കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെ മേഖലാഓഫീസുകളുടെ ഭരണപരമായ പുനഃസംഘടനയെ സംബന്ധിച്ച് മാധ്യമങ്ങളിലും മറ്റും വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി കര്‍ഷകരെ അറിയിക്കുന്നതിനും ഇതുസംബന്ധമായ ആശങ്കകള്‍ ദൂരീകരിക്കുന്നതിനുമായി റബ്ബര്‍ബോര്‍ഡ് കര്‍ഷകപ്രതിനിധികളുടെ യോഗം നടത്തി.
ഭരണപരമായ ചെലവുകള്‍ കുറയ്ക്കുകവഴി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഓഫീസുകളുടെ ലയനം ഉള്‍പ്പെടെയുള്ള നടപടികളെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. കര്‍ഷകര്‍ക്കു നല്‍കിവരുന്ന സേവനത്തെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിലാണ് ഇത്തരം നടപടികള്‍ ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍, നൂതനസാങ്കേതികവിദ്യകളുടെ ഉപയോഗം, ഭരണതലത്തിലുള്ള പുനര്‍വിന്യാസം എന്നിവയിലൂടെയുള്ള സേവനങ്ങള്‍ കൃത്യമായും വേഗത്തിലും എത്തിക്കുന്നതിനു കഴിയും. ഇത്തരം നടപടികള്‍ ബോര്‍ഡിന്റെ ഭരണപരമായ ചെലവുകള്‍ കുറയ്ക്കുന്നതിനും പുനഃക്രമീകരണത്തിലൂടെ ലഭിക്കുന്ന മനുഷ്യവിഭവശേഷിയെ ഫീല്‍ഡില്‍ വിനിയോഗിക്കുന്നതിനും സഹായകമാകും
റബ്ബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസ് കോട്ടയത്ത് നിന്ന് മാറ്റുന്നുവെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇത് സംബന്ധമായ ഒരു ആലോചനയും റബ്ബര്ബോര്ഡിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പരിഗണനയിലില്ല. ഫീല്‍ഡ് ഓഫീസുകളൊന്നും പൂട്ടുന്നില്ല. പകരം അവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഫീല്‍ഡ് ഓഫീസുകളുടെ വാടക ചിലയിടങ്ങളില്‍ റബ്ബറുത്പാദകസംഘങ്ങള്‍ വഹിക്കുന്നത് ഇനിമുതല്‍ ബോര്‍ഡ് നല്‍കുന്നതാണെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.
റബ്ബര്‍ബോര്‍ഡിന്റെ ചില റീജണല്‍ ഓഫീസുകള്‍ മറ്റു ചില റീജണല്‍ ഓഫീസുകളുമായി യോജിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് കര്‍ഷകരെ ഒരുതരത്തിലും ബാധിക്കുന്നതല്ല. ഇന്ന് എല്ലാവിധ സാമ്പത്തികസഹായങ്ങളും ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറായാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് റീജണല്‍ ഓഫീസുകള്‍ കുറയ്ക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്. ഭരണപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് റീജണല്‍ ഓഫീസുകളുടെ മാറ്റം കൊണ്ട് വ്യത്യാസം ഉണ്ടാകുക. കര്‍ഷകര്‍ നേരിട്ടു ബന്ധപ്പെടേണ്ട ഫീല്‍ഡ് സ്റ്റേഷനുകള്‍ക്കൊന്നും മാറ്റമുണ്ടാകില്ല.
മേഖലാ ഓഫീസുകളുടെ ലയനം കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന റബ്ബര്‍ ഉത്തേജകപാക്കേജിനെ ബാധിക്കുകയില്ല. ആനുകൂല്യം ലഭിക്കാനായി ബില്‍ അപ്ലോഡ് ചെയ്യുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് അതത് സ്ഥലത്തെ ഫീല്‍ഡ് സ്റ്റേഷനുകളുമായോ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഡെവലപ്മെന്റ് ഓഫീസുകളുമായോ ബന്ധപ്പെട്ടാല്‍ മതിയാകും. റബ്ബര്‍ബോര്‍ഡിലെ പുനഃസംഘടനാ പ്രക്രിയകള്‍ 2015-ല്‍ ആരംഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍എഫ്ആര്‍പിഎസ്, ഐആര്ജിഎ, എപികെ എന്നിവയുടെ പ്രതിനിധികള്‍, ഉത്പാദകസംഘം ഭാരവാഹികള്‍, കര്‍ഷകസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: