കൊച്ചി: ശാസ്ത്രീയമാലിന്യ സംസ്കരണ പദ്ധതികളുമായി ക്ലീന്‍ കേരള കമ്പനി മുഴുവന്‍ പഞ്ചായത്തുകളിലേക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണിത്. നേരത്തെ നഗരസഭാ കേന്ദ്രീകൃതമായിരുന്നു ക്ലീന്‍ കേരള കമ്പനിയുടെ പ്രവര്‍ത്തനം. ഇത് മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ അനുമതി നല്കി.
ബ്ലോക്ക് പഞ്ചായത്തുകള്‍, വലിയ ഗ്രാമപഞ്ചായത്തുകള്‍, നഗരസ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഒാരോ പ്ലാസ്റ്റിക് മെഷീനെങ്കിലും സ്ഥാപിക്കും. വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ചെറുകഷണങ്ങളാക്കിയശേഷം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ക്ലീന്‍ കേരള കമ്പനി ഇവ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണവകുപ്പ് എന്‍ജിനിയറിങ് വിഭാഗത്തിന് നല്‍കണം. പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ക്ലീന്‍ കേരള കമ്പനി. ഇതുവരെ പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റ് സ്ഥാപിക്കാന്‍ 245 പദ്ധതികള്‍ ലഭിച്ചു. ഇതില്‍ 93 എണ്ണത്തിന് അംഗീകാരം നല്കി. ഏഴിടത്ത് പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് തുടങ്ങി. ഇവിടെനിന്നുള്ള സംസ്കരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡുകളുടെ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലെയും പ്ലാസ്റ്റിക് സംസ്ക്കരിക്കുന്നതോടെ ടാര്‍ ക്ഷാമത്തെ തുടര്‍ന്നുണ്ടായിട്ടുള്ള റോഡ് നിര്‍മ്മാണ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: