതിച്ചതിന്റെ വിവരണം. മണ്‍സൂണിനൊപ്പം അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ യാത്ര ചെയ്തു. മണ്‍സൂണിനെക്കുറിച്ചും അതൊപ്പം കേരളത്തിലെ പ്രകൃതിയെക്കുറിച്ചും രസകരമായ വിവരങ്ങളടങ്ങിയ പുസ്തകമാണ് ഫ്രേറ്ററുടെ ‘ചേസിംഗ് ദ മണ്‍സൂണ്‍’. ഇന്നുവരെ ഇറങ്ങിയതില്‍ ഏറ്റവും നല്ല മഴപ്പുസ്തകം. ഒരിക്കല്‍ ലണ്ടനിലെ ഒരാശുപത്രിയില്‍ രോഗികള്‍ക്കിടയില്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുമ്പോള്‍ ഫ്രേറ്റര്‍ക്ക് ഒരു സുഹൃത്തിനെക്കിട്ടി. മുബൈ സ്വദേശിയായ റീത്ത. അവരോട് ചങ്ങാത്തം കൂടിയ അദ്ദേഹം ഇന്ത്യയെക്കുറിച്ച് ചോദിച്ചു. റീത്ത പറഞ്ഞ കഥകളില്‍ ഫ്രേറ്ററുടെ മനസ്സില്‍ തങ്ങിനിന്നത് മഴയാണ്.
മഴ ഒരു വികാരമാണ്. സന്തോഷവും ദുഃഖവും എല്ലാം അടങ്ങിയിരിക്കുന്ന വികാരം. എത്രകണ്ടാലും മതിവരാത്ത എന്തോ ഒരു വശീകരണം മഴയ്‌ക്കുണ്ട്. പ്രത്യേകിച്ച് മണ്‍സൂണിന് ആകര്‍ഷകത്വം കൂടും.
കടലിനുമീതെ പെയ്യുന്ന മഴയ്‌ക്ക് എല്ലാവികാരങ്ങളും ശമിപ്പിക്കുന്ന ആത്മീയ ചൈതന്യത്തിന്റെ ഭാവമാണ്. കണ്ണെത്താദൂരത്തോളം കിടക്കുന്ന പാടങ്ങളില്‍ ചാഞ്ഞു പെയ്യുന്ന നേരം മഴ ലജ്ജാവതിയായ പെണ്‍കൊടിയായി മാറുന്നു. കുട്ടനാട്ടിലെ കായല്‍പ്പരപ്പില്‍ ചെറുവൃത്തങ്ങള്‍ വരച്ച് ഒടുവില്‍ തകര്‍ത്തു പെയ്യുമ്പോള്‍ മഴയുടെ രൂപം നോട്ടു പുസ്തകത്തില്‍ കുത്തിവരയ്‌ക്കുന്ന വികൃതിയായ ബാലന്റേതാണ്. തീര്‍ന്നില്ല, അതാ വരുന്നു ഹൈറേഞ്ച് മഴ. തേയിലത്തോട്ടങ്ങള്‍ കടന്ന് മലയിറങ്ങി വരുന്ന മഴയ്‌ക്ക് സഞ്ചാരിയുടെ ഭാവം. ഏറെ യാത്രകള്‍ക്കൊടുവില്‍ ഒരിടത്തിരുന്ന് കഥപറയാന്‍ തുടങ്ങുന്ന സഞ്ചാരിയാകുന്നു മഴ.
നേര്‍ത്ത സ്വര്‍ണ്ണ നൂലുകള്‍ പോലെ മണ്ണിലേക്ക് ഊര്‍ന്നു വീഴുന്ന വേനല്‍മഴ. ആര്‍ത്തലച്ചു പെയ്യുന്ന കര്‍ക്കിടകമഴ. അടച്ചിട്ട ജാലകങ്ങള്‍ക്കപ്പുറത്തു നിന്ന് കാറ്റിന്റെ മര്‍മ്മരമുതിര്‍ക്കുന്ന രാമഴ. വളപ്പൊട്ടുകള്‍പോലെ, വന്നു വീണ് ചിന്നിച്ചിതറുന്ന പുതുമഴ. ഭാവനയുടെ ചിറകു വിടരുമ്പോള്‍ മഴയ്‌ക്ക് എത്രയെത്ര ഭാവങ്ങള്‍…
‘അമ്മേ, വരൂ വരൂ വെക്കം വെളിയിലേ
യ്‌ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!’
ബാലാമണിയമ്മയുടെ പ്രശസ്തമായ ‘മഴവെള്ളത്തില്‍’ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മഴയെ സാഹിത്യത്തില്‍ കൊണ്ടുവരാത്ത ഒറ്റ സാഹിത്യകാരനും ഉണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ ആ സാഹിത്യം ആസ്വാദ്യകരവുമാകില്ല. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ മുതല്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍’ വരെ മഴ കടന്നു വരുന്നു.
മലയാളത്തിന്റെ മഴ സാഹിത്യം സമ്പന്നമാണ്. മഴ വരുന്നത് മേഘത്തില്‍ നിന്നാണല്ലോ. സാഹിത്യത്തില്‍ മേഘത്തെ കൂട്ടുപിടിച്ച എഴുത്തുകാരും നമുക്കുണ്ട്. കാളിദാസന്‍ മേഘത്തെ കൂട്ടുപിടിച്ചാണ് മേഘദൂതം രചിച്ചത്. വിശ്വസാഹിത്യത്തിലെ അമൂല്യകൃതിയില്‍ മേഘത്തെക്കൊണ്ട് കവി ദൂതുചെയ്യിച്ചു.
കവിതയിലും കഥയിലും സിനിമയിലും എല്ലാം മഴയുണ്ട്. കവിതയിലാണ് മഴയെ കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുക. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ കാലം മുതല്‍ക്കേ മഴയെ വര്‍ണ്ണിച്ചിരിക്കുന്നു. ഭാഗവതം ദശമ സ്‌കന്ദത്തിലെ ഋതു വര്‍ണ്ണനം തന്നെ എഴുത്തച്ഛന്റെ ഏറ്റവും നല്ല മഴ വര്‍ണ്ണനകളിലൊന്നാണ്. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി കുചേല സദ്ഗതിയിലും കുമാരനാശാന്‍ പ്രരോദനത്തിലും മഴയെ വിസ്മയത്തോടെ നോക്കിക്കാണുന്നു.
പി. കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും സുഗതകുമാരിയും എല്ലാം മഴയുമായി പ്രണയം കൂടിയവരാണ്. തകഴിയും എംടിയും ടി.പത്മനാഭനും മുതല്‍ പുതു തലമുറയിലെ കഥാകൃത്തുക്കള്‍ വരെ മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു.
‘മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി……’
‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍ അവസാനിക്കുന്നതിങ്ങനെയാണ്.
‘രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ….’
എന്നു സുഗതകുമാരി എഴുതിയിരിക്കുന്നു. മഴ ചിലര്‍ക്ക് പ്രണയവും വികാരവും ആകുമ്പോള്‍ മറ്റു ചിലര്‍ക്കത് പേമഴയാകും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു മഴക്കവിത…
‘പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ
യിടിഞ്ഞു ചാടുന്നു
ഇടയ്‌ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു……’
‘മഴയെ അത്യധികം പ്രണയിച്ച ആളാണ് നന്തനാര്‍. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയില്‍ മുറിയടച്ച്, മഴയുടെ ശബ്ദം കേട്ട് ആത്മഹത്യ ചെയ്ത നന്തനാരുടെ കഥകളിലെല്ലാം മഴയുണ്ട്.
തിരുവാതിര ഞാറ്റുവേലയിലെ തോരാമഴയത്ത് ഭാര്യയോടൊത്ത് കഴിയാന്‍ അന്യനാട്ടില്‍ നിന്നും എത്തുന്ന ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ മഴയില്ല. നിരാശനായി അയാള്‍ തിരികെപ്പോകാനൊരുങ്ങുമ്പോള്‍ തിമിര്‍ത്തുപെയ്യാനുള്ള കരുത്തുമായി മഴ വരുന്നു. പ്രകൃതിക്ക് നന്ദി പറഞ്ഞ അയാള്‍ ഭാര്യയുമായി ശുഭരാത്രി പങ്കിടുമ്പോള്‍ പുറത്ത് മഴയുടെ ഇരമ്പല്‍ ശക്തി പ്രാപിച്ചു വരുന്നു……’ നന്തനാരുടെ പ്രശസ്തമായ കഥ ‘ഒരു വര്‍ഷകാല രാത്രി’ കഥാപ്രേമികളെയും മഴയെപ്രണയിക്കുന്നവരെയും ആനന്ദത്തിലാറാടിക്കും.
തൊണ്ണൂറ്റൊമ്പതിലെ രൂക്ഷമായ വെള്ളപ്പൊക്കമാണ് കേരളം കണ്ട ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും. അതിനെ അടിസ്ഥാനമാക്കി തകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ പ്രശസ്തമാണ്.
