ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ മേധാവി അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി ഒക്ടോബര്‍ 6ന് അവസാനിക്കും. പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചു.
പൊതുമേഖലാ ബാങ്കുകളില്‍ ഉണ്ടാകുന്ന ഉയര്‍ന്ന തസ്തികകളിലെ ഒഴിവുകള്‍ സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസും ബാങ്കുകളുടെ ബോര്‍ഡ് ബ്യൂറോയും തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇത്തരം തസ്തികളില്‍ ഈ വര്‍ഷം തന്നെ നിയമനം നടത്തുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
നാല് വര്‍ഷത്തെ തന്റെ കാലാവധി പൂര്‍ത്തിയാക്കിയാണ് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ ഒക്റ്റോബര്‍ 6ന് പടിയിറങ്ങുന്നത്. ചെയര്‍മാനെ കൂടാതെ വിവിധ വകുപ്പുകളെ നോക്കുന്ന നാല് മാനേജിംഗ് ഡയറക്റ്റര്‍മാരും എസ്ബിഐക്കുണ്ട്.
അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും അടുത്തിടെയാണ് എസ്ബിഐയില്‍ ലയിച്ചത്. ഇതേതുടര്‍ന്ന് എസ്ബിഐ ആസ്തികളുടെ കാര്യത്തില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐ ഇടംനേടി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്റ് ജയ്പൂര്‍ (എസ്ബിബിജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (എസ്ബിഎച്ച്), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (എസ്ബിഎം), സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല (എസ്ബിപി), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) എന്നിവയാണ് ഭാരതീയ മഹിളാ ബാങ്കി (ബിഎംബി) നൊപ്പം ഏപ്രില്‍ 1ന് എസ്ബിഐയില്‍ ലയിച്ചത്. ഏകീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: