തൃശൂര്‍: ഹോട്ടലുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച 24 മണിക്കൂര്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടുമെന്നുള്ള ഒരുവിഭാഗം ഹോട്ടല്‍ ഉടമകളുടെ സമരാഹ്വാനം അനാവശ്യവും ജനദ്രോഹവുമാണെന്ന് കേരള ഹോട്ടല്‍ ഭക്ഷണ ഉപഭോക്തൃ സംഘടന.
വന്‍കിട ഹോട്ടലുകളെ മാത്രം ബാധിക്കുന്ന ജിഎസ്ടിയുടെ പേരില്‍ കേരളത്തിലെ സാധാരണക്കാരന്റെ ഹോട്ടലുകളെ കരുവാക്കി സമരം നടത്തുന്നത് ശരിയല്ല.
മുന്തിയ ഹോട്ടലുകള്‍ക്കും ശീതീകരിച്ച ഹോട്ടലുകള്‍ക്കും പണ്ടുമുതലേ തന്നെ ആറരശതമാനം സര്‍വീസ് ടാക്‌സ് ഉണ്ട്. ഇതൊഴിവാക്കപ്പെടുകയും വെറും അഞ്ചുശതമാനം മാത്രമാണ് ജിഎസ്ടി ഏര്‍പ്പെടുത്തുകയുമാണ് ഉണ്ടായിട്ടുള്ളത്.
കേരളത്തില്‍ നാലരലക്ഷത്തോളം ഹോട്ടല്‍ ഭക്ഷണ വില്പനശാലകള്‍ ഉള്ളതില്‍ മൂന്നരലക്ഷവും 12 ലക്ഷത്തില്‍ താഴെ മാത്രം വാര്‍ഷിക വിറ്റുവരവുള്ളതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
20 ലക്ഷംവരെ വിറ്റുവരവുള്ള ഹോട്ടലുകളെ പൂര്‍ണമായും ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
ജിഎസ്ടി നടപ്പാക്കുന്നതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുറയും എന്നതാണ് വാസ്തവം.
അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഹോട്ടല്‍ ഭക്ഷണത്തിനും വിലകുറയ്‌ക്കേണ്ടതായി വരും. അതൊഴിവാക്കാനുള്ള ഒരു മുന്‍കൂര്‍ ജാമ്യം മാത്രമാണ് ഹോട്ടല്‍ സമരം.
സംഘടന പ്രതിനിധികളായ കെ.രാധാകൃഷ്ണന്‍, പി.കെ.ഡേവീസ്, സി.എസ്.ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
