‘നാട്ടിലെപ്പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിനൊരാള്‍,വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറികളുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആടുകള്‍,പട്ടി, പൂച്ച, ആട്, കോഴി, മുതലായ വളര്‍ത്തു മൃഗങ്ങളും. എല്ലാം ഐക്യമത്യമായിക്കഴിയുന്നു, ഒരു ശണ്ഠയുമില്ലാതെ….’
വെള്ളപ്പൊക്കത്തില്‍ എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. 1099 കര്‍ക്കടക മാസം ഒന്നിനു തുടങ്ങിയ മഴയെക്കുറിച്ചാണ് കഥ. മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കേരളം വെള്ളത്തിനടിയിലായി. താഴ്ന്ന ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായി മുങ്ങിപ്പോയി. സമുദ്ര നിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളം കയറി. മരിച്ചവര്‍ എത്രയെന്നു കണക്കില്ല.”
”അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാരനിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു. കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ…..’
ടി. പത്മനാഭന്റെ ‘മഴ, ഒടുവിലത്തെ മഴ’ എന്ന കഥയില്‍നിന്നാണിത്.
മഴയുടെ അത്ര സിനിമയിലഭിനയിച്ച ആരും ഉണ്ടാകില്ല. മഴ സിനിമയ്‌ക്ക് ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. മഴയുടെ കാല്പനിക ഭംഗി നാം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സിനിമയിലാണ്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന ഒറ്റ സിനിമ മതി മഴയും പ്രണയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍.
‘കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്പരം നഗ്‌നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ…’
തൂവാനത്തുമ്പികള്‍ക്ക് ആധാരമായ ‘ഉദകപ്പോള’ എന്ന നോവലില്‍ പത്മരാജന്‍ ഇങ്ങനെ എഴുതി വെയ്‌ക്കുമ്പോള്‍ സിനിമ മഴകൊണ്ടു നിറയുകയായിരുന്നു.
മഴ ഒരു കഥാപാത്രത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ വേറെയുമുണ്ട്. ഷാജി. എന്‍. കരുണിന്റെ ‘പിറവി’ യില്‍ മഴ കഥാപാത്രമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മഴ’ എന്നൊരു സിനിമയുമുണ്ട്. കമലിന്റെ ‘പെരുമഴക്കാലം’ എന്ന സിനിമയില്‍ മഴദുഃഖവും ഒപ്പം സന്തോഷവുമാണ്. മഴ അഭിനയിക്കാത്ത സിനിമകള്‍ അന്വേഷിക്കുന്നതാകും എളുപ്പം. സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മഴതന്നെ.
മലയാളത്തിലെ മഴകാണാന്‍ നിരവധി സഞ്ചാരികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ മഴകാണാനെത്തിയ അറബി സഞ്ചാരികള്‍ മുതല്‍ 1987 ല്‍ വന്ന അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ വരെ. എന്നാല്‍ വന്ന സഞ്ചാരികളാരും ഫ്രേറ്ററെപ്പോലെ ഗുണം ചെയ്തില്ല. ഫ്രേറ്റര്‍ മഴയെ അറിയുകയും അറിയിക്കുകയുമായിരുന്നു. ലോകത്തിന് കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു, ഇവിടെ, ഈ കൊച്ചു കേരളത്തില്‍ ഇങ്ങനെയൊരു മഴ ഉണ്ടെന്ന്.
ഒടുവില്‍ മഴയുടെ കുഞ്ഞുണ്ണി വരികളിതാ..
‘കാറ്റിന്റെ കൂട്ടില്ലാതെയിടിയില്ലാതെ തനി
ച്ചങ്ങനെ പെയ്തീടണം താമര നൂലുപോലെ
തൂവെള്ളിക്കമ്പിപോലെ
തുമ്പിക്കൈവണ്ണം പോലെ
ഒടുക്കം കുടം കൊണ്ടു ചൊരിയുന്നതുപോലെ
എന്തൊരു രസമതുകാണുവാ,
നതിന്‍ ഗാനം കേള്‍ക്കുവാന്‍!
മേടച്ചൂടിലതിനു കൊതിച്ചൂ ഞാന്‍
മഴ, വന്നപ്പോഴാകട്ടെ,പൈങ്കിളിപ്പെണ്‍ നോവലിന്‍
മാറത്തു കേറിക്കണ്ണുമടച്ചു കിടന്നൂ ഞാ…..’
പ്രതികരിക്കാൻ ഇവിടെ എഴുതുക